സർക്കാർ ഹെലികോപ്റ്ററിന്റെ ആദ്യ ജീവൻരക്ഷാ ദൗത്യവുമായി മസ്തിഷ്‌ക മരണം സംഭവിച്ച അധ്യാപികയുടെ ഹൃദയം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തിച്ചു

ലോക്ക്ഡൗൺ കാലത്ത് അവയവദാനത്തിനുള്ള ഹൃദയവുമായി സംസ്ഥാന സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ആദ്യ പറക്കൽ നടത്തി. തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിൽ ചികിത്‌സയിലായിരുന്ന ചെമ്പഴന്തി അണിയൂർ കല്ലിയറ ഗോകുലത്തിൽ ലാലി ഗോപകുമാർ അന്യൂറിസം ബാധിച്ച് മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടർന്നാണ് ഹൃദയവും വൃക്കകളും കണ്ണുകളും ദാനം ചെയ്യാൻ ബന്ധുക്കൾ സമ്മതിച്ചത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്‌സയിലുള്ള കോതമംഗലം സ്വദേശിയായ സ്ത്രീയ്ക്കാണ് ഹൃദയം വയ്ക്കുന്നത്.

ഹൃദയം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കും മറ്റൊരു വൃക്ക കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും കോർണിയ തിരുവനന്തപുരം ഗവ. കണ്ണാശുപത്രിയ്ക്കുമാണ് നൽകിയത്.

കൊച്ചി ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരാണ് തിരുവനന്തപുരത്ത് ശസ്ത്രക്രിയ നടത്തിയത്. 2.35 ഓടെ ഹൃദയവുമായി ആംബുലൻസ് കിംസ് ആശുപത്രിയിൽ നിന്ന് വിമാനത്താവളത്തിലേക്ക് തിരിച്ചു. വിമാനത്താവളത്തിൽ നിന്ന് ഹൃദയമടങ്ങിയ പെട്ടിയും ഡോക്ടർമാർ ഉൾപ്പെട്ട സംഘവുമായി പറന്നുയർന്ന ഹെലികോപ്റ്റർ എറണാകുളം ഹയാത്ത് ഹോട്ടലിലെ ഹെലിപാഡിൽ 3.50നാണ് ഇറങ്ങിയത്. ഇവിടെ നിന്ന് ലിസി ആശുപത്രിയിലേക്ക് ഹൃദയം വേഗത്തിൽ എത്തിക്കുന്നതിന് പോലീസ് ഗ്രീൻ കോറിഡോർ ഒരുക്കിയിരുന്നു.

പൗണ്ട്കടവ് ഗവ. എൽ.പി.എസ്. സ്‌കൂളിലെ അധ്യാപികയായിരുന്നു അമ്പത് വയസുള്ള ലാലി ഗോപകുമാർ. മേയ് നാലിന് പെട്ടന്ന് ബി.പി. കൂടിയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് കാർഡിയാക് അറസ്റ്റ് സംഭവിച്ചെങ്കിലും അതിൽ നിന്നും മുക്തി നേടിയിരുന്നു. അന്യൂറിസം ഉണ്ടായതിനെ തുടർന്ന് രക്തക്കുഴൽ പൊട്ടി രക്തസ്രാവവും സംഭവിച്ചു. അതോടെ തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയിലേക്ക് പോയ്ക്കൊണ്ടിരുന്നു. തുടർന്ന് മേയ് ഏഴിനാണ് ആദ്യ മസ്തിഷ്‌ക മരണം സംഭവിച്ചത്. എട്ടാം തീയതി രണ്ട് അപ്നിയ ടെസ്റ്റ് നടത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന കുടുംബാംഗങ്ങൾ അതിന് തയ്യാറാവുകയായിരുന്നു.

ലാലി ഗോപകുമാറിന്റെ മകൾ ദേവിക ഗോപകുമാറിനെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഫോണിൽ വിളിച്ച് സാന്ത്വനിപ്പിച്ചു. തീവ്രദു:ഖത്തിലും അവയവദാനത്തിന് തയ്യാറായ ലാലി ഗോപകുമാറിന്റെ ബന്ധുക്കളെ ആദരവറിയിച്ചു. അനേകം കുട്ടികൾക്ക് അറിവ് പകർന്ന ടീച്ചറായ ലാലി ഗോപകുമാർ ഇക്കാര്യത്തിലും മാതൃകയായിരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ‘അമ്മയ്ക്ക് ഇങ്ങനെ സംഭവിച്ച സമയത്ത് ഞങ്ങൾ കുറേ വിഷമിച്ചിരുന്നു. അമ്മ എപ്പോഴും എല്ലാവരേയും സഹായിച്ചിട്ടേയുള്ളൂ. ഞങ്ങളെപ്പോലെ കരയുന്നവരും കാണുമല്ലോ. അവർക്കൊരു സഹായമായാണ് അവയവദാനത്തിന് തയ്യാറായത്’ മകൾ ദേവിക പറഞ്ഞു.

കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാന പ്രകൃയ നടത്തിയത്. ലോക് ഡൗണായതിനാൽ മുഖ്യമന്ത്രിയുടേയും ആരോഗ്യ വകുപ്പ് മന്ത്രിയുടേയും മറ്റ് പല വകുപ്പുകളുടേയും സഹകരണത്തോടെയാണ് അവയവദാന വിന്യാസം നടന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലാ ഭരണകൂടം, പോലീസ്, ട്രാഫിക് തുടങ്ങി പല സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെയാണ് അവയവദാനം നടന്നത്. മെഡിക്കൽ വിദ്യാഭ്യാസ ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അജയകുമാർ, മൃതസഞ്ജീവനി നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ് എന്നിവരാണ് അവയവദാന പ്രകൃയയ്ക്ക് നേതൃത്വം നൽകിയത്.

ലാലിയുടെ ഭർത്താവ് ഗോപകുമാർ ഉള്ളൂരിൽ ബിസിനസ് നടത്തുന്നു. മൂന്ന് മക്കളുണ്ട്. ഗോപിക ഗോപകുമാർ ഗൾഫിൽ നഴ്സാണ്. ദേവിക ഗോപകുമാർ ബി.എച്ച്.എം.എസ്. വിദ്യർത്ഥിയും ഗോപീഷ് ബി.ടെക് വിദ്യാർത്ഥിയുമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: