ടവറുകളുടെ ചെമ്പുകമ്പി മോഷണം; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 15 വർഷത്തിനു ശേഷം പിടിയിൽ

കൂത്തുപറമ്പ്: മൊബൈൽ ടവറുകളുടെ ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കൂത്തുപറമ്പ് പോലീസ് പിടികൂടി. കൊല്ലം കുണ്ടറ സ്വദേശി ബംഗ്ലാ വില്ലയിൽ കെ.കലാധരനാണ് അറസ്റ്റിലായത്. കൂത്തുപറമ്പ് സി.ഐ. ബിനുമോഹന്റെ നിർദേശപ്രകാരം എസ്.ഐ. കെ.ടി.സന്ദീപും സംഘവും ശനിയാഴ്ച ആലപ്പുഴ കായംകുളം മാന്നാറിൽനിന്നാണ് പ്രതിയെ പിടികൂടിയത്. 2006-ലാണ് സംഭവം. കലാധരനും മറ്റ് മൂന്നുപേരും ചേർന്ന് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് സ്വകാര്യ ടെലികോം കമ്പനിയുടെ കൂത്തുപറമ്പ്, ആമ്പിലാട് എന്നിവിടങ്ങളിലെ ടവറുകളുടെ എർത്ത് കമ്പി മോഷ്ടിക്കുകയായിരുന്നു. കേസിൽ കൂട്ടുപ്രതികൾകൊപ്പം റിമാൻഡിലായ കലാധരൻ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇതിനിടെ ഇയാൾ മതം മാറി മുസ്തഫ എന്ന പേര് സ്വീകരിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പള്ളികളിൽ ഉസ്താദായി ജോലി ചെയ്തിരുന്നതായും പലയിടങ്ങളിലായി സാമൂഹികപ്രവർത്തകൻ എന്ന വ്യാജേന പ്രവർത്തിച്ചിരുന്നതായും പോലീസ് പറഞ്ഞു. വിവിധയിടങ്ങളിലെ സാമൂഹികപ്രശ്നങ്ങളിൽ ഇടപെട്ട് അധികൃതർക്ക് പരാതി നൽകിയും ഒറ്റയാൾസമരം നടത്തിയും വാർത്തകളിലും ഇടംപിടിച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. മാന്നാറിൽനിന്ന്‌ ഇയാളെ മോഷണക്കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തപ്പോൾ അത് നാട്ടുകാരിലും ഇയാളുടെ പരിചയക്കാരിലും ആശ്ചര്യമായി.

ഇയാൾക്കെതിരെ മട്ടന്നൂർ പോലീസ് സ്റ്റേഷനിലും സമാനമായ മോഷണക്കേസുണ്ട്. എ.എസ്.ഐ. ഷനിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിജിത്ത് അത്തിക്കൽ, സിവിൽ പോലീസ് ഓഫീസർ ഷിജോയ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: