മാക്കൂട്ടം അതിർത്തി വഴി കുടകിലേക്ക് പ്രവേശിക്കാൻ മണിക്കൂറുകളുടെ കാത്തിരിപ്പ് 

  ഇരിട്ടി: കേരളവുമായി അതിർത്തി പങ്കിടുന്ന  കുടക് ഉൾപ്പെടെയുള്ള ജില്ലകളിൽ കർണ്ണാടക സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രങ്ങൾ യാത്രക്കാർക്ക് തീരാ ദുരിതമായി മാറുകയാണ്. ശനി , ഞായർ ദിവസത്തെ അപ്രതീക്ഷിത ലോക്ക് ഡൗണിന് പിന്നാലെ ഇന്നലെ  അതിർത്തിയിൽ ഏർപ്പെടുത്തിയ കടുത്ത പരിശോധന  കാരണം  പത്ത് മണിക്കൂറിലധികം യാത്രക്കാർക്കും  ചരക്ക് വാഹനങ്ങൾക്കും ചുരം പാതയിൽ കാത്തു കിടക്കേണ്ടി വന്നു. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കുള്ള നിരോധനം തുടരവെ  72 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡില്ലാ ആർ.ടി.പി.സി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റുള്ളവർക്കും മണിക്കൂറുകൾ ചെക്ക് പോസ്റ്റ് അധികൃതരുടെ കനിവ് കാത്ത് കഴിയേണ്ടി വന്നു. ഇന്നലെ പുലച്ചെ നാലുമണിക്ക് എത്തിയവർക്ക് പോലും മാക്കൂട്ടത്തെ പരിശോധന കഴിഞ്ഞ്  അതിർത്തി കടക്കുമ്പോൾ ഉച്ചക്ക് പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു.ചെക്ക് പോസ്റ്റിൽ കർണ്ണാടക ആരോഗ്യ വകുപ്പിന്റെ പരിശോധന ഇഴഞ്ഞു നീങ്ങിയതോടെ മാക്കൂട്ടം ചെക്ക് പോസ്റ്റിൽ നിന്നും കൂട്ടുപുഴ പാലവും കഴിഞ്ഞ് കച്ചേരിക്കടവ് പാലത്തിനപ്പുറം നീണ്ടു വാഹനങ്ങളുടെ നിര. വീരാജ് പേട്ട  ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളുടെ എണ്ണവും കൂടിയതോടെ റോഡിന് ഇരുവശങ്ങളിലും തലങ്ങും വിലങ്ങും വാഹനങ്ങൾ നിന്നതോടെ കൂട്ടുപുഴ പാലത്തിന് സമീപം കൂടി പേരട്ട, മട്ടിണി, കോളിത്തട്ട് ഭാഗങ്ങളിലേക്ക് പോകേണ്ടവരും ദുരിതത്തിലായി. നാട്ടുകാരും പോലീസും ഇടപ്പെട്ട് വാഹനങ്ങൾ ഒരു വശത്ത് മാത്രം പാർക്ക് ചെയ്യാവുന്ന നിലയിലാക്കി. ആർ.ടി.പി.സി ആർ സർട്ടിഫിക്കറ്റുമായി സ്ത്രീകളും കുട്ടികളുമായി എത്തിയ യാത്രക്കാരാണ് ഏറെ കഷ്ടത്തിലായത്. പ്രഭാത ഭക്ഷണോ വെള്ളമോ കിട്ടാതെ ഏറെ പേരും വലഞ്ഞു. പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി പെൺകുട്ടികളും സ്്ത്രീകളും അനുഭവിച്ച  പ്രയാസം ഏറെയായിരുന്നു. സമീപത്തൊന്നും വീടുകളോ മറ്റ് സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. യാത്രക്കാരിൽ ഭൂരിഭാഗവും കുടക് ഭരണ കൂടം ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ അറിയാതെ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുമായി ശനിയാഴ്ച്ച മാക്കൂട്ടം ചെക്ക് പോസ്റ്റിൽ എത്തി മടങ്ങി പോകേണ്ടി വന്നവരായിരുന്നു. ഇവരിൽ പലരുടേയും ടെസ്റ്റ് കലാവധി കഴിഞ്ഞതിനാൽ വീണ്ടും ടെസ്റ്റ് നടത്തിയാണ് എത്തിയത്. വിവിധ പരീക്ഷയ്ക്ക് പോകേണ്ടവരും ബംഗളുരു വിമാനത്തവളത്തിൽ നിന്നും 24 മണിക്കൂറിനുള്ളിൽ വിദേശത്ത് പോകേണ്ടവരും എല്ലാം ഇതിൽ ഉണ്ടായിരുന്നു. പരിശോധന വൈകുന്നതിയാത്രക്കാർ പ്രതിഷേധിച്ചെങ്കിലും ഒരു ഫലവും ഉണ്ടായില്ല. ചെക്ക് പോസ്റ്റിൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കായി നിയോഗിച്ച ജീവനക്കാരുടെ എണ്ണം കുറച്ചതാണ് യാത്രക്കാർക്ക് തിരിച്ചടിയായത്. നേരത്തെ ആരോഗ്യ വകുപ്പിൽ നിന്നും രണ്ട് ഹെൽത്ത് ഇൻസ്‌പെകടർമാരും രണ്ട് റവന്യു അധികൃതരും ഉണ്ടായിരുന്നു. പരിശോധന കടുപ്പിച്ചതോടെ ആർ.ടി.പി.സി .ആർ സർട്ടിഫിക്കറ്റ് പരിശോധിക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരുടെ എണ്ണം ഒന്നായി കുറച്ചു. സർട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പാക്കിയ ശേഷം യാത്രക്കാരന്റെ ആധാർ കാർഡും യപേരും വാഹന നമ്പറുമെല്ലാം റജിസ്റ്ററിൽ രേഖപ്പെടുത്തുന്നതും ഒരു ജീവനക്കാരൻ തന്നെയാണ്. ഒരാളുടെ പരിശോധനയ്ക്ക് അഞ്ചുമിനിട്ടിലധികം കാലതാമസം ഇതുമൂലം ഉണ്ടായി. ഇതാണ് പുർച്ചെ എത്തിയവർക്കും പത്ത് മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: