മണ്ണിടിച്ചലിന് കാരണം
അശാസ്ത്രീയ നിര്‍മിതി

തളിപ്പറമ്പ് :ഇരിട്ടി സംസ്ഥാന പാതയില്‍ കരിമ്പത്ത് മണ്ണിടിയുന്നതിന് കാരണം അശാസ്ത്രീയ നിര്‍മ്മിതിയെന്ന് ആക്ഷേപം. റോഡ് നവീകരണത്തിന് മണ്ണ് നീക്കം ചെയ്തതിലെ അശാസ്ത്രീയത പരിഹരിച്ച് മണ്ണിടിച്ചല്‍ ഭീഷണി തടയണമെന്ന ആവശ്യം ശക്തമായി.

റോഡ് വികസനത്തിന്റെ ഭാഗമായി സംസ്ഥാന പാതയില്‍ അഞ്ഞൂറ് മീറ്ററോളം ഭാഗത്താണ് വലിയ രീതിയില്‍ കരിമ്പം ഫാമിന്റെ സ്ഥലം ഇടിച്ചു നീക്കിയത്. ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാത്തതാണ് ഈ ഭാഗത്ത് മണ്ണിടിച്ചലിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മണ്ണിന്റെ സ്വഭാവവും കനത്ത മഴയും കണക്കിലെടുത്ത് 30 ഡിഗ്രി ചരിവ് ആവശ്യമായ സ്ഥാനത്ത് എകദേശം 80 ഡിഗ്രി ചരിവ് വച്ചാണ് മണ്ണ് നീക്കിയത്. മാത്രവുമല്ല. താഴെ ഭാഗം മണ്ണ് ഒഴുകിപ്പോകുന്നതിന് സുരക്ഷണഭിത്തി കെട്ടിയിട്ടുമില്ല. ഇപ്പോള്‍ മണ്ണ് ഇടിഞ്ഞ ഭാഗത്തോട് ചേര്‍ന്ന് വലിയ രീതിയില്‍ അപകട ഭീഷണി നിലനില്‍ക്കുന്നതായാണ് നാട്ടുകാരുടെ ആശങ്ക. ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ഭീഷണിയായി തീരുന്ന സാഹചര്യം ഒഴിവാക്കാന്‍ ബന്ധപ്പെട്ടവരുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.