ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂർ പഞ്ചായത്തുകളിൽ സമ്പൂർണ അടച്ചിടൽ

ന്യൂമാഹി: കോവിഡ് രോഗബാധ സ്ഥിരീകരിച്ച 71-കാരൻ താമസിക്കുന്ന മാഹി ചെറുകല്ലായിയോട് ചേർന്നുള്ള അതിർത്തിപ്രദേശമായ ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂർ പഞ്ചായത്തുകളിൽ വ്യാഴവും വെള്ളിയും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഈ രണ്ട് ദിവസവും ഒരു വ്യാപാരസ്ഥാപനവും തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല.
അടിയന്തരമായ വൈദ്യസഹായത്തിനല്ലാതെ ഒരു കാര്യത്തിനും പുറത്തിറങ്ങാനോ കൂട്ടം കൂടി നിൽക്കാനോ പാടില്ല. പഞ്ചായത്ത്, റവന്യൂ, ആരോഗ്യ, പോലീസ് അധികൃതരും പഞ്ചായത്തിന്റെ വൊളന്റിയർമാരും മാത്രമേ പുറത്തിറങ്ങാവൂ. ഈ നാല് വകുപ്പുകളും രണ്ട് ദിവസവും 24 മണിക്കൂർ പ്രവർത്തിക്കും.
പഞ്ചായത്തിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന മറ്റു കടകൾ പകൽ ഒന്നുവരെ മാത്രമേ തുറക്കൂ. അത്യാവശ്യക്കാർക്ക് വീടുകളിൽ സാധനങ്ങൾ എത്തിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയതായി പ്രസിഡന്റ് വി കെ രാകേഷ് അറിയിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസറുടെ കീഴിൽ രൂപവത്കരിച്ച പ്രത്യേക മെഡിക്കൽ സംഘം ന്യൂമാഹി ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും.
കോവിഡ് സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തുന്ന പ്രവർത്തനങ്ങളും നടക്കും.
ന്യൂമാഹി എസ്.എച്ച്.ഒ. ജെ.എസ്. രതീഷിന്റെ നേതൃത്വത്തിൽ പോലീസ് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതിർത്തികളിൽ നടന്ന പരിശോധനയിൽ രണ്ട് ദിവസങ്ങളിലായി അനാവശ്യ യാത്ര നടത്തിയ 14 പേർക്കെതിരെ കേസെടുത്തു.