വിദേശത്ത് നിന്നെത്തിയ രണ്ടു പ്രവാസികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു,നിരീക്ഷണ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കാൻ 13.45 കോടി

മേയ് ഏഴിന് കേരളത്തിലെത്തിയ ദുബായ് കോഴിക്കോട് വിമാനത്തിലെ ഒരാൾക്കും അബുദാബി കൊച്ചി വിമാനത്തിലെ ഒരാൾക്കും കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത് ആശങ്കസൃഷ്ടിക്കുന്ന കാര്യമാണെങ്കിലും പ്രതീക്ഷിച്ചിരുന്നതാണ്. ഇവരുടെ കൂടെ യാത്ര ചെയ്തവരുടെ നിരീക്ഷണം ശക്തിപ്പെടുത്തും. നമ്മുടെ ഇടപെടലും രോഗ പ്രതിരോധവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നാണ് വിദേശത്ത് നിന്നെത്തിയവരിൽ രോഗം കണ്ടെത്തിയത് സൂചിപ്പിക്കുന്നത്. വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ എത്തുന്ന സാഹചര്യത്തിൽ ജാഗ്രത തുടരണമെന്ന മുന്നറിയിപ്പാണ് ഇത് നൽകുന്നത്. ഇടുക്കിയിൽ ചികിത്‌സയിലുണ്ടായിരുന്ന ഒരാൾ രോഗമുക്തനായി. നിലവിൽ 17 പേരാണ് ചികിത്‌സയിലുള്ളത്. 23930 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 23596 പേർ വീടുകളിലും 334 പേർ ആശുപത്രികളിലുമാണുള്ളത്. 36648 സാമ്പിളുകൾ പരിശോധന നടത്തിയതിൽ ഫലം ലഭിച്ച 36002 സാമ്പിളുകൾ നെഗറ്റീവാണ്. മുൻഗണനാ വിഭാഗത്തിലെ 3475 സാമ്പിളുകൾ പരിശോധന നടത്തിയതിൽ ഫലം ലഭിച്ച 3231 എണ്ണം നെഗറ്റീവാണ്.

തിരിച്ചെത്തുന്ന പ്രവാസികൾക്ക് വേണ്ട സൗകര്യം ഒരുക്കാൻ എല്ലാ ജില്ലകളിലും നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. ഓരോ നിരീക്ഷണ കേന്ദ്രങ്ങളിലും ഒന്നു വീതം ഡോക്ടർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രങ്ങളിൽ ആവശ്യമായ സൗകര്യം ഒരുക്കാൻ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ഏപ്രിൽ ഒന്നു മുതൽ മേയ് എട്ട് വരെ 13.45 കോടി രൂപ അനുവദിച്ചു. രോഗലക്ഷണമുള്ളവരെ ചികിത്‌സിക്കുന്നതിന് വിവിധ വിഭാഗങ്ങളായി തിരിച്ച് 207 സർക്കാർ ആശുപത്രികൾ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ സേവനം ഉപയോഗിക്കാൻ 125 സ്വകാര്യ ആശുപത്രികളെയും സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം വേഗം വർധിച്ചാൽ 27 ആശുപത്രികളെ സമ്പൂർണ കോവിഡ് കെയർ ആശുപത്രികളായി മാറ്റും.

സർക്കാർ കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവരെ ആരോഗ്യ പ്രവർത്തകർ നിരന്തരം ബന്ധപ്പെടും. കെയർ സെന്ററുകളിൽ 24 മണിക്കൂർ ആരോഗ്യ പ്രവർത്തകരുടെ സേവനം ഉണ്ടാവും. രോഗലക്ഷണം കണ്ടാൽ വീഡിയോ കോൾ വഴി ഡോക്ടർമാർ ബന്ധപ്പെടും. ഇ ജാഗ്രത ആപ്പ് ഉപയോഗിച്ച് ടെലി മെഡിസിൻ സേവനവും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: