കൊറോണ: മകളുടെ പഠനത്തിന് സർക്കാർ സഹായം വേണ്ടെന്നു വെച്ച് രക്ഷിതാക്കൾ; അഴീക്കോടിന് അഭിമാനമായി പ്രവാസി കുടുംബം

അഴീക്കോട്: ലോകം കൊറോണ മഹാമാരിയിൽപെട്ടുഴുലുമ്പോൾ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ ഭരണകൂടം നെട്ടോട്ടമോടുന്ന ഘട്ടത്തിൽ സർക്കാരിന്റെ സൗജന്യ പഠന സഹായം വേണ്ടെന്നു പറഞ്ഞ പ്രവാസി രക്ഷിതാക്കൾ മാതൃകയായി.
ദീർഘകാലം സൗദി അറേബ്യയിൽ അൽ രാജ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന അഴീക്കോട് കൊട്ടാരത്തുംപാറയിലെ ബാബു ചോറോൻ – തോട്ടട കിഴുന്നയിലെ കെ. പ്രജിത ദമ്പതികളാണ് ഏക മകൾ ശിശിരാ ബാബുവിനു ലഭിക്കുന്ന സർക്കാർ പഠന സഹായം തൽക്കാലം വേണ്ടെന്നു വയ്ക്കുന്നതായി പ്രഖ്യാപിച്ചത്.
കൽക്കത്തയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡുക്കേഷൻ ആൻ്റ് റിസർച്ച് – ൽ ഒന്നാം വർഷ വിദ്യാർഥിനിയാണ് ശിശിര ബാബു.
അഞ്ചു വർഷത്തെ ബി.എസ്.എം.എസ് കോഴ്സിന് ഒരു വർഷം മുമ്പാണ് എൻട്രസ് പരീക്ഷയിലൂടെ പ്രവേശനം ലഭിച്ചത്.പഠനച്ചെലവും ജീവിതച്ചെലവും അടക്കം കേരള സർക്കാർ നല്കുന്ന സ്കോളർഷിപ്പാണ് ഇക്കുറി വേണ്ടെന്നു വയ്ക്കുന്നത്. ഏകദേശം ഒരു ലക്ഷത്തിലധികം രൂപ ഒരുസെമസ്റ്ററിൽ ലഭിക്കും.ഒ .ഇ. സി. വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന്
കേരള സർക്കാർ നല്കുന്ന ആനുകൂല്യമാണ് ഈ സ്കോളർഷിപ്പ് .
മകളുടെ പഠനത്തിന്നു തൻ്റെ ജോലിയിൽ നിന്നു ലഭിച്ച ശമ്പളത്തുക ഉപയോഗിക്കാൻ സാധിക്കുമെന്നും സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ കേരളസർക്കാർ തൻ്റെ മകൾക്ക് നല്കുന്ന സഹായം മറ്റുള്ളവർക്ക് ഉപയോഗപ്പെടുത്താനാവുമല്ലോ എന്ന ചിന്തയിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ബാബു ചോറൻ പറഞ്ഞു. കണ്ണൂർ എസ്.എൻ.വിദ്യാമന്ദിറിൽ നിന്ന് പ്ലസ് ടുവിൽ ഉയർന്ന മാർക്കോടെ വിജയിച്ച ശിശിര എഴാം ക്ലാസുവരെ സൗദി അറേബ്യയിലെ സ്കൂളിലായിരുന്നു പഠിച്ചത്.സ്കൂൾ പഠനച്ചെലവ് നിർവഹിച്ചതു പോലെ ഉന്നത പഠനത്തിന്നും തൻ്റെ സമ്പാദ്യത്തിൽ നിന്ന് മകളെ തൽക്കാലം സഹായിക്കാനാകുമെന്ന ആത്മവിശ്വാസമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്..
അഴീക്കോട്ടെ സാമൂഹിക പ്രവർത്തകൻ കൂടിയായ ബാബു ചോറൻ ദീർഘകാലം ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പുകയില്ലാ അടുപ്പിൻ്റെ പ്രചാരകനുമായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: