കൊവിഡ് വ്യാപനം; ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ മന്ത്രിമാരുടെ അഭ്യര്‍ത്ഥന

2 / 100


കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നത് രോഗവ്യാപനത്തിന് സാഹചര്യമൊരുക്കുമെന്നതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രിമാരായ ഇ പി ജയരാജന്റെയും രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെയും സാന്നിദ്ധ്യത്തില്‍ നടന്ന കൊവിഡ് അവലോകന യോഗം അഭ്യര്‍ത്ഥിച്ചു.
അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചതോടെ രാജ്യമാകെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. എന്നാല്‍ കൊവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കപ്പെടേണ്ടതുണ്ട്. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങളില്‍ പലരും ഉദാസീന സമീപനം കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതു പോലെ കല്ല്യാണം, അടിയന്തിരം, മറ്റ് പൊതുപരിപാടികള്‍ എന്നിവിടങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കപ്പെടുന്നുണ്ട്. ഇത്തരം വീഴ്ചകള്‍ രോഗവ്യാപനത്തിന്റെ സാധ്യത വര്‍ദ്ധിക്കുമെന്ന് എല്ലാവരും തിരിച്ചറിയണം.
കൂടാതെ കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കര്‍ശനമായ നിയന്ത്രണ സംവിധാനം ഉണ്ടാവണം. സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ ഉറപ്പാക്കണം.
കണ്ണൂര്‍ ജില്ലയില്‍ സമീപ ദിവസങ്ങളിലായി രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടാകുന്നുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളിലും ഈ സാഹചര്യം തുടരുമെന്നാണ് കരുതുന്നത്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനം ഇല്ലാതാക്കുന്നതിനായി ജനങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത തുടരണം. ബന്ധപ്പെട്ട വകുപ്പുകളും കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ആശുപത്രികളില്‍ കൊവിഡ് ഇതര ചികിത്സയ്ക്ക് എത്തുന്നവര്‍ക്കായി കുറ്റമറ്റ രീതിയിലുള്ള ക്രമീകരണങ്ങള്‍ ആശുപത്രി അധികൃതര്‍ ഒരുക്കണം. ടെലി മെഡിസിന്‍ സംവിധാനം പ്രോത്സാഹിപ്പിക്കണമെന്നും യോഗത്തില്‍ മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ പോലീസ് മേധാവി ജി എച്ച് യതീഷ് ചന്ദ്ര, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ നാരായണ നായിക് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: