ചായക്കടക്കാരന്‍ പ്രധാനമന്ത്രിയായത് കോണ്‍ഗ്രസ് ജനാധിപത്യം സംരക്ഷിച്ചതുകൊണ്ടാണെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ

വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര പാര്‍ട്ടി തലവനുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഒരു ചായക്കടക്കാരന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായെങ്കില്‍ അത് കോണ്‍ഗ്രസ് ജനാധിപത്യം സംരക്ഷിച്ചതുകൊണ്ടാണെന്ന് ഖാര്‍ഗെ ആഞ്ഞടിച്ചു.
എല്ലാ പരിപാടികളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിക്കുന്ന ഒരു ചോദ്യമാണ് കഴിഞ്ഞ 70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് രാജ്യത്തിന് വേണ്ടി എന്ത് ചെയ്തുവെന്ന്. എന്നാല്‍ ഞങ്ങള്‍ ജനാധിപത്യം സംരക്ഷിച്ചതുകൊണ്ടാണ് അദ്ദേഹത്തെപ്പോലൊരു ചായവില്‍പ്പനക്കാരന് പ്രധാനമന്ത്രിയാകാന്‍ സാധിച്ചത്, ഖാര്‍ഗെ പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ പട്ടിക മുന്നോട്ടുവെച്ച ഖാര്‍ഗെ അവ നടപ്പാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടെന്നും കുറ്റപ്പെടുത്തി.
ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, എന്നിവര്‍ക്ക് നേരെ തുടര്‍ച്ചയായി ബോധപൂര്‍വ്വമായ ആക്രമണമാണ് ബിജെപി നടത്തുന്നത്. കോണ്‍ഗ്രസ് ഒരു കുടുംബമാണ്, ഞങ്ങളെല്ലാം അതിലെ ഓരോ അംഗങ്ങളും. 43 വര്‍ഷം മുന്‍പുള്ള അടിയന്തരാവസ്ഥയെക്കുറിച്ചാണ് മോദി ഇപ്പോഴും സംസാരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷക്കാലയളവിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ച്‌ അദ്ദേഹത്തിനെന്താണ് പറയാനുള്ളത്. ഇവിടെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു, കാര്‍ഷിക പദ്ധതികള്‍ പരാജയപ്പെടുന്നു, കര്‍ഷകര്‍ക്ക് പുതിയ വായ്പ ലഭിക്കുന്നില്ല, വ്യാപാരം മന്ദഗതിയില്‍ നീങ്ങുന്നു, ഖാര്‍ഗെ ആരോപിച്ചു.
രാജ്യം ഇത്രയേറെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്ബോഴും ‘അച്ഛേ ദിന്‍’ വരും എന്ന മോദിയുടെ പരസ്യം മാത്രം അവസാനിച്ചിട്ടില്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. ബിജെപിക്കെതിരായ ഈ പോരാട്ടത്തില്‍ എല്ലാവരും ഒരുമിച്ച്‌ നില്‍ക്കണമെന്നും മഹാരാഷ്ട്രയില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കൊണ്ട് സംസാരിക്കവെ അദ്ദേഹം പ്രവര്‍ത്തകരോട് വ്യക്തമാക്കി.

error: Content is protected !!
%d bloggers like this: