ദളിത് പെണ്‍കുട്ടിയുടെ മരണം: പോക്‌സോയ്ക്കു പിന്നാലെ പ്രേരണാകുറ്റവും; സ്വകാര്യ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

പയ്യന്നൂര്‍: 17കാരിയായ ദളിത് പെണ്‍കുട്ടിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സ്വകാര്യ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. കൂത്തുപറമ്പ് മാങ്ങാട്ടിടം അയ്യപ്പന്‍തോട് നടുക്കണ്ടി ഹൗസില്‍ ഉത്തമന്റെ മകന്‍ പി.ജിതിന്‍(29)ആണ് അറസ്റ്റിലായത്. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനു പിന്നാലെ പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതി കണ്ണൂര്‍ സബ് ജയിലില്‍ റിമാന്റില്‍ കഴിയുകയാണ് പ്രതി. കേസന്വേഷിക്കുന്ന പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യ ചെയ്ത പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 17നാണ് അറസ്റ്റ് ചെയ്തത്. ആലക്കോട് സ്റ്റേഷന്‍ പരിധിയിലെ ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടിയെ അവിടെയെത്തിയ പ്രതി പീഡിപ്പിക്കുകയായിരുന്നു. ഒരു വര്‍ഷക്കാലം നീണ്ടുനിന്ന സൗഹൃദം പിന്നീട് വഴി പിരിഞ്ഞതോടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലായിരുന്നു പോലിസ്. ചെറുപുഴ പോലിസ് മൊബൈല്‍ ഫോണ്‍ പരിശോധനാ വിധേയമാക്കിയതിനെ തുടര്‍ന്ന് നിര്‍ണായക തെളിവുകളായ ഫോണ്‍ സന്ദേശങ്ങളും വാട്സ്അപ്പ് ചാറ്റിങും ലഭിച്ചു. ഇത് ശക്തമായ ശാസ്ത്രീയ തെളിവുകളായി മാറിയതിനെ തുടര്‍ന്നാണ് ഇയാളെ പോക്സോ കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റു ചെയ്തത്. ഇരയായ പെണ്‍കുട്ടി മരിച്ച സാഹചര്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ഫോറന്‍സിക് സര്‍ജന്‍ ഗോപാലകൃഷ്ണ പിള്ളയുടെ നിര്‍ണായക വിവരങ്ങളാണ് കേസില്‍ വഴിത്തിരിവായത്. എസ്.ഐ എന്‍.കെ ഗിരീഷ്, എ.എസ്.ഐ കെ.സത്യന്‍ ചൂരല്‍ എന്നിവരടങ്ങിയ സംഘമാണ് ജയിലിലെത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: