മദ്യശാലകൾ അധികരിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കലക്ടറേറ്റ് ധർണ്ണ നടത്തി


കണ്ണൂർ : മദ്യശാലകൾ ആറിരട്ടി വർധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തിൽ കലക്ട്രേറ്റിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.     ധർണ പ്രമുഖ പരിസ്ഥിതി – സാമൂഹ്യ പ്രവർത്തകൻ ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.’ കോടതി പരാമർശത്തെ മറയാക്കി മദ്യശാലകളുടെ എണ്ണം ആറിരട്ടിയാക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണം. ലഹരി വർജനമെന്ന് പറഞ്ഞ് സർക്കാർ ജനങ്ങളെ പറ്റിക്കുകയാണ്. കോവിഡ് മഹാമാരിയെപ്പോലും വകവെക്കാത്ത സർക്കാറിന്റെ മദ്യാസക്തി ഇല്ലാതാക്കാൻ ജനങ്ങൾ പ്രക്ഷോഭരംഗത്തണിനിരക്കണം’ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഡോ.ഡി.സുരേന്ദ്രനാഥ് അഭിപ്രായപ്പെട്ടു. മദ്യ വിരുദ്ധ ജനകീയമുന്നണി ജില്ലാ വൈസ് ചെയർമാൻ അഷ്റഫ് മമ്പറം അധ്യക്ഷത വഹിച്ചു.      വിവിധ അംഗ കക്ഷി  നേതാക്കളായ സി പി മുസ്തഫ(ജമാഅത്തെ ഇസ്ലാമി), അബ്ദുൾ ജബ്ബാർ(കെ.എൻ.എം മർക്കസുദ്ദവ), കാദർ മുണ്ടേരി ( ലഹരി നിർമ്മാർജന സമിതി, മേരി എബ്രഹാം (അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന), ടി.ചന്ദ്രൻ (മദ്യനിരോധന സമിതി), പള്ളിപ്രം പ്രസന്നൻ, ഫസൽ പുറത്തീൽ, സൗമി ഇസബെൽ, രശ്മി രവി (മദ്യ വിരുദ്ധ ജനകീയ സമരസമിതി) തുടങ്ങിയവർ പ്രസംഗിച്ചു.മുന്നണി ജില്ലാ ചെയർമാൻ ബഷീർ കളത്തിൽ സ്വാഗതവും കൺവീനർ അഡ്വ.പി.സി വിവേക് നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: