കടയടപ്പ് നയം തിരുത്തണം; 14ന് വ്യാപാരികൾ വീട്ടുപടിക്കല്‍ ധർണ നടത്തും


കണ്ണൂർ: കോവിഡിന്‍റെ പേരില്‍ ചെറുകിട വ്യാപാരമേഖലയില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്ന കടയടയടപ്പ് നയം സര്‍ക്കാര്‍ തിരുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രക്ഷോഭത്തിലേക്ക്.
സമരത്തിന്‍റെ ആദ്യഘട്ടമെന്നനിലയില്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ 14ന് രാവിലെ പത്തിന് വ്യാപാരികള്‍ വീട്ടുപടിക്കലും വ്യാപാരി വ്യവസായി ഏകോപനസമിതി ഓഫീസുകളിലും ധര്‍ണ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് ദേവസ്യ മേച്ചേരി അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുഴുവന്‍ കടകളും തുറക്കാന്‍ അനുവദിക്കുക, സര്‍ക്കാര്‍ തീരുമാനങ്ങള്‍ അനുസരിച്ച് വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ട കാലത്തെ വാടക ഇളവ് അനുവദിക്കുക, ഈ കാലയളവിലെ തൊഴിലാളികളുടെ വേതനം നല്‍കുക, കെട്ടിടനികുതി, വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് എന്നിവ ഒഴിവാക്കുക, ലൈസന്‍സ് ഫീ, തൊഴില്‍ നികുതി ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇതിനോടകം സംസ്ഥാന സര്‍ക്കാരിന് നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും അനുകൂലമായ തീരുമാനമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
തകര്‍ന്നടിഞ്ഞ ചെറുകിട വ്യാപാര മേഖലയെ പുനരുദ്ധീകരിക്കുന്നതിന് ലളിതമായ വ്യവസ്ഥയില്‍ വായ്പ അനുവദിക്കുക, ഈ കാലയളവില്‍ വായ്പയെടുത്തിട്ടുള്ളവര്‍ക്ക് പലിശ ഇളവ് അനുവദിക്കുക, ലോണ്‍ അടയ്ക്കുന്നതിന് മോറട്ടോറിയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ടാണ് സമരം സംഘടിപ്പിക്കുന്നത്. വ്യാപാര സമൂഹത്തിന് അനുകൂലമായ തീരുമാനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിനായി നടത്തുന്ന സമരത്തില്‍ മുഴുവന്‍ വ്യാപാരികളും പങ്കെടുക്കണമെന്ന് ദേവസ്യ മേച്ചേരി അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: