കോവിഡ് രോഗിയുടെ സമ്പർക്ക പട്ടിക വലുത്: പന്ന്യന്നൂർ പഞ്ചായത്തിൽ അതിജാഗ്രത

ചമ്പാട്: മാഹി ചെറുകല്ലായി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പന്ന്യന്നൂർ പഞ്ചായത്തിൽ അതിജാഗ്രത. താഴെചമ്പാട്ട് ഇദ്ദേഹം കല്യാണനിശ്ചയത്തിൽ പങ്കെടുത്തതിനെ തുടർന്ന് 34 പേരാണ് നിരീക്ഷണത്തിലായത്. ഇതിൽ 20 പേർ നേരിട്ടിടപഴകിയവരാണ്.
തൊട്ടടുത്ത ഏരൂർ പള്ളിയിൽ നിസ്കരിക്കാൻ പോയതിനെ തുടർന്ന് അവിടെയുണ്ടായ ഉസ്താദ് അടക്കം ഏഴ് പേരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. 13 പേർ വീട്ടുകാരാണ്.
ഉസ്താദ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതിനിടെ ഏരൂർ പള്ളി ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നിർദ്ദേശപ്രകാരം പാനൂരിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി അണുവിമുക്തമാക്കി.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നാട്ടുകാർക്കടക്കം കനത്ത ജാഗ്രതാ നിർദേശം നൽകിയതായി പന്ന്യന്നൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ അറിയിച്ചു.
ഇറച്ചി-മത്സ്യ മാർക്കറ്റുകൾ അഞ്ചു ദിവസത്തേക്ക് അടച്ചിടാനും സൂപ്പർമാർക്കറ്റ് പോലുള്ള വ്യാപാര സ്ഥാപനങ്ങൾ ഹോം ഡെലിവറി സംവിധാനത്തിലേക്ക് മാറാനും നിർദേശിച്ചിട്ടുണ്ട്.
അത്യാവശ്യകാര്യത്തിനല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നറിയിച്ച് മൈക്ക് പ്രചാരണം നടത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.