കുന്നിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു

ഇരിട്ടി : ഇരിട്ടി മേഖലയിൽ നാലു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കുന്നോത്ത് കേളൻപീടികക്ക് സമീപം കുന്നിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. തലശ്ശേരി – വളവുപാറ കെ എസ് ടി പി റോഡ് നിർമ്മാണത്തിന്റെ ഭാഗമായി റോഡിലെ വളവ് നീർത്തുന്നതിനായി കുന്നിടിച്ച് പുതുതായി റോഡ് നിർമ്മിച്ച ഭാഗത്താണ് ഇതിനായി ഇടിച്ചെടുത്ത കുന്നിന്റെ ഭാഗം ഇടിഞ്ഞു വീണത്. തിങ്കളാഴ്ച രാത്രി 9 മണിയോടെ ആയിരുന്നു സംഭവം. തിങ്കളാഴ ഉച്ചയോടെ ഇതേ ഭാഗത്തു കുന്നിടിഞ്ഞു റോഡിലേക്ക് വീണിരുന്നു. റോഡ് നിർമ്മാണത്തിൽ ഏർപ്പെട്ട കരാർ കമ്പനി തന്നെ മണ്ണ് മുഴുവൻ മാറ്റിയിരുന്നു. ഇതിന് ശേഷമാണ് ഇന്ന് രാത്രിയോടെ ഇതേ ഭാഗത്തു പതിനഞ്ചു മീറ്ററോളം നീളത്തിൽ കുന്നിടിഞ്ഞു റോഡിലേക്ക് വീണിരിക്കുന്നത്. റോഡ് ഇടിയുന്നതിനിടയിൽ രണ്ട് വാഹനങ്ങൾ ഇതിലൂടെ കടന്നുപോയെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണും കല്ലുകളും അടക്കം റോഡിൽ കുന്നുകൂടിക്കിടക്കുന്നതിനാൽ ഇരിട്ടി – കൂട്ടുപുഴ റോഡിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കയാണ്. ഇതുവഴിയുള്ള വാഹനങ്ങൾ മാടത്തി വഴിയും മറ്റും തിരിച്ചു വിട്ടിരിക്കുകയാണ്.

%d bloggers like this: