മെയ് നാലു മുതല്‍ ജില്ലയിലെത്തിയത് 3500ലേറെ പേര്‍; മടങ്ങിയെത്തുന്നവരുടെ ക്വാറന്റൈന്‍ കര്‍ശനമാക്കാന്‍ നടപടി തുടങ്ങി

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയവരുടെ ക്വാറന്റൈന്‍ നടപടികള്‍ ഉറപ്പുവരുത്താന്‍ ശക്തമായ നടപടികള്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ കൈക്കൊണ്ടിട്ടുള്ള ക്രമീകരണങ്ങള്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി. ആശുപത്രി, കൊറോണ കെയര്‍ സെന്റര്‍ നിരീക്ഷണത്തോടൊപ്പം ഹോം ക്വാറന്റൈന്‍ ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ കോവിഡ് വ്യാപന സാധ്യത ഇല്ലാതാക്കാനാവൂ എന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇതിന് വാര്‍ഡ് തലത്തില്‍ പോലിസ്, തദ്ദേശ സ്ഥാപന പ്രതിനിധി, ആരോഗ്യ വകുപ്പ് പ്രതിനിധി എന്നിവരുടെ നേതൃത്വത്തിലുള്ള സമിതികള്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ഇതിനായി ജില്ലയില്‍ ലോക്ക് ദി ഹോം എന്ന പേരില്‍ പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നുണ്ട്. നേരത്തേയുണ്ടായ അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്, സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കു പോലും രോഗബാധ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഹോം ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. മൊബൈല്‍ ആപ്പ് വഴിയുള്ള നിരീക്ഷണവും ശക്തമാക്കും.

കാലിക്കടവ്, മാഹി, നെടുംപൊയില്‍ എന്നിവിടങ്ങളില്‍ സജ്ജീകരിച്ച ചെക്ക്‌പോയിന്റുകളിലൂടെ കര്‍ശന സ്‌ക്രീനിംഗിന് വിധേയമാക്കിയ ശേഷമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ജില്ലയിലേക്ക് കടത്തിവിടുന്നത്. മെയ് നാലു മുതല്‍ മൂന്ന് അതിര്‍ത്തികളിലൂടെ 3500 ലേറെ പേര്‍ ജില്ലയിലെത്തി. ഇവരില്‍ സ്‌ക്രീനിംഗില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 10 പേരെ ആശുപത്രികളിലും റെഡ് ജില്ലകളില്‍ നിന്നെത്തിയ 568 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 2945 പേരെ വീടുകളിലുമാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. ഇതിനു പുറമെ കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ വഴി 21 വിദേശമലയാളികളും ഇതിനകം ജില്ലയിലെത്തിയിട്ടുണ്ട്. ഇവരില്‍ ഏഴ് ഗര്‍ഭിണികളും അവരുടെ കുട്ടികളും ഉള്‍പ്പെടെ 11 പേര്‍ വീടുകളിലും 10 പേര്‍ കൊറോണ കെയര്‍ സെന്ററുകളിലുമാണുള്ളത്.

യോഗത്തില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ സുമ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, അഡീഷനല്‍ എസ്പി പ്രജീഷ് തോട്ടത്തില്‍, എഡിഎം ഇ പി മേഴ്‌സി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: