ഇന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

339 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 149 പേര്‍ രോഗമുക്തി നേടി.

രോഗബാധയുടെ തോത് വര്‍ധിച്ചുവരികയാണ്. സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.

ഇന്ന് രോഗം ബാധിച്ചവരില്‍ 117 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 74 പേര്‍. സമ്പര്‍ക്കം 133. ഉറവിടം അറിയാത്തത് 7. ഡിഎസ്സി 1, ബിഎസ്എഫ് 1, എച്ച്സിഡബ്ല്യു 4. ഐടിബിപിപി 2.

ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 95, മലപ്പുറം 55, പാലക്കാട് 50, തൃശൂര്‍ 27, ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസര്‍കോട് 11, കൊല്ലം 10, കോഴിക്കോട് 8, കോട്ടയം 7, വയനാട് 7, പത്തനംതിട്ട 7, കണ്ണൂര്‍ 8.

ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 9, കൊല്ലം 10, പത്തനംതിട്ട 7, ആലപ്പു. 7, കോട്ടയം 8, ഇടുക്കി 8, കണ്ണൂര്‍ 16, എറണാകുളം 15, തൃശൂര്‍ 29, പാലക്കാട് 17, മലപ്പുറം 6, കോഴിക്കോട് 1, വയനാട് 3, കാസര്‍കോട് 13.

നഗരങ്ങള്‍ കേന്ദ്രീകരിച്ച് മള്‍ട്ടിപ്പിള്‍ ക്ളസ്റ്ററുകള്‍ രൂപം കൊള്ളാനും സൂപ്പര്‍ സ്പ്രെഡിലേയ്ക്ക് നയിക്കാനുമുള്ള സാധ്യത ഏറുകയാണ്. ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ പലതിലും ഈ സ്ഥിതിവിശേഷം സംഭവിക്കുകയും കാര്യങ്ങള്‍ നിയന്ത്രണാതീതമാവുകയും ചെയ്യുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്ത് പൂന്തുറയില്‍ ആണ് ആദ്യത്തെ സൂപ്പര്‍ സ്പ്രെഡിങ് ഉണ്ടായിരിക്കുന്നത്.  

ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കോവിഡിന്‍റെ കാര്യത്തില്‍ വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ആളുകള്‍ കൂട്ടം കൂടുന്നത് ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല. വായു സഞ്ചാരമുള്ള മുറികളില്‍ കഴിയുക എന്നത് വളരെ പ്രധാനമാണ്. ചില കടകളില്‍ ആളുകള്‍ കയറിയതിനു ശേഷം ഷട്ടറുകള്‍ അടച്ചിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതും അനുവദനീയമല്ല. വായു സഞ്ചാരം കുറഞ്ഞ സ്ഥലങ്ങളില്‍ രോഗം വളരെ പെട്ടെന്ന് പടരും.

പരിശോധനയുടെ തോത് ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനകം 12,592 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 6,534 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2795 പേരാണ്. 1,85,960 പേരാണ് നിരീക്ഷണത്തിലുള്ളത്. 3261 പേര്‍ ആശുപത്രികളില്‍. ഇന്ന് 471 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 2,20,677 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. 4854 സാമ്പിളുകളുടെ റിസള്‍ട്ട് വരാനുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 66,934  സാമ്പിളുകള്‍ ശേഖരിച്ചതില്‍ 63,199 നെഗറ്റീവായിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ 3,07,219 പേര്‍ക്കാണ് റുട്ടീന്‍, സെന്‍റിനല്‍, പൂള്‍ഡ് സെന്‍റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ് എന്നീ ടെസ്റ്റുകള്‍ നടത്തിയത്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 181 ആണ്.

കോവിഡ്-19 വ്യാപനത്തില്‍ ഏറ്റവും നിര്‍ണായക ഘട്ടമാണ് ഇപ്പോള്‍ നേരിടുന്നത്. നാം നല്ല തോതില്‍ ആശങ്കപ്പെടേണ്ട ഒരു ഘട്ടം.  സമൂഹ വ്യാപനം ഉണ്ടാകുമെന്നതിന്‍റെ സൂചനകളാണ് വരുന്നത്.

ഒരു മത്സ്യ മാര്‍ക്കറ്റിലുണ്ടായ രോഗവ്യാപനം തിരുവനന്തപുരം നഗരത്തെ മുഴുവന്‍ ലോക്ക്ഡൗണിലേക്കാണ് നയിച്ചത്. നഗരത്തിന്‍റെ വിവിധ മേഖലകളിലേയ്ക്ക് രോഗം എത്തിയിട്ടുണ്ട് എന്നാണ് ഇന്നത്തെ പരിശോധനാ ഫലം തെളിയിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ ആര്യനാടും സമാനമായ സാഹചര്യം നേരിടുന്നു.

തലസ്ഥാന നഗരത്തില്‍ മാത്രമാണ് ഈ പ്രശ്നമെന്ന് കരുതേണ്ടതില്ല. കൊച്ചിയിലും സമാനമായ വെല്ലുവിളി നേരിടുന്നുണ്ട്. എപ്പോള്‍ വേണ്ടിവന്നാലും നിയന്ത്രണം കൂടുതല്‍ കടുപ്പിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നു. ഇത് സംസ്ഥാനത്തിനാകെ ബാധകമാണ്. നാം ആരും അതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്നവരാണ് എന്ന ബോധം വേണ്ടതില്ല.

നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നില്ലെങ്കില്‍ സമ്പര്‍ക്ക വ്യാപനം സൂപ്പര്‍ സ്പ്രെഡിലെത്താനും സമൂഹവ്യാപനത്തിലെത്താനും അധികംസമയം വേണ്ട. സ്വയം നിയന്ത്രണത്തിന്‍റെ തലം സൃഷ്ടിക്കണം. ഇപ്പോള്‍ രോഗം ബാധിച്ച പലരുടേയും സമ്പര്‍ക്കപ്പട്ടിക വിപുലമാണ്. അത്തരം സാഹചര്യം ഉണ്ടാക്കാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം.

അത്യാവശ്യ കാര്യങ്ങള്‍ക്കു വേണ്ടി മാത്രമേ നാം പുറത്തേക്കിറങ്ങാവൂ. എവിടേയും ആള്‍ക്കൂട്ടം ഉണ്ടാകരുത്. റിവേഴ്സ് ക്വാറന്‍റെനിലുള്ളവരുടെ വീടുകളിലേയ്ക്ക് അനാവശ്യ സന്ദര്‍ശനങ്ങള്‍ പാടില്ല. സാധാരണ ജീവിതത്തിലേയ്ക്ക് പൂര്‍ണമായും മടങ്ങാനുള്ള സമയമല്ലിത്. ആ ബോധവും ബോധ്യവും നമ്മളെ നയിക്കുന്നില്ലെങ്കില്‍, ഇതുവരെ നമ്മള്‍ നടത്തിയ ക്രമീകരണങ്ങള്‍ എല്ലാം അസ്ഥാനത്താവും. മുന്നറിയിപ്പുകള്‍ക്കു പകരം കടുത്ത നടപടികളിലേയ്ക്ക് നീങ്ങേണ്ടി വരും.

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,71,355 ആയും ചികിത്സയിലുള്ളവരുടെ എണ്ണം 254 ആയി ഉയരുകയും ചെയ്തതാണ് രണ്ടാംഘട്ട കോവിഡ് വ്യാപനമുണ്ടായപ്പോഴുള്ള ഏറ്റവും വലിയ കണക്ക്. ലോക്ക്ഡൗണ്‍ ശക്തമായി നടപ്പിലാക്കി നാം രോഗവ്യാപനം പരമാവധി കുറച്ചു. രോഗം ഭേദമായവരുടെ എണ്ണവും നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞു കുറഞ്ഞുവന്നു. മേയ് 3ന് ചികിത്സയിലുള്ളവരുടെ എണ്ണം 95 ആയും നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 21,720 ആയും കുറഞ്ഞു. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം 401 ആയി ഉയര്‍ന്നു. മൂന്നാം ഘട്ടത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ വന്നുതുടങ്ങിയതോടെ കുറച്ച് കൊണ്ടുവന്ന കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്ന കാഴ്ചയാണ് കാണുന്നത്.

ഇപ്പോള്‍ ഓരോ ദിവസവും പുതുതായി രോഗബാധയുണ്ടാകുന്നവരുടെ എണ്ണം 300 കടന്നിരിക്കുന്നു. ഇത് ഇനിയും ഉയരും. എന്നാല്‍, നമുക്ക് എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ചികിത്സ നല്‍കാന്‍ കഴിയും. പക്ഷെ, സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം അനിയന്ത്രിതമായി വര്‍ധിക്കുന്നതും സമൂഹവ്യാപനം ഉണ്ടാകുന്നതും വലിയ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നയിക്കുക.

തിരുവനന്തപുരത്ത് മൂന്നു ദിവസത്തിനിടെ 213 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 190 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച 95 പേരില്‍ 88ഉം സമ്പര്‍ക്കം വഴിയാണ്. തീരമേഖലയായ പൂന്തുറയില്‍ സൂപ്പര്‍ സ്പ്രെഡിലേക്ക് കടന്ന സാഹചര്യത്തിലാണ് തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

ഫീല്‍ഡ് നിരീക്ഷണം, ചെക്ക്പോസ്റ്റ്  നിരീക്ഷണം, റോഡ്, റെയില്‍ നിരീക്ഷണം, വിമാനത്താവള നിരീക്ഷണം എന്നിവ ശക്തിപ്പെടുത്തിയിട്ടുണ്ട്. സെന്‍റിനല്‍ സര്‍വയലന്‍സ് ഊര്‍ജിതപ്പെടുത്തുകയും ആന്‍റിജന്‍ പരിശോധന വ്യാപകമാക്കുകയും ചെയ്തു. രോഗവ്യാപനത്തിന്‍റെ ഭൂമിശാസ്ത്രപരമായ മാപ്പിങ് നടത്തുന്നു.

പ്രൈമറി കോണ്ടാക്ട്, സെക്കന്‍ററി കോണ്ടാക്ട് എന്നിവ തരംതിരിച്ച് കോണ്ടാക്ട് ട്രെയ്സിങ് വിപുലമാക്കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്‍റ് സോണ്‍ പ്രദേശത്തെ എല്ലാ ആളുകളെയും ക്വാറന്‍റൈന്‍ ചെയ്യും. അനാവശ്യ സഞ്ചാരം ഒഴിവാക്കുന്നതിന് പൊലീസ് ഇടപെടുന്നുണ്ട്.

കേസുകളുടെ ട്രെന്‍ഡും ദൈനംദിന റിപ്പോര്‍ട്ടുകളും വിലയിരുത്തിയാണ് നടപടി സ്വീകരിക്കുന്നത്. ആരോഗ്യം, പൊലീസ്, മീഡിയ, ഫയര്‍ ഫോഴ്സ്, റവന്യൂ, ഭക്ഷ്യസുരക്ഷ, റസ്റ്റോറന്‍റുകള്‍, ഹോട്ടലുകള്‍, ടൂറിസം എന്നിവയുമായി ഏകോപനം ഉറപ്പാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍, ആര്‍ആര്‍ടി ടീം, പൊലീസ്, ടൂറിസം വകുപ്പ് തുടങ്ങിയവയ്ക്ക് പരിശീലനങ്ങളും നടത്തുന്നുണ്ട്. ഇതോടൊപ്പം കോവിഡുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നടക്കുന്നുമുണ്ട്.

സൂപ്പര്‍ സ്പ്രെഡിലേക്ക് പോയ പൂന്തുറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ചു. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിച്ചു. അതിര്‍ത്തിക്കപ്പുറത്ത് നിന്നും വരുന്നവര്‍ക്കായി ആശുപത്രികളില്‍ പ്രത്യേകം ഒപി തുടങ്ങും. കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കും.

രോഗബാധിതരെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിനും ക്വാറന്‍റൈനിലാക്കുന്നതിന്‍റേയും ഭാഗമായി വിവിധ വിഭാഗങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് വിപുലമായ പരിശോധനകളാണ് നടത്തുന്നത്. ഇതിന്‍റെ ഭാഗമായി ഗൈഡ്ലൈനും ആരോഗ്യ വകുപ്പ് പുറത്തിറക്കി. റുട്ടീന്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പുറമേ സെന്‍റിനല്‍ സര്‍വയലന്‍സിന്‍റെ ഭാഗമായി റാപ്പിഡ് ആന്‍റിജന്‍ ബേസ്ഡ് ടെസ്റ്റിങ്ങും നടത്തുന്നു.

ഇതുകൂടാതെയാണ് 5 ക്ലസ്റ്റുകളായി തിരിച്ച് അവര്‍ക്ക് പ്രത്യേക പരിശോധന നടത്തുന്നത്. ക്ലസ്റ്റര്‍ ഒന്നില്‍ കണ്ടെയ്ന്‍മെന്‍റ് സോണിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ജെഎച്ച്ഐ, ജെപിഎച്ച്, ആശാവര്‍ക്കര്‍, ആബുലന്‍സുകാര്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകരാണുള്ളത്. ക്ലസ്റ്റര്‍ രണ്ടില്‍ സമൂഹവുമായി അടുത്തിടപഴകുന്ന തദ്ദേശസ്വയംഭരണ മെമ്പര്‍മാര്‍, വളണ്ടിയര്‍മാര്‍, ഭക്ഷണ വിതരണക്കാര്‍, കച്ചവടക്കാര്‍, പൊലീസുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, ഇന്ധന പമ്പ് ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ബാങ്ക്, ഓഫീസ് ജീവനക്കാര്‍ എന്നിവരാണുള്ളത്.

ക്ലസ്റ്റര്‍ മൂന്നില്‍ കണ്ടെയ്ന്‍മെന്‍റ് സോണിലെ  ഗര്‍ഭിണികള്‍, പ്രസവം കഴിഞ്ഞ അമ്മമാര്‍, വയോജനങ്ങള്‍, ഗുരുതര രോഗമുള്ളവര്‍, 10 വയസിന് താഴെയുള്ള കുട്ടികള്‍ എന്നിവരാണുള്ളത്.

ക്ലസ്റ്റര്‍ നാലില്‍ അതിഥി തൊഴിലാളികള്‍ക്കാണ് പരിശോധന നടത്തുത്. ഈ നാല് ക്ലസ്റ്ററുകളിലും സിഎല്‍ഐഎ ആന്‍റിബോഡി പരിശോധനയാണ് നടത്തുന്നത്.

ക്ലസ്റ്റര്‍ അഞ്ചില്‍ രോഗം സ്ഥിരീകരിച്ചവരുടെ സമീപ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് പരിശോധന നടത്തുന്നത്. റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റാണ് ഇവര്‍ക്ക് നടത്തുന്നത്. ദ്രുതഗതിയിലുള്ള പരിശോധനകളിലൂടെ രോഗബാധിതരെ പെട്ടെന്നു കണ്ടുപിടിക്കുന്നതിനും വ്യാപനം ചെറുക്കുതിനും സാധിക്കുന്നു.

ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കേണ്ടതാണ്. എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുകയും വേണം. ഇതിലൊന്നും ആരും വിട്ടുവീഴ്ച വരുത്തരുത്. വിട്ടുവീഴ്ച ചെയ്താല്‍ അതിന്‍റെ പ്രത്യാഘാതം വലുതാണ്.

വളരെ കര്‍ശനമായ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആണ് നടപ്പാക്കുന്നത്. ജനങ്ങള്‍ ഒരു കാരണവശാലും പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. കമാണ്ടോകളുടെ സേവനവും ഉപയോഗിച്ചു. കമാണ്ടോകളും മുതിര്‍ന്ന ഓഫീസര്‍മാരും ഉള്‍പ്പെടെ 500 പൊലീസ് ഉദ്യോഗസ്ഥരെയാണ് പൂന്തുറയില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്.

മത്സ്യബന്ധന ബോട്ടുകള്‍ കടലിലൂടെ തമിഴ്നാട്ടിലേയ്ക്ക് പോകുന്നതും വരുന്നതും തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തമിഴ്നാട് പൊലീസുമായുള്ള സഹകരണം തുടരും.

പൂന്തുറയില്‍ പൊലീസ് ഒരു ലക്ഷം മാസ്ക്കുകള്‍ സൗജന്യമായി വിതരണം ചെയ്തു.

ട്രിപ്പിള്‍ ലോക്ക്ഡൗണിനിടയില്‍ തിരുവനന്തപുരം നഗരത്തില്‍ ഭക്ഷണം കിട്ടാതെ വിഷമിക്കുന്നവര്‍ക്കായി പൊലീസിന്‍റെ നേതൃത്വത്തില്‍ സഹായം എത്തിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിന്‍റെ സഹകരണത്തോടെ  ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നുണ്ട്.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശങ്ങളെ സ്തംഭനത്തിലേക്കാണ് നയിക്കുക. അത്തരം അവസ്ഥ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയാണ് ഈ സമയത്ത് നാമെല്ലാം കാണിക്കേണ്ടത്.

കുട്ടികളുടെ ആത്മഹത്യ

കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ആത്മഹത്യകള്‍ വര്‍ദ്ധിച്ചു വരുന്നത് കേരളത്തില്‍ അതീവഗുരുതരമായ ഒരു സാമൂഹ്യപ്രശ്നമായി മാറുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടയില്‍ ഒരുപാട് ആത്മഹത്യകള്‍ ആ പ്രായക്കാര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നു. മാര്‍ച്ച് 25 മുതല്‍ ഇതുവരെ 18 വയസ്സില്‍ താഴെയുള്ള 66 കുട്ടികളാണ് പല കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തത്. ഇന്നും അത്തരമൊരു ആത്മഹത്യയുടെ വാര്‍ത്ത വന്നു.

ഓണ്‍ലൈന്‍ ക്ലാസില്‍ ഇരിക്കാത്തതിന് അമ്മ വഴക്കു പറഞ്ഞത്, ഗെയിം കളിക്കാന്‍ അനുവദിക്കാതിരുന്നത്, ഫോണില്‍ അശ്ലീല ചിത്രം നോക്കിയതിന് വഴക്കു പറഞ്ഞത് തുടങ്ങിയ  കാരണങ്ങള്‍ക്കാണ് പല കുട്ടികളും സ്വയം ജീവനൊടുക്കിയത്. കുട്ടികളുടെ മാനസികാവസ്ഥ കണ്ടുകൊണ്ടുള്ള തിരുത്താണ് രക്ഷിതാക്കള്‍ വരുത്തേണ്ടേത്.

താളം തെറ്റിയ കുടുംബജീവിതവും രക്ഷിതാവിന്‍റെ അമിതമായ ലഹരി ഉപയോഗവും തുടങ്ങിയ ജീവിതാന്തരീക്ഷത്തിലെ പ്രശ്നങ്ങളും ആത്മഹത്യകള്‍ക്ക് കാരണമായിട്ടുണ്ട്. കോവിഡ്കാരണം സ്കൂളുകളും കോളേജുകളും അടച്ചിടേണ്ടി വന്നതും, കൂട്ടുകാരുടെ കൂടെ ഇടപഴകാന്‍ സാധിക്കാത്തതും ഒക്കെ അവരുടെ മാനസികസമ്മര്‍ദ്ദം കൂട്ടുന്ന സാഹചര്യം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ ശ്രദ്ധ ഇക്കാര്യത്തില്‍ മുതിര്‍ന്നവരുടെ ഭാഗത്തു നിന്നുണ്ടായേ തീരൂ.

കുട്ടികളാണെങ്കിലും കൗമാരക്കാരാണെങ്കിലും അവരില്‍ ശാരീരികവും മാനസികവുമായ വളര്‍ച്ചയുടെ പടവുകളിലാണ്. മുതിര്‍ന്നവരെ കൈകാര്യം ചെയ്യേണ്ട പോലെയല്ല അവരുമായി ഇടപഴകേണ്ടത്. അവരുടെ സ്വഭാവ സവിശേഷതകള്‍ മനസ്സിലാക്കാനും, അവരെ അടുത്തറിയാനും മുതിര്‍ന്നവര്‍ ശ്രമിക്കണം. ഊഷ്മളമായ ബന്ധം സ്ഥാപിക്കാനും സ്നേഹപൂര്‍വം പെരുമാറാനും സാധിക്കണം. സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബാന്തരീക്ഷം സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൗണ്‍സിലിങ്ങ് ഉള്‍പ്പെടെയുള്ള വിദഗ്ധസഹായങ്ങള്‍ തേടാന്‍ ഉപേക്ഷ പാടില്ല. വിദ്യാഭ്യാസവും കുട്ടികളില്‍ വലിയ തോതില്‍ മാനസികസമ്മര്‍ദ്ദം ഉയര്‍ത്തുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. അതുണ്ടാകാന്‍ പാടില്ല. വിദ്യാഭ്യാസം ഒരു മത്സരമല്ല എന്നും, അറിവു നേടാനുള്ള ഉപാധിയാണെന്നും അവരെ ബോധ്യപ്പെടുത്തേണ്ട ബാധ്യത അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ട്.

കുട്ടികളുടെ ആത്മഹത്യ സംബന്ധിച്ച് പഠിക്കാന്‍ ഫയര്‍ ആന്‍റ് റെസ്ക്യു മേധാവി ആര്‍. ശ്രീലേഖയുടെ നേതൃത്വത്തില്‍ ഒരു സമിതിയ്ക്ക് രൂപം നല്‍കി. അതിനുപുറമേ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരാനായി ‘ചിരി’ എന്ന ഒരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. സ്റ്റുഡന്‍റ് പോലീസ് കാഡറ്റുകള്‍ മുഖേന ഫോണ്‍ വഴി കൗണ്‍സലിംഗ് നല്‍കുന്ന സംവിധാനമാണിത്. ശിശുക്കളുടെ മാനസികാരോഗ്യ ചികിത്സയ്ക്കാവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ കേരളത്തില്‍ ഉണ്ടാകേണ്ടതുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരും കൗണ്‍സിലര്‍മാരും ചികിത്സാകേന്ദ്രങ്ങളും നമുക്ക് ആവശ്യമാണ്. അതിനാവശ്യമായ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പിലാക്കും.

ഒരു സമൂഹത്തിന്‍റെ ഭാവി കുട്ടികളുടെ കൈകളിലാണ്. അവരാണ് നാളത്തെ പൗരന്മാര്‍. അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് സമൂഹത്തിന്‍റേയും സര്‍ക്കാരിന്‍റേയും ഉത്തരവാദിത്വമാണ്. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകാന്‍ നമ്മള്‍ ദൃഢനിചശ്ചയം ചെയ്തേ തീരൂ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: