അഞ്ചരക്കണ്ടി പ്രത്യേക കോവിഡ് ആശുപത്രിയിലെ സമര്‍പ്പിത പരിചരണത്തിന് ഇടവേള; ആരോഗ്യ പ്രവർത്തകർക്ക് ഇനി രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ വാസം

14 ദിവസം കോവിഡ് രോഗികളെ പരിചരിച്ച ശേഷം വീണ്ടും രണ്ടാഴ്ചത്തെ ക്വാറന്റൈനിലേക്ക് പോവുകയാണ് അഞ്ചരക്കണ്ടി പ്രത്യേക കോവിഡ് ആശുപത്രിയിലെ ആദ്യ മെഡിക്കല്‍ സംഘത്തിലെ 34 പേര്‍. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങാതെ തുടര്‍ച്ചയായ ദിവസങ്ങളില്‍ 12 മണിക്കൂറോളം ജോലി ചെയ്തതിന്റെ പ്രയാസങ്ങള്‍ക്കു പകരം അവരുടെ മുഖങ്ങളില്‍ തെളിഞ്ഞു നിന്നത്, ഒരു മഹാമാരിയെ വിജയകരമായി നേരിട്ട് 11 പേരെ കോവിഡ് മുക്തരാക്കി വീട്ടിലേക്ക് അയക്കാനായതിന്റെ നിര്‍വൃതിയായിരുന്നു. ഓര്‍ത്തോര്‍ത്ത് വ്യാകുലപ്പെടാനും സങ്കടപ്പെടാനും കാരണങ്ങളേറെയുണ്ടെങ്കിലും, വീടണയാന്‍ ഇനിയും രണ്ടാഴ്ചത്തെ കാത്തിരിപ്പുണ്ടെങ്കിലും ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ധന്യമായ അനുഭവത്തിലൂടെയാണ് തങ്ങള്‍ കടന്നു പോവുന്നതെന്ന് എല്ലാവരും പറയുന്നു.
മാര്‍ച്ച് 27 നാണ് അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ മെഡിക്കല്‍ സംഘത്തിലെ ആദ്യ ബാച്ച് സേവനം തുടങ്ങിയത്. തൊട്ടുമുമ്പത്തെ ദിവസം പ്രത്യേക ഉത്തരവിലൂടെ ജില്ലാ കലക്ടര്‍ ഏറ്റെടുത്ത ആശുപത്രിയില്‍ ആവശ്യമായ സംവിധാനങ്ങളൊരുക്കുന്നതിലും ഇവര്‍ തന്നെയായിരുന്നു മുമ്പില്‍. അതിനു ശേഷമുള്ള 14 ദിവസങ്ങള്‍ ശരിക്കും പോരാട്ടത്തിന്റെതായിരുന്നു. സ്വന്തത്തെ കുറിച്ചും സ്വന്തക്കാരെ കുറിച്ചുമുള്ള വേവലാതികളെല്ലാം മാറ്റിവച്ച് രോഗീപരിചരണത്തിനായി മാത്രം സമര്‍പ്പിച്ച ദിനരാത്രങ്ങള്‍. ചെറിയൊരു അശ്രദ്ധ പോലും വന്‍ ദുരന്തത്തില്‍ കലാശിച്ചേക്കാമെന്ന ഭീതിക്കിടയിലും ആത്മവിശ്വാസത്തോടെയും ആത്മസമര്‍പ്പണത്തോടെയും തങ്ങളിലേല്‍പ്പിക്കപ്പെട്ട ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാനായതിന്റെ സന്തോഷത്തിലാണവര്‍. ഡോക്ടര്‍മാര്‍ മുതല്‍ ക്ലീനിംഗ് സ്റ്റാഫ് വരെയുള്ളവര്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചുവെന്നതാണ് വിജയരഹസ്യമെന്ന് അവര്‍ പറയുന്നു.
ഏഴു ഡോക്ടര്‍മാര്‍, ഒരു ഹെഡ് നഴ്‌സ്, ഒന്‍പത് സ്റ്റാഫ് നഴ്‌സുമാര്‍, ഒന്‍പത് നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, അഞ്ചു ഡ്രേഡ്-2 ജീവനക്കാര്‍, രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു ഫാര്‍മസിസ്റ്റ് എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ വൈകുന്നേരത്തോടെ കണ്ണൂര്‍ നഗരത്തിലെ ക്ലൈഫോര്‍ഡ് ഹോട്ടലിലേക്ക് തിരിച്ചത്. ഇനിയുള്ള 14 ദിവസങ്ങള്‍ അവിടെ നിരീക്ഷണത്തില്‍ കഴിഞ്ഞ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തി വേണം വീട്ടിലേക്ക് മടങ്ങാന്‍. അവിടെ മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ മുതല്‍ തങ്ങളുടെ പരിചരണമാവശ്യമുള്ള വൃദ്ധ മാതാപിതാക്കള്‍ വരെ കാത്തിരിക്കുന്നുണ്ടെങ്കിലും ഈ ദുരന്തമുഖത്ത് ഇതൊരു വലിയ കാലയളവായി അവര്‍ കാണുന്നില്ല.
കൊറോണ ചികില്‍സ അത്ര സുഖമുള്ള ഏര്‍പ്പാടായിരുന്നില്ലെന്ന് ആശുപത്രിയിലെ കാര്യങ്ങള്‍ ഏകോപ്പിക്കുന്ന നോഡല്‍ ഓഫീസര്‍ ഡോ. സി അജിത്ത് കുമാര്‍ പറയുന്നു. കാരണം കൊറോണ രോഗിയെ പരിചരിക്കുന്നവര്‍ ധരിക്കേണ്ട പിപിഇ കിറ്റ് തന്നെ വലിയ വെല്ലുവിളിയാണ്. ഇതു ധരിക്കാന്‍ തന്നെ വേണം 20 മിനിട്ടിലേറെ സമയം. സാധാരണ വസ്ത്രത്തില്‍ പോലും വിയര്‍ത്തൊലിക്കുന്ന ഈ ചൂടില്‍ കാറ്റ് അകത്തുകടക്കാന്‍ ഒരു ചെറു സുഷിരം പോലുമില്ലാത്ത ഈ ഡ്രസ്സ് ധരിച്ചാലുള്ള അവസ്ഥ ആലോചിച്ചാല്‍ മതി. മാത്രമല്ല, ഇത് ധരിച്ച ശേഷം അഴിക്കുന്നതു വരെയുള്ള നാലിലേറെ മണിക്കൂര്‍ വെള്ളം കുടിക്കാന്‍ പോലും സാധിക്കില്ല. ഏതായാലും എല്ലാ വെല്ലുവിളികളും സന്തോഷത്തോടെ സ്വീകരിച്ചാണ് ആദ്യ മെഡിക്കല്‍ സംഘം ക്വാറന്റൈനിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ജില്ലാ കലക്ടര്‍ ടി വി സുഭാഷും ഡിഎംഒ ഡോ. നാരായണ നായിക്കും ഡിപിഎം ഡോ. കെ വി ലതീഷും ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. അഭിലാഷും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ധൈര്യവും പിന്തുണയുമാണ് ഇത്രവലിയൊരു ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ തങ്ങള്‍ക്ക് കരുത്തായതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് രോഗികളെ ചികില്‍സിക്കുന്ന ആറാം നിലയില്‍ നിന്ന് കൊറോണ ചികില്‍സാ സംഘം കോണിപ്പടികള്‍ ഇറങ്ങിവന്നപ്പോള്‍, അവിടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ കൈയടിച്ചും സുരക്ഷാ ജീവനക്കാര്‍ സല്യൂട്ട് നല്‍കിയുമാണ് അവരെ യാത്രയാക്കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: