ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ കോടതി റിമാന്റ് ചെയ്തു; നടപടി കൃത്യ നിർവഹണം തടസ്സപ്പെടുത്തിയ കേസിൽ

ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ റിമാന്റ് ചെയ്തു. ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിന് പിഡിപിപി ആക്ട് പ്രകാരം എടുത്ത കേസിലാണ് കോടതി നടപടി. 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്.

യുട്യൂബ് വ്ലോഗര്‍മാരായ ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനം കണ്ണൂര്‍ ആർ ടിഒ കസ്റ്റഡിയില്‍ എടുത്തത് വാഹന മോഡിഫിക്കേഷനുകളേ തുടര്‍ന്ന്. നിയമങ്ങള്‍ അനുസരിക്കാതെ വാഹനത്തിന് രൂപമാറ്റം വരുത്തിയതും നികുതി അടയ്ക്കുന്നതിലെ വീഴ്ചയുമാണ് വാഹനം കസ്റ്റഡിയിലെടുക്കാന്‍ കാരണമായത്. വാഹനത്തില്‍ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാര്‍ജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും യുട്യൂബ് വ്ലോഗര്‍മാര്‍ അടയ്ക്കണമെന്നാണ് ആര്‍ ടി വ്യക്തമാക്കുന്നത്.

എന്നാല്‍ ഇന്നുണ്ടായ സംഭവവികാസങ്ങള്‍ കൂടുതല്‍ ഗുരുതരമായ പ്രശ്നങ്ങളിലേക്കാണ് വാന്‍ ലൈഫ് എന്ന യുട്യൂബ് ചാനലിലൂടെ പ്രസിദ്ധരായ സഹോദരങ്ങളായ എബിനെയും ലിബിനെയും എത്തിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ഓഫീസില്‍ അനധികൃതമായി പ്രവേശിച്ച് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടം സൃഷ്ടിച്ചതുമെല്ലാം ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് തലവേദനയാവും. കഴിഞ്ഞ ദിവസം ഇവരുടെ വാൻ കണ്ണൂ‍ർ ആർടിഒ ഉദ്യോഗസ്ഥ‍ർ കസ്റ്റഡിയിലെടുത്തിരുന്നു. ഇതുമായി തുടർ നടപടികൾക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസിൽ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഓഫീസിലെത്തിയ യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ വൈകാരിക ലൈവ് വീഡിയോ ചെയ്തതതോടെ ഇവരുടെ ആരാധകരായ നിരവധിപ്പേര്‍ ഓഫീസിലേക്ക് എത്തുകയായിരുന്നു

ഇതോടെ സംഭവം പൊലീസിന് റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനും സാധിക്കാത്ത നിലയിലാണ് സംഭവവികാസങ്ങള്‍. മോട്ടോര്‍ വാഹന വകുപ്പിനെതിരെ സമൂഹമാധ്യമങ്ങളില്‍ സംഭവത്തിന് പിന്നാലെ വന്ന പല പ്രതികരണങ്ങളും നിയമത്തെ വെല്ലുവിളിക്കുന്ന രീതിയിലുള്ളതാണ്. നിരത്തുകളിലെത്തുന്ന മറ്റുള്ള വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്ന തരീതിയിലുള്ളതാണ് ഇവരുടെ വാഹനത്തിലെ പല മോഡിഫിക്കേഷനുകളും എന്നാണ് ആര്‍ടിഒ വിശദമാക്കുന്നത്.

എന്നാല്‍ രാജ്യത്തിന്‍റെ പലയിടങ്ങളിലും പോകുന്നതിനാല്‍ അതിന് അനുകൂലമായാണ് മോഡിഫിക്കേഷനുകളെന്നാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ പറയുന്നത്.കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണികളും മോടിപിടിപ്പിക്കലും പൂര്‍ത്തിയാക്കി എറണാകുളത്ത് നിന്നെത്തിയ വാഹനം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയായിരുന്നു എന്നാണ് ഇ-ബുള്‍ജെറ്റ് ഉടമകള്‍ യുട്യൂബ് വീഡിയോയില്‍ പറയുന്നത്. പിന്നീട് നികുതി സംബന്ധിച്ച വിശദീകരണം നല്‍കി വാഹനം വിട്ടുനല്‍കിയെങ്കിലും അടുത്ത ദിവസം വാഹനം വീണ്ടും പിടിച്ചെടുത്തുവെന്നും സഹോദരങ്ങള്‍ ലൈവ് വീഡിയോയില്‍ പറയുന്നുണ്ട്. നിലവില്‍ കളക്ടറേറ്റിലെ ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിലാണ് ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: