പാര്‍ട്ടിക്കായി ഗ്രൂപ്പ് മാറ്റിവയ്ക്കണം; ശൈലിയും നയവും തിരുത്തില്ല: സുധാകരൻ

കെപിസിസി അധ്യക്ഷ സ്ഥാനം വലിയ വെല്ലുവിളായാൈണെന്നും ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുകയാണെന്നും കെ സുധാകരന്‍. ഗ്രൂപ്പിനതീതമായി എല്ലാവരെയും ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടു പോവാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും കെ സുധാകരന്‍ പറഞ്ഞു.

വലിയ വെല്ലുവിളിയാണ്. വെല്ലുവിളി ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാനുള്ള മാര്‍ഗങ്ങളും സംവിധാനങ്ങളും സാഹചര്യങ്ങളും കോണ്‍ഗ്രസിനകത്തുണ്ട്. കോണ്‍ഗ്രസിനകത്ത് എത്രയോ കാലമായി അഭിപ്രായ വെത്യാസമുണ്ട്. അതൊക്കെ സന്ദര്‍ഭത്തിനും സാഹചര്യത്തിനും അനുസരിച്ച് തീര്‍ത്ത് ഒറ്റക്കെട്ടായി പോയ രാഷ്ട്രീയ ചരിത്രമാണ് കോണ്‍ഗ്രസിന്റേത്. ആ പാരമ്പര്യത്തിന്റൈ പിന്‍മുറക്കാരനെന്ന നിലയ്ക്ക് എല്ലാവരെയും ഒന്നിച്ചു നിര്‍ത്താനാവുമെന്ന് ആത്മവിശ്വാസമുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

‘എല്ലാ നേതാക്കളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രന്റെയും ഉമ്മന്‍ചാണ്ടിയുടെയും പ്രതികരണം വളരെ അനുകൂലമാണ്. എല്ലാ പിന്തുണയുമുണ്ടാകുമെന്ന് രണ്ട് നേതാക്കളും തുറന്നു പറഞ്ഞു. നല്ല സ്വരത്തില്‍ തന്നെയാണ് പറഞ്ഞത്. ആദ്യം ഉമ്മന്‍ചാണ്ടി സംസാരിച്ചു. പിന്നീട് രമേശ് ചെന്നിത്തല സംസാരിച്ചു. ഇന്നവരെ നേരിട്ട് കാണും. അവരോടൊക്കെ അഭിപ്രായം ചോദിച്ച ശേഷമേ പാര്‍ട്ടിയുടെ ഏത് കാര്യത്തിലും ഞങ്ങളൊക്കെ തീരുമാനമെടുക്കൂ. പക്ഷെ ഗ്രൂപ്പിന്റെ താല്‍പര്യങ്ങള്‍ മാറ്റി വെച്ച് പോവുന്നതാണ് പാര്‍ട്ടിക്ക് ഉചിതം. ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലനില്‍പ്പിന് വേണ്ടി എല്ലാ നേതാക്കളും സഹകരിക്കുമെന്നാണ് എന്റെ വിശ്വാസം.’

‘മഹാമാരിയില്‍ കഷ്ടപ്പെടുന്ന ജനങ്ങള്‍ക്കായി സര്‍ക്കാരെടുക്കുന്ന ഏത് തീരുമാനത്തോടൊപ്പവും ഞങ്ങള്‍ നില്‍ക്കും. പക്ഷെ ഈ കൊവിഡ് സാഹചര്യം രാഷ്ട്രീയപരമായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ശക്തി യുക്തമായി അതിനെ എതിര്‍ക്കും. കൊവിഡില്‍ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ സഹായിക്കാന്‍ നേരിട്ടിറങ്ങുന്ന വളണ്ടിയര്‍ പാസ് സര്‍ക്കാര്‍ നല്‍കിയത് കേരളത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് മാത്രമാണ്. കണ്ണൂരില്‍ യുഡിഎഫ് കൊടുത്ത ലിസ്റ്റും അവര്‍ അംഗീകരിച്ചിട്ടില്ല. ബുദ്ധിമുട്ടുന്നവരെ യുഡിഎഫ് പ്രവര്‍ത്തകരില്‍ നിന്നകറ്റി നിര്‍ത്തണമെന്ന ഗൂഢലക്ഷ്യം മുന്നില്‍ വെച്ചു കൊണ്ടാണ്’ കെ സുധാകരന്‍ പറഞ്ഞു.

തന്റെ ശൈലി മാറ്റാനുദ്ദേശിക്കുന്നില്ല. ഈ ശൈലി വെച്ച് തന്നെയാണ് കണ്ണൂരില്‍ സിപിഐഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രവര്‍ത്തകരെ അണിനിരത്തി പാര്‍ട്ടി നിലനിര്‍ത്തി കൊണ്ടു പോയത്. ആ ശൈലി പാര്‍ട്ടിക്കും നാട്ടുകാര്‍ക്കുമൊന്നും ഒരു ദോഷവും ചെയ്തിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

താന്‍ ആര്‍എസ്എസുമായി ധാരണയുള്ള നേതാവാണെന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ വിമര്‍ശനത്തിനും കെ സുധാകരന്‍ രൂക്ഷമായി തിരിച്ചടിച്ചു.

‘ആര്‍എസ്എസിലേക്ക് പോവുന്നെന്നും സഹകരിക്കുന്നെമുമുള്ള പ്രചരണം ഉണ്ടാക്കിയത് സിപിഐഎമ്മാണ്. എന്താണ് അവര്‍ക്കതിനുള്ള തെളിവ്. അവര്‍ക്ക് ഞാന്‍ ആര്‍എസ്എസിനോടൊപ്പമാണെന്ന് ന്യൂനപക്ഷങ്ങള്‍ക്ക് മുന്നില്‍ വരച്ചു കാട്ടി എന്നെ ദുര്‍ബലമാക്കാനുള്ള ശ്രമമാണ്. എംഎ ബേബി അത്തരമൊരു കട്ടില്‍ കണ്ട് പനിക്കേണ്ട. എന്റെ മതേതരത്വം എത്രയോ കാലമായി ജനങ്ങളുടെ മുന്നിലുള്ളതാണ്. അതിന് ഒരു പോറലേല്‍പ്പിക്കാന്‍ സാധിക്കില്ല. കോണ്‍ഗ്രസില്‍ ജനിച്ച് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച കോണ്‍ഗ്രസില്‍ മരിക്കണമെന്നാണ് എന്റെ ആഗ്രഹമെന്ന എത്രയോ തവണ പറഞ്ഞതാണ്. എന്നിട്ടും എംഎ ബേബി ഉന്നയിക്കുന്ന ആരോപണം നാണം കെട്ട രാഷ്ട്രീയമാണ്,’ കെ സുധാകരന്‍ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: