മുഖ്യമന്ത്രിയുടെ ഇന്നത്തെ (09/05/2020) വാര്‍ത്താസമ്മേളനത്തിന്റെ പൂർണ രൂപം വായിക്കാം

ഇന്ന് 2 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് വന്നിട്ടുള്ളത്. രണ്ടും വിദേശത്തുനിന്ന് കഴിഞ്ഞദിവസം വിമാനത്തില്‍ എത്തിയവരാണ്. ഒരാള്‍ കോഴിക്കോട്ടും അടുത്തയാള്‍ കൊച്ചിയിലും ചികിത്സയിലാണ്. 7-ാം തീയതി ദുബായില്‍നിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലും അബുദാബിയില്‍നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും ഉണ്ടായിരുന്ന ഓരോരുത്തര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ഇടുക്കിയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായിട്ടുണ്ട്.

ഇതുവരെ 505 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 17 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 23,930 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 23,596 പേര്‍ വീടുകളിലും 334 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 36,648 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 36,002 എണ്ണം രോഗബാധ ഇല്ല എന്നുറപ്പായിട്ടുണ്ട്. സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 3475 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3231 നെഗറ്റീവായിട്ടുണ്ട്.

നമ്മുടെ ഇടപെടലും പ്രതിരോധവും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നാണ് ഇന്നു വന്ന പരിശോധനാ ഫലം സൂചിപ്പിക്കുന്നത്. വിദേശത്തുനിന്നായാലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നായാലും ഇങ്ങോട്ടുവരുന്നവരും അവര്‍ക്കുവേണ്ടിയുള്ള സുരക്ഷാ സംവിധാനങ്ങളും പൂര്‍ണ ജാഗ്രതയോടെ തുടരണം എന്ന മുന്നറിയിപ്പു കൂടിയാണിത്.

ലോകത്തിന്‍റെ ഏതു ഭാഗത്ത് കുടുങ്ങിയാലും കേരളീയരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രവാസികളുടെ തിരിച്ചുവരവിനായി വേണ്ട തയ്യാറെടുപ്പുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിനായി കേന്ദ്ര സര്‍ക്കാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.

വിദേശത്തുനിന്ന് വരുന്നവരുടെ മുന്‍ഗണനാക്രമം തയ്യാറാക്കുന്നതും എത്ര പേരെയാണ് നാട്ടില്‍ കൊണ്ടുവരേണ്ടത്, ഏതു വിമാനത്താവളത്തിലാണ് അവരെ എത്തിക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കുന്നതും യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്നതും അതിന്‍റ ചെലവ് ഈടാക്കുന്നതും കേന്ദ്ര സര്‍ക്കാരാണ്.

നാട്ടിലെത്തിക്കഴിഞ്ഞാല്‍ അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാരാണ്. കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് എല്ലാ ജില്ലകളിലും നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചിട്ടുണ്ട്. പ്രവാസികള്‍ക്കായുള്ള നടപടികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ഏകോപിപ്പിക്കുന്നതും ക്വാറന്‍റൈന്‍ സംവിധാനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും ഇവരാണ്. വിമാനത്താവളത്തിലെ മെഡിക്കല്‍ പരിശോധനക്കു ശേഷം കെഎസ്ആര്‍ടിസി ബസ്സുകളില്‍ മടങ്ങിയെത്തുന്ന പ്രവാസികളെ നിശ്ചയിച്ചിരിക്കുന്ന താമസ സ്ഥലങ്ങളില്‍ എത്തിക്കുന്നുണ്ട്.

ഓരോ കേന്ദ്രത്തിനും ഒന്നുവീതം ഡോക്ടര്‍ ഉള്‍പ്പെടെ വൈദ്യസഹായം ഉറപ്പുവരുത്തിയിട്ടുണ്ട്. നിരീക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പു ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. മേല്‍നോട്ടത്തിന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയും നിയമിച്ചിട്ടുണ്ട്. ആവശ്യമായ ആംബുലന്‍സ് സൗകര്യവും ഓരോ നിരീക്ഷണ കേന്ദ്രത്തിലുമുറപ്പുവരുത്തിയിട്ടുണ്ട്.

സൗകര്യങ്ങള്‍ ഒരുക്കുന്നതിനും മറ്റുമായി സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നും എപ്രില്‍ 1 മുതല്‍ ഇന്നലെ വരെ 13.45 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വൈദ്യതി ബോര്‍ഡും വാട്ടര്‍ അതോറിറ്റിയും തുടര്‍ച്ചയായി വൈദ്യുതിയും വെള്ളവും ഉറപ്പുവരുത്തുന്നുണ്ട്.

രോഗലക്ഷണമുള്ളവരെ ചികിത്സിക്കാന്‍ വിവിധ പ്ലാനുകളിലായി തിരിച്ച് 207 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമാക്കിയിട്ടുണ്ട്.  ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ 125 സ്വകാര്യ ആശുപത്രികളെയും സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാല്‍ 27 ആശുപത്രികളെ സമ്പൂര്‍ണ കോവിഡ് കെയര്‍ ആശുപത്രികളാക്കും.

കേരളത്തിലോ ഇന്ത്യയില്‍ത്തന്നെയോ രോഗം നിയന്ത്രിതമായി എന്നതുകൊണ്ടു മാത്രം നാം സുരക്ഷിതരാവുന്നില്ല. കോവിഡ് 19 കേസുകള്‍ സ്ഥിരീകരിക്കപ്പെട്ട ഒരു രാജ്യവും അതിനെ പൂര്‍ണ്ണമായി അതിജീവിച്ചിട്ടില്ല. ഇപ്പോഴും ദിവസേന പുതിയ കേസുകള്‍ എല്ലാ രാജ്യത്തും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ലോകത്താകെ കൊറോണ ബാധിതരുടെ എണ്ണം 38.2 ലക്ഷമാണ്. 2,64,000ത്തോളം പേര്‍ മരണമടഞ്ഞു.

ഇന്ത്യയില്‍ നിലവിലെ രോഗികളുടെ എണ്ണം നാല്‍പതിനായിരത്തോട് അടുക്കുകയാണ്. മരണസംഖ്യ ഇന്ന് രാവിലത്തെ കണക്കനുസരിച്ച് 1981. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം ആറായിരം കവിഞ്ഞു. മരണം 40 ആയി. കര്‍ണാടകത്തില്‍ രോഗികളുടെ എണ്ണം 753ഉം മരണം 30ഉം ആണ്. ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികളുള്ള സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 20,000ത്തോട് അടുക്കുന്നു. മരണസംഖ്യ 731.

ഈ സാഹചര്യത്തിലാണ് നാം കോവിഡ് 19നെ പ്രതിരോധിക്കുന്നത്. അതുകൊണ്ടുതന്നെ മടങ്ങിയെത്തുന്ന പ്രവാസികളുടെ ആരോഗ്യം സംരക്ഷിക്കുന്നതും രോഗവ്യാപനം പിടിച്ചുനിര്‍ത്തുന്നതും ഏറ്റവും പ്രധാന ചുമതലയായി നാം ഏറ്റെടുക്കുകയാണ്.

സര്‍ക്കാരിന്‍റെ കെയര്‍ സെന്‍ററുകളില്‍ കഴിയുന്നവരേയും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരേയും ആരോഗ്യ പ്രവര്‍ത്തകര്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കും. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവര്‍ക്ക് ബന്ധപ്പെടാവുന്ന നമ്പരും നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്‍റെ കെയര്‍ സെന്‍ററുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം 24 മണിക്കൂറും ഉറപ്പുവരുത്തിയിട്ടുണ്ട്. കോവിഡ് ആശുപത്രികളുടെ നിയന്ത്രണത്തിലാണ് ഓരോ കെയര്‍സെന്‍ററും.

നിരീക്ഷണത്തിലുള്ളവര്‍ക്കായി കോവിഡ്-19 ഇ-ജാഗ്രത ആപ്പും തയ്യാറാക്കിയിട്ടുണ്ട്. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ വീഡിയോ കോള്‍ വഴി ഡോക്ടര്‍മാര്‍ ഇവരുമായി ബന്ധപ്പെടുന്നു. ചെറിയ രോഗലക്ഷണമുള്ളവര്‍ക്ക് ഇ-ജാഗ്രത ആപ്പ് വഴി ടെലി മെഡിസിനിലൂടെ മരുന്ന് കുറിക്കുകയും ആരോഗ്യ പ്രവര്‍ത്തകര്‍ ആ മരുന്ന് എത്തിച്ച് നല്‍കുകയും ചെയ്യുന്നു. ആവശ്യമുണ്ടെങ്കില്‍ മെഡിക്കല്‍ ടീം ഇക്കാര്യം ചര്‍ച്ച ചെയ്ത് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് അയച്ച് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കോവിഡ് ആശുപത്രിയിലെത്തിക്കുന്നു. ആശുപത്രിയില്‍ വെച്ചാണ് സ്രവമെടുത്ത് ആര്‍ടി, പിസിആര്‍ പരിശോധനയ്ക്കായി അയയ്ക്കുന്നത്. തൊട്ടടുത്തിരുന്ന് യാത്ര ചെയ്തവരെയെല്ലാം നിരീക്ഷണത്തിലാണ്. അവരെ പെട്ടെന്ന് ട്രെയിസ് ചെയ്ത് കൂടുതല്‍ ശ്രദ്ധിക്കാനും കഴിയുന്നുണ്ട്.

ഇത്രയും വിശദീകരിച്ചത് നമ്മുടെ ശ്രദ്ധ വളരെ സൂക്ഷ്മതലത്തില്‍ ഉണ്ടാകുന്നു എന്ന് ചൂണ്ടിക്കാണിക്കാനാണ്. വിദേശത്തുനിന്ന് വരുന്നവരായാലും രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളില്‍നിന്ന് വരുന്നവരായാലും ഒരേ സമീപനമാണ് നമുക്കുള്ളത്. ഏറ്റവും പ്രാധാന്യം സുരക്ഷയ്ക്കു തന്നെയാണ്. രോഗവ്യാപനം ഇല്ലാതിരിക്കുക എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അതുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇങ്ങോട്ടുവരാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് പാസ് ഏര്‍പ്പെടുത്തുന്നത്. പാസ് ഇല്ലാതെ പലരും എത്താന്‍ ശ്രമിക്കുന്നുണ്ട്. അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ എത്തി ഇങ്ങോട്ട് കടക്കാനാവാതെ വിഷമിക്കുന്നുമുണ്ട്. താല്‍ക്കാലികമായി അത്തരം ചില പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെങ്കിലും അത് തുടരാനാവില്ല. ഔദ്യോഗിക സംവിധാനങ്ങളിലൂടെ ലഭിക്കുന്ന പാസുമായി വരുന്നവര്‍ക്കു മാത്രമേ അതിര്‍ത്തി കടക്കാന്‍ കഴിയൂ. അതല്ല എങ്കില്‍ രോഗവ്യാപനം തടയാന്‍ സമൂഹമാകെ ചെയ്യുന്ന ത്യാഗം നിഷ്ഫലമാകും.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആളുകള്‍ വരുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ഗണനാ പട്ടികയില്‍പ്പെട്ടവരും സ്വന്തം വാഹനത്തില്‍ വരാന്‍ പറ്റുന്നവരുമാണ് ആദ്യം. അവരാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. വിദൂര സ്ഥലങ്ങളില്‍ അകപ്പെട്ടുകിടക്കുന്നവരെ ട്രെയിന്‍ മാര്‍ഗം കൊണ്ടുവരുന്നതിനുള്ള പരിശ്രമം തുടരുകയാണ്. ആദ്യ ട്രെയില്‍ ഡെല്‍ഹിയില്‍നിന്ന് പുറപ്പെടാനാകുമെന്ന് പ്രതീക്ഷിക്കുന്നു. തീയതി ഉടനെ അറിയാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതില്‍ മുന്‍ഗണന ലഭിക്കുക. മുംബൈ, ബംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍നിന്നും പ്രത്യേക ട്രെയിനുകള്‍ ആലോചിച്ചിട്ടുണ്ട്. മറ്റു മാര്‍ഗമില്ലാതെ പെട്ടുപോകുന്നവരെ ഇവിടെനിന്ന് വാഹനം അയച്ച് തിരിച്ചെത്തിക്കല്‍ എങ്ങനെയെന്നത് ആലോചിച്ച് അതിനുതകുന്ന നടപടിയും പിന്നീട് സ്വീകരിക്കും. എല്ലാവരെയും ഇങ്ങോട്ടുകൊണ്ടുവരിക എന്നതാണ് സമീപനം.  

ഇങ്ങനെ ക്രമം നിശ്ചയിക്കുന്നത് വരുന്ന ഓരോരുത്തര്‍ക്കും കൃത്യമായ പരിശോധനകളും പരിചരണവും നിരീക്ഷണവും ഉറപ്പാക്കാനാണ്. അതിലൂടെ മാത്രമേ രോഗം പരിധിവിട്ട് വ്യാപിക്കുന്നത് നമുക്ക് തടയാന്‍ കഴിയൂ. അതിര്‍ത്തിയില്‍ ഉണ്ടാകുന്ന തിരക്കും ആരോഗ്യവിവരങ്ങള്‍ മറച്ചുവെച്ചും അനധികൃത മാര്‍ഗങ്ങളിലൂടെയുമുള്ള വരവും ശക്തമായി തടഞ്ഞില്ലെങ്കില്‍ നാം ആപത്തിലേക്ക് നീങ്ങും.

ഒരാള്‍ അതിര്‍ത്തി കടന്നുവരുമ്പോള്‍ എവിടെനിന്നു വരുന്നു? എങ്ങോട്ടുപോകുന്നു? എത്തിച്ചേരുന്ന സ്ഥലത്ത് എന്തൊക്കെ സംവിധാനങ്ങള്‍? എന്നിങ്ങനെയുള്ള കൃത്യമായ ധാരണ സര്‍ക്കാരിന് വേണം. എല്ലാ സൗകര്യങ്ങളും ഉറപ്പാവുകയും വേണം. അതിനിടയ്ക്ക് ഇതൊന്നുമില്ലാതെ എല്ലാവര്‍ക്കും ഒരേസമയം കടന്നുവരണം എന്ന ആവശ്യം അംഗീകരിക്കാനാവില്ല. ആളുകള്‍ക്ക് പ്രയാസങ്ങളുണ്ട്. അത് സര്‍ക്കാര്‍ മനസ്സിലാക്കുന്നുമുണ്ട്. ആ പ്രയാസങ്ങളെ മുതലെടുത്ത് വ്യാജപ്രചാരണം പാടില്ല. പുറത്തുനിന്ന് എത്തുന്നവര്‍ എത്തേണ്ടിടത്തു തന്നെ എത്തണം. അത് പോലീസ് ഉറപ്പുവരുത്തുന്നുണ്ട്. അങ്ങനെയല്ലെങ്കില്‍ അത് ചട്ടലംഘനമായി മാറും. അക്കാര്യത്തില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും.

സംസ്ഥാനത്തേക്ക് കടക്കുന്നതിനുള്ള പാസ് വിതരണം നിര്‍ത്തിവെച്ചിട്ടില്ല. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സമയം നിശ്ചയിച്ചുകൊടുക്കുന്നുണ്ട്. അതിര്‍ത്തിയിലെ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ക്രമീകരണങ്ങളുമായി എല്ലാവരും സഹകരിക്കണം. എല്ലാവര്‍ക്കും ഒരേ സമയം നാട്ടിലെത്തണമെന്ന് ആഗ്രഹമുണ്ടാകും. എന്നാല്‍ അതിന് ഇപ്പോള്‍ കഴിയില്ല. അത് ക്രമപ്പെടുത്തുന്നതിനാണ് പാസ് നല്‍കിയത്. പാസ് നല്‍കിയതുപ്രകാരം എല്ലാവരും എത്തണം. അല്ലെങ്കില്‍ നിലവിലുള്ള ക്രമീകരണങ്ങളുടെ താളംതെറ്റിപ്പോകും. സാഹചര്യം മനസ്സിലാക്കി മാധ്യമങ്ങളും വാര്‍ത്തകള്‍ നല്‍കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

തിരുവനന്തപുരത്തെ ഇഞ്ചിവിള, കൊല്ലത്തെ ആര്യങ്കാവ്, പാലക്കാട്ടെ വാളയാര്‍, വയനാട്ടിലെ മുത്തങ്ങ, കാസര്‍കോട്ടെ തലപ്പാടി എന്നീ ചെക്ക് പോസ്റ്റുകളിലൂടെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരെ കേരളത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നത്. ഓരോ ചെക്ക്പോസ്റ്റിലൂടെയും സാധ്യമാകുന്ന ആളുകള്‍ക്കാണ് പാസ് അനുവദിക്കുന്നത്.

സംസ്ഥാനത്തേക്ക് കടക്കാന്‍ പാസില്ലാതെ ധാരാളംപേര്‍ ചെക്ക്പോസ്റ്റുകളില്‍ ഇന്ന് എത്തിയിട്ടുണ്ട്. പാസില്ലാത്തവരെ അതിര്‍ത്തിയില്‍ നിന്നുതന്നെ മടക്കി അയക്കുകയാണ് ചെയ്യുന്നത്.  ചിലര്‍ കാലാവധി കഴിഞ്ഞ പാസ് കൊണ്ടുവരുന്നുണ്ട്. മറ്റുചിലര്‍ പാസില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതിക്ക്  മുമ്പേ എത്തിയവരാണ്. വാഹനം കിട്ടാനുളള ബുദ്ധിമുട്ട് മുതലായ കാരണങ്ങളാല്‍ വൈകിയവരാണെങ്കില്‍ തീയതിയില്‍ ഒന്നോ രണ്ടോ ദിവസത്തെ വ്യത്യാസം വകവയ്ക്കാതെ ഇളവ് അനുവദിച്ച് കൊടുക്കുന്നുണ്ട്.

അതിര്‍ത്തി കടന്ന് എത്തുന്നവരുടെ പരിശോധനകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി പ്രവേശനാനുമതി നല്‍കാന്‍ തിരുവന്തപുരം റൂറല്‍, കൊല്ലം റൂറല്‍, പാലക്കാട്, വയനാട്, കാസര്‍കോട് എസ്പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി ജനമൈത്രി പൊലീസിന്‍റെ സേവനവും വിനിയോഗിക്കുന്നുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിന് അഞ്ച് ചെക്ക് പോസ്റ്റുകളിലും കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. പാസ് ഇല്ലാത്ത ആരെയും കടത്തിവിടില്ല എന്ന കാര്യം ഒന്നുകൂടി ഓര്‍മിപ്പിക്കുന്നു. പാസ് കിട്ടിയാല്‍ മാത്രമേ പുറപ്പെടാന്‍ പാടുള്ളു. ഇതുവരെ 21,812 പേര്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെത്തിയിട്ടുണ്ട്. 54,262 പേര്‍ക്കാണ് ഇതുവരെ പാസ് നല്‍കിയിട്ടുള്ളത്.

ഇന്ത്യയ്ക്കകത്തെ പ്രവാസി കേരളീയരുടെ സൗകര്യത്തിനായി നാല് ഹെല്‍പ്പ്ഡെസ്ക്കുകള്‍ തുടങ്ങും. ഡെല്‍ഹി കേരള ഹൗസ്, മുംബൈ കേരള ഹൗസ്, ബംഗളൂരു, ചെന്നൈ നോര്‍ക്ക ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഹെല്‍പ്പ്ഡെസ്ക്ക് പ്രവര്‍ത്തിക്കുക. ഈ നാല് കേന്ദ്രങ്ങളിലും അതത് സംസ്ഥാനങ്ങളിലുള്ള പ്രവാസി കേരളീയര്‍ക്കായി കോള്‍ സെന്‍ററുകളും ആരംഭിക്കും.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആളുകളെ എത്തിക്കാന്‍ സന്നദ്ധരായി ടൂറിസ്റ്റ് വാഹന ഓപ്പറേറ്റര്‍മാര്‍ മുന്നോട്ടുവന്നിട്ടുണ്ട്. ടൂറിസം വകുപ്പ് 493 വാഹനങ്ങള്‍ ഇങ്ങനെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് 152 പ്രവാസികള്‍ ഇന്നലെ (മെയ് 8) കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. 142 പ്രവാസികളായ മലയാളികളും കര്‍ണാടക സ്വദേശികളായ എട്ടുപേരും തമിഴ്നാട് നിന്നുള്ള രണ്ടുപേരുമാണ് വന്നത്. യാത്രക്കാരില്‍ 128 മുതിര്‍ന്നവരും 24 കുട്ടികളുമായിരുന്നു. 78 പേര്‍ ഗര്‍ഭിണികളും. ഇതില്‍ 34 പേരെ സര്‍ക്കാര്‍ ഒരുക്കിയ വിവിധ കോവിഡ് കെയര്‍ സെന്‍ററുകളിലേയ്ക്കും ഏഴുപേരെ അവര്‍ ആവശ്യപ്പെട്ട പ്രകാരം സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക കോവിഡ് കെയര്‍ സെന്‍ററുകളിലേക്കും മാറ്റി.

ഗര്‍ഭിണികള്‍ക്ക് പ്രത്യേകമായ പരിഗണന നല്‍കുന്നുണ്ട്. വീടുകളിലെ ക്വാറന്‍റൈനാണ് അവര്‍ക്ക് അനുവദിച്ചിരിക്കുന്നത്. അവരും വീട്ടുകാരും കര്‍ക്കശമായി സുരക്ഷാമാനദണ്ഡം പാലിക്കണം. ഗര്‍ഭിണികള്‍ക്ക് ആശുപത്രികളില്‍ പോകണമെങ്കില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കണം.

ആരോഗ്യ പ്രശ്നങ്ങളില്ലാത്ത ഗര്‍ഭിണികള്‍ ഉള്‍പ്പടെ പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ള 114 പേരെ വീടുകളില്‍ നിരീക്ഷണത്തിനയച്ചു. വിമാനത്തിലെത്തിയ യാത്രക്കാരില്‍ നാല് പേരെ വിവിധ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്നലെയെത്തിയ ബഹ്റൈന്‍-കൊച്ചി വിമാനത്തില്‍ 181 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 87 പേര്‍ പുരുഷന്‍മാരും 94 പേര്‍ സ്ത്രീകളുമാണ്. ഗര്‍ഭിണികള്‍ 25 പേരും പത്ത് വയസ്സില്‍ താഴെയുള്ള 28 കുട്ടികളുമുണ്ട്. ഇതില്‍ എറണാകുളം സ്വദേശികളായ 15 പേരെ കോവിഡ് കെയര്‍ സെന്‍ററിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഇന്ന് മസ്കറ്റ്-കൊച്ചി, കുവൈത്ത്-കൊച്ചി, ദോഹ-കൊച്ചി എന്നിങ്ങനെ മൂന്ന് വിമാനങ്ങളാണ് കേരളത്തിലെത്തുന്നത്.

സംസ്ഥാനത്ത് വേനല്‍മഴയോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. ജനങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യേകമായ ജാഗ്രത പുലര്‍ത്തണം

ഞായറാഴ്ച

ഞായറാഴ്ച ലോക്ക്ഡൗണ്‍ എങ്ങനെ എന്നതിനെക്കുറിച്ച് ചോദ്യം ഉയര്‍ന്നിരുന്നുവല്ലൊ. അതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. അവശ്യ സാധനങ്ങള്‍, പാല്‍ വിതരണവും ശേഖരണവും, ആശുപത്രികള്‍, ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍, കോവിഡ് 19 പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകള്‍, മാലിന്യനിര്‍മാര്‍ജനം നടത്തുന്ന സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാകും.

ഹോട്ടലുകളില്‍ ടേക്ക് എവേ സര്‍വീസ് കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മേല്‍ സൂചിപ്പിച്ച അനുവദനീയ കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കും മാത്രമാകും സഞ്ചാരത്തിനുള്ള അനുവാദം. വേറെ അടിയന്തര സാഹചര്യം വന്നാല്‍ ജില്ലാ അധികാരികളുടെയോ പൊലീസിന്‍റെയോ പാസുമായി മാത്രമേ യാത്ര അനുവദിക്കൂ.

ക്വാറന്‍റൈന്‍

ക്വാറന്‍റൈന്‍ കാര്യത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ ശാസ്ത്രീയമായി പഠിക്കാന്‍ ഡോ. ബി. ഇക്ബാലിന്‍റെ നേതൃത്വത്തില്‍ ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ആ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതനുസരിച്ച് ചില ക്രമീകരണങ്ങള്‍ വരുത്തുകയാണ്. കേരളത്തിന്‍റെ പ്രത്യേക സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന ആളുകള്‍ക്ക് ആദ്യം മെഡിക്കല്‍ പരിശോധന നടത്തും. അതില്‍ രോഗലക്ഷണം ഇല്ലാത്തവരെ 14 ദിവസം വീടുകളിലേക്ക് ക്വാറന്‍റൈനില്‍ അയക്കും. രോഗലക്ഷണമുണ്ടെങ്കില്‍ പിസിആര്‍ ടെസ്റ്റ് നടത്തുകയും കോവിഡ് ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യും.

ക്വാറന്‍റൈന്‍ സമയത്ത് എന്തെങ്കിലും രോഗലക്ഷണം കാണുകയാണെങ്കില്‍ പിസിആര്‍ ടെസ്റ്റും തുടര്‍ചികിത്സയും ലഭ്യമാക്കും. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ടെസ്റ്റ് ചെയ്യും. ആന്‍റിബോഡി കിറ്റുകള്‍ പരമാവധി ലഭ്യമാക്കുന്നതിന് ശ്രമിക്കുന്നുണ്ട്. അതിനനുസരിച്ച് ആന്‍റിബോഡി ടെസ്റ്റ് തീരുമാനിക്കപ്പെടുകയും ചെയ്യും.

കേരളത്തിന്‍റെ സവിശേഷ സാഹചര്യവും സംസ്ഥാനത്ത് എത്തിച്ചേരാനുള്ള പ്രവാസികളുടെ ബാഹുല്യവും കണക്കിലെടുത്താണ് ഈ ക്രമീകരണങ്ങള്‍ വരുത്തുന്നത്. കേരളത്തില്‍ വീടുകളിലെ നിരീക്ഷണ സമ്പ്രദായം ഫലപ്രദമാണ് എന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും സഹകരണത്തോടെ ഈ സംവിധാനം മറ്റ് എന്തിനേക്കാളും മെച്ചമാണ് എന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. കമ്മിറ്റി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

വീടുകളില്‍ ക്വാറന്‍റൈന്‍ ചെയ്യുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങളും നിബന്ധനകളും പ്രസിദ്ധപ്പെടുത്തും.

ഇന്നലെ നിങ്ങള്‍ ചോദിച്ച ഒരു ചോദ്യം തമിഴ്നാട്ടില്‍ നിന്നുവന്ന അമ്മയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെക്കുറിച്ചായിരുന്നു. അവര്‍ക്ക് രണ്ടുപേര്‍ക്കും സ്ഥിരീകരിച്ചിട്ടില്ല. അവരുടെ ഫലം നെഗറ്റീവാണ്. ചില കാര്യങ്ങള്‍ ഉറപ്പാക്കി മാത്രമേ പറയാന്‍ പാടുള്ളൂ എന്നതിന്‍റെ സൂചനയാണിത്.

മാതൃദിനം

മാതൃദിനം ആണ് നാളെ. അമ്മമാര്‍ക്കായി സമര്‍പ്പിക്കപ്പെട്ട ദിനം. അമ്മമാരുടെ ഏറ്റവും വലിയ സന്തോഷം കുഞ്ഞുങ്ങളാണ്. കുഞ്ഞുങ്ങളുടെ മരണനിരക്ക് പത്തായിരുന്നത് ഏഴായി കുറയ്ക്കാന്‍ കേരളത്തിനു സാധിച്ചിരിക്കുന്നു എന്ന വാര്‍ത്ത വരുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ മാതൃദിനം എന്നത് പ്രത്യേക സന്തോഷം തരുന്നു.

ശിശുമരണനിരക്ക് ഒറ്റ അക്കത്തിലേക്ക് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത് വളരെ ശ്രദ്ധേയമായ നേട്ടമായാണ് യുഎന്നിന്‍റെ സസ്റ്റൈനബിള്‍  ഡെവലപ്മെന്‍റ് വിഭാഗം കരുതുന്നത്. ദേശീയ ശരാശരി 32 ആയിരിക്കെയാണ് കേരളം ഏഴിലേക്ക് എത്തുന്നത്. ഐക്യരാഷ്ട്രസഭപോലും 2020ല്‍ ശിശുമരണനിരക്ക് എട്ടിലേക്ക് കുറയ്ക്കുക എന്നത് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുമ്പോഴാണ് നാം ഇവിടെ ശിശുമരണനിരക്ക് ഏഴിലേക്ക് കുറയ്ക്കുന്നത്. അതായത് ആയിരം കുട്ടികള്‍ ജനിക്കുമ്പോള്‍ 993 കുട്ടികളും ജീവിക്കുന്ന അവസ്ഥ. അപ്പോഴും ഏഴു കുഞ്ഞുങ്ങള്‍ മരിക്കുന്നു എന്നതു സങ്കടകരമാണ്. അതു സീറോയിലേക്കു കൊണ്ടുവരികയാണ് നമ്മുടെ ലക്ഷ്യം.

ക്ഷേത്രങ്ങളുടെ ഫണ്ട് സര്‍ക്കാര്‍ എടുത്തുകൊണ്ടുപോകുന്നു എന്ന പ്രചാരണം ഉണ്ട്. അത്തരമൊരു സമീപനം സര്‍ക്കാരിനില്ല.

കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പരിശോധിച്ചാല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് നൂറു കോടി രൂപയും മലബാര്‍-കൊച്ചി ദേവസ്വങ്ങള്‍ക്ക് 36 കോടിയുമാണ് നീക്കിവെച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട് നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലെ ഇടത്താവളങ്ങള്‍ക്കു വേണ്ടി കിഫ്ബി 142 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ശബരിമല തീര്‍ത്ഥാടത്തിനുള്ള പ്രത്യേക ഗ്രാന്‍റ് 30 കോടി രൂപയുടെതായിരുന്നു. കൂത്താട്ടുകളം മഹാദേവ ക്ഷേത്രമടക്കം തകര്‍ച്ച നേരിടുന്ന പുരാതന ക്ഷേത്രങ്ങളുടെ പരിരക്ഷണത്തിനായി ഒരു പ്രത്യേക പ്രൊജക്ട് നടപ്പാക്കിവരികയാണ് സര്‍ക്കാര്‍. ഇതിനായി 5 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. തത്വമസി എന്ന പേരിലുള്ള ഒരു തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് ആവിഷ്കരിച്ചിട്ടുണ്ട്. ട്രാവന്‍കൂര്‍ ഹെറിറ്റേജ് സ്കീം പ്രകാരം 10 കോടി രൂപ നീക്കിവെച്ചിരിക്കുന്നു. ബജറ്റിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ സര്‍ക്കാര്‍ കൊണ്ടുപോകുകയാണോ സര്‍ക്കാര്‍ കൊടുക്കുകയാണോ എന്ന് മനസ്സിലാകും.

ഇതൊക്കെയാണ് സത്യമെന്നിരിക്കെ സമൂഹത്തില്‍ മതവിദ്വേഷം പടര്‍ത്താനായി തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ചിലര്‍. ഒരു മഹാദുരന്തത്തിന്‍റെ ഘട്ടത്തില്‍ പോലും ‘ചോരതന്നെ കൊതുകിന് കൗതുകം’ എന്ന മട്ടില്‍ പെരുമാറരുത് എന്നേ പറയാനുള്ളൂ.  

ഇന്‍ഡ്യയിലെ പല ക്ഷേത്രങ്ങളും അതാത് സംസ്ഥാനങ്ങളിലെ ഗവണ്‍മെന്‍റുകള്‍ക്ക്  ദുരിതാശ്വാസ സഹായം നല്‍കിയിട്ടുണ്ട്. നിങ്ങളുടെ അറിവിലേക്കായി ഒരു കോടിയും അതിനു മുകളിലേക്കും കൊടുത്ത ക്ഷേത്രങ്ങളുടെ പേരുകള്‍ പരാമര്‍ശിക്കാം.

ഗുജറാത്തിലെ സോമനാഥ ക്ഷേത്രം, ഗുജറാത്തിലെ അംബാജി ക്ഷേത്രം, മഹാലക്ഷ്മി  ദേവസ്വം കോലാപൂര്‍ മഹാരാഷ്ട്ര, ഷിര്‍ദ്ദി സായിബാബാ ട്രസ്റ്റ് (മഹാരാഷ്ട്ര) 51 കോടി രൂപ, മാതാ മന്‍സിദേവി  ക്ഷേത്രം ഉത്തരാഖണ്ഡ്, മഹാവീര്‍ ക്ഷേത്രം പാട്ന ബീഹാര്‍.

ദുരിതാശ്വാസനിധി

ഇടുക്കി ജില്ലയിലെ വിവിധ സ്ഥാപനങ്ങളും വ്യക്തികളും 58,89,531 രൂപ

എം.ആര്‍.എഫ് കോട്ടയം യുണിറ്റിലെ സിഐടിയു തൊഴിലാളികള്‍ ഒരു ദിവസത്തെ വേതനം 15,00,550 രൂപ

സ്വാശ്രയ ഫാര്‍മസി കോളേജ് മാനേജ്മെന്‍റ് അസോസിയേഷന്‍ 10 ലക്ഷം രൂപ

രാംകോ സിമന്‍റ് 22,60,880 രുപയുടെ ഇന്‍ഫ്രാ റെഡ് തെര്‍മോമീറ്ററുകള്‍. നേരത്തെ 48,31,681 രൂപയുടെ ഉപകരണങ്ങള്‍ കൈമാറിയിരുന്നു.

തൊടുപുഴ സ്വദേശി സല്‍മ സെബാസ്റ്റ്യന്‍ മുവാറ്റുപുഴ താലൂക്കിലെ എനാനല്ലൂരിലെ  5 സെന്‍റ് ഭൂമി.

മുന്‍ മന്ത്രി ബേബിജോണിന്‍റെ പത്നി അന്നമ്മാ ബേബിജോണ്‍, മകള്‍ ഷീലാ ജയിംസ് എന്നിവര്‍ ഓരോ ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: