പുതുതലമുറയ്ക്ക് വഴിമാറിക്കൊടുക്കുന്നു; വിരമിക്കല്‍ പ്രഖ്യാപനവുമായി ശ്രീശാന്ത്

ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മലയാളി താരം എസ്. ശ്രീശാന്ത്. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണെന്ന് താരം വ്യക്തമാക്കി.

ഈ തീരുമാനം എന്‍റേത് മാത്രമാണ്. എനിക്ക് സന്തോഷം നൽകുന്ന തീരുമാനമല്ല ഇതെന്ന് അറിയാമെങ്കിലും, ജീവിതത്തിലെ ഈ സമയത്ത് സ്വീകരിക്കേണ്ട ശരിയായതും മാന്യവുമായ നടപടിയാണിതെന്ന് കരുതുന്നു -ശ്രീശാന്ത് പറഞ്ഞു. രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമില്‍ ഇടം നേടിയ 39കാരനായ ശ്രീശാന്ത് മധ്യപ്രദേശിനെതിരായ മത്സരത്തിന് മുമ്പ് പരിശീലനത്തിനിടെ കാലിന് ഗുരുതര പരിക്കേറ്റ് പിന്‍വാങ്ങിയിരുന്നു.

27 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 87 വിക്കറ്റുകളും 53 ഏകദിനങ്ങളിൽ നിന്ന് 75 വിക്കറ്റുകളും ശ്രീശാന്ത് നേടിയിട്ടുണ്ട്.

2005 ഒക്ടോബറിൽ ശ്രീലങ്കക്കെതിരെയായിരുന്നു ശ്രീശാന്തിന്‍റെ ആദ്യ ഏകദിനം. 2006 മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിലും അരങ്ങേറി. ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടത്തിലും (2007ലെ ടി-20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്) പങ്കാളിയായ താരമാണ് ശ്രീശാന്ത്. ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന്‍റെ ഭാഗമായും ശ്രീശാന്ത് മികച്ച പ്രകടനം കാഴ്ചവെച്ചു.

2013 മെയ് 16ന് ഒത്തുകളി വിവാദം മൂലം അറസ്റ്റ് ചെയ്യപ്പെടുകയും ബി.സി.സി.ഐ ശ്രീശാന്തിനെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു. ഇത് ശ്രീശാന്തിന്‍റെ കരിയറിന് കനത്ത തിരിച്ചടിയാവുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: