അങ്കണവാടികളെ സ്മാര്‍ട്ട് ആക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍: മന്ത്രി കെ കെ ശൈലജ

2 / 100 SEO Score


സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ പോലെ സ്മാര്‍ട്ട് അങ്കണവാടികള്‍ ഒരുക്കാനുള്ളതയ്യാറെടുപ്പിലാണ് സര്‍ക്കാരെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെകീഴിലുള്ള കതിരൂര്‍,മൊകേരി, പന്ന്യന്നൂര്‍ എന്നീ പഞ്ചായത്തുകളിലെ പണി പൂര്‍ത്തീകരിച്ച അങ്കണവാടി കെട്ടിടങ്ങളുടെ ഉദ്ഘാടനവും പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനവും ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അങ്കണവാടികളെ സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ വലിയ പങ്കുവഹിക്കുന്നവയാണ് അങ്കണവാടികള്‍. അവയെ സ്മാര്‍ട്ട് ആക്കി മാറ്റാന്‍ പൊതുജനങ്ങളുടെ സഹായം കൂടി ലഭ്യമാകണം. പലയിടങ്ങളിലും അങ്കണവാടികള്‍ക്ക് സ്ഥലം ലഭ്യമാകുന്നില്ല എന്നുള്ളതാണ് ആകെയുള്ള പരിമിതി. കുട്ടികള്‍ക്ക് കളിക്കാനും ഭക്ഷണം കഴിക്കാനുമുള്ള പ്രത്യേകം സ്ഥലവും വിനോദത്തിലൂടെ പഠിക്കാനുള്ള അവസരവുമാണ് സ്മാര്‍ട്ട് അങ്കണവാടിയില്‍ ഒരുക്കുകയെന്നും മന്ത്രി പറഞ്ഞു.
പഠനത്തിനാവശ്യമായ മറ്റ് സൗകര്യങ്ങളും അങ്കണവാടികളില്‍ ഒരുക്കാനുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ അങ്കണവാടികളെ മോഡല്‍ അങ്കണവാടികളാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മോഡല്‍ അങ്കണവാടിക്ക്വേണ്ടി കതിരൂരിലെ രവീന്ദ്രന്‍ മുരിക്കോളി നല്‍കിയ 10 സെന്റ് സ്ഥലം കൈമാറുന്ന ചടങ്ങും ഇതോടൊപ്പം നടന്നു.
പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ അനൂപ് അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി ടി റംല, പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ ശൈലജ, കെ ഷീബ, ടി വിമല, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി ആര്‍ സുശീല, പാനൂര്‍ ബ്ലോക്ക് സ്ഥിരം സമിതി അംഗങ്ങളായ കെ പി ഷമീമ, കെ കെ രാജീവന്‍, കെ സുഗീഷ്, തൊഴിലുറപ്പ് പദ്ധതി എ ഇ ഹഷീല്‍ ഹരീന്ദ്രന്‍, ബിഡിഒ ടി വി സുഭാഷ്, പാനൂര്‍ ബ്ലോക്ക് സിഡിപിഒ കെ എം ഉമ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: