സിപിഐഎം ജില്ലയിൽ 18 ഏരിയാ ജാഥകൾ സംഘടിപ്പിക്കും


കണ്ണൂർ
സിപിഐഎം ജില്ലയിൽ 18 ഏരിയാ ജാഥകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ യുഡിഎഫും ബിജെപിയും മറ്റു വർഗീയ ശക്തികളും നടത്തുന്ന അക്രമസമരങ്ങളെ തുറന്നുകാട്ടാനും കേന്ദ്രസർക്കാറിൻറെ ജനവിരുദ്ധ നയങ്ങൾക്കും വർഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ ജനങ്ങളെ അണിനിരത്താനും നവകേരള വികസന കാഴ്ചപ്പാട് വിശദീകരിക്കാനും വേണ്ടി നടത്തുന്ന വാഹനജാഥകൾ ഓരോ ഏരിയയിലും 3 ദിവസമാണ് പര്യടനം നടത്തുക.
ജൂലൈ 10ന് ഇരിട്ടി ഏരിയാജാഥ ഇരിട്ടിയിൽ എം.എം. മണി ഉദ്ഘാടനം ചെയ്യും. എം. സുരേന്ദ്രനാണ് ജാഥാ ലീഡർ.
11ന് ശ്രീകണ്ഠാപുരം ഏരിയാജാഥ പി.കെ. ശ്രീമതിടീച്ചറും തലശ്ശേരി ഏരിയാ ജാഥ എം.വി. ജയരാജനും മട്ടന്നൂർ സ: പി. ജയരാജനും ഉദ്ഘാടനം ചെയ്യും. മട്ടന്നൂർ വി. ശിവദാസൻ, തലശ്ശേരി എം. പ്രകാശൻ മാസ്റ്റർ, ശ്രീകണ്ഠാപുരം വത്സൻ പനോളി എന്നിവർ ജാഥയെ നയിക്കും.
12ന് പയ്യന്നൂർ ഏരിയജാഥ ഇ.പി. ജയരാജനും മയ്യിൽ എം.വി. ജയരാജനും അഞ്ചരക്കണ്ടി പി. മോഹനൻ മാസ്റ്ററും, പെരിങ്ങോം കെ.പി. സതീഷ് ചന്ദ്രനും പിണറായി എൻ ചന്ദ്രനും ഉദ്ഘാടനം ചെയ്യും. യഥാക്രമം ടി.വി. രാജേഷ്, എൻ. സുകന്യ, എം.വി. സരള, പി. പുരുഷോത്തമൻ, പി. ഹരീന്ദ്രൻ എന്നീ സഖാക്കൾ ജാഥ നയിക്കും.
13ന് തളിപ്പറമ്പ് ഏരിയാജാഥ പി.കെ. ശ്രീമതി ടീച്ചറും കണ്ണൂർ ഇ.പി. ജയരാജനും, പേരാവൂർ എം.വി. ജയരാജനും ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് പി.പി. ദിവ്യ, കണ്ണൂർ എൻ ചന്ദ്രൻ, പേരാവൂർ ടി.കെ. ഗോവിന്ദൻ മാസ്റ്റർ എന്നീ സഖാക്കൾ ജാഥയെ നയിക്കും
14ന് എടക്കാട് ഏരിയാജാഥ പി.കെ. ശ്രീമതി ടീച്ചറും, കൂത്തുപറമ്പ് എം.വി. ജയരാജനും ഉദ്ഘാടനം ചെയ്യും എടക്കാട് കാരായി രാജനും കൂത്തുപറമ്പ് പി.വി. ഗോപിനാഥും ജാഥയെ നയിക്കും.
15ന് പാപ്പിനിശ്ശേരി ഏരിയാ ജാഥ സി.എസ്. സുജാതയും, മാടായി എം.വി. ജയരാജനും, ആലക്കോട് രാജു എബ്രഹാമും, പാനൂർ എ. പ്രദീപ്കുമാറും ഉദ്ഘാടനം ചെയ്യും. പാപ്പിനിശ്ശേരി എം. വിജിൻ, മാടായി ടി.ഐ. മധുസൂദനൻ, ആലക്കോട് കെ.വി. സുമേഷ്, പാനൂർ എ.എൻ. ഷംസീർ എന്നിവർ ജാഥയെ നയിക്കും. ജില്ലയിൽ 600 കേന്ദ്രങ്ങളിൽ ജാഥകൾ പര്യടനം നടത്തും.
എൽഡിഎഫ് സർക്കാർ ഒരുവർഷം പിന്നിട്ടപ്പോൾ ജനങ്ങൾക്ക് നൽകിയ 900 വാഗ്ദാനങ്ങളിൽ ബഹുഭൂരിപക്ഷവും നടപ്പാക്കുന്നതിന് തുടക്കമിട്ടുകഴിഞ്ഞു. ഒന്നാം വാർഷിക പ്രോഗ്രസ്സ് റിപ്പോർട്ടും ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചു. വാഗ്ദാനങ്ങൾ പൂർത്തീകരിച്ചാൽ തുടർഭരണം എൽഡിഎഫിനായിരിക്കുമെന്ന് മാത്രമല്ല, യുഡിഎഫ് തുടർച്ചയായി പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്നും അവർക്കറിയാം. അത് മനസ്സിലാക്കിക്കൊണ്ടാണ് വികസന നേട്ടങ്ങൾ ജനങ്ങളിലെത്താതിരിക്കാൻ വികസന വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ഇത്തരം നീക്കങ്ങൾ തുറന്നുകാട്ടുകയാണ് ജാഥകളുടെ ലക്ഷ്യം.
കാലവർഷം കനത്തതോടെ കെടുതികൾ നിരവധിയാണ്. കൃഷിയും, വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്കും പല പ്രദേശങ്ങളിലും തകർന്നിട്ടുണ്ട്. ജില്ലയിൽ 4 പേർ ഇതിനകം മരണപ്പെടുകയുണ്ടായി. വെള്ളം കയറിയതിനെത്തുടർന്ന് പലയിടത്തും മാറ്റിപ്പാർപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സന്നദ്ധപ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നതായും ജയരാജൻ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: