കരാറുകാരന്റെ അനാസ്ഥ; പാറപ്പുറം-വേശാല എല്‍പി സ്കൂള്‍ റോഡ് ടാറിങ് ഇഴയുന്നു

കുറ്റിയാട്ടൂര്‍: വേശാല ഒന്‍പതാം വാര്‍ഡിലെ പാറപ്പുറം-വേശാല എല്‍പി സ്കൂള്‍ റോഡ് ടാറിങ് അനന്തമായി നീളുന്നതായി നാട്ടുകാരുടെ പരാതി. 30 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള റോഡിനെ നാട്ടുകാരുടെ നിരന്തര ഇടപെടലിന്റെ ഫലമായി മുഖ്യമന്ത്രിയുടെയും എംഎല്‍എയുടെയും ഫണ്ട് ഉപയോഗിച്ച് ടാര്‍ ചെയ്യാന്‍ തീരുമാനിച്ചിട്ട് രണ്ടുവര്‍ഷത്തോളമായി. പഞ്ചായത്ത് ആസ്തി പ്രകാരം ആറ് മീറ്റര്‍ വേണ്ട റോഡ് ചില വ്യക്തികളുടെ അനുമതിയില്ലാത്തതിനാലാണേ്രത ടാറിങ് നടത്താതിരുന്നത്. പ്രശ്നം പരിഹരിക്കാതെ തന്നെ ടാറിങ് ചെയ്യാമെന്ന് തീരുമാനിച്ച ശേഷം കരാറുകാരന് ജി എസ് ബി നടത്തിയിട്ട് രണ്ടുമാസമായി. മാര്‍ച്ച് മാസം 31ന് മുമ്പ് പൂര്‍ത്തിയാക്കേണ്ട ടാറിങ് പ്രവൃത്തിയാണ് പൂര്‍ത്തീകരിക്കാതിരിക്കുന്നത്. മാത്രമല്ല, റോഡിലെ കല്ലുകള്‍ ഇളകുകയും ജെല്ലിപ്പൊടി സമീപത്തേക്ക് പാറുകയും ചെയ്യുന്നത് കാരണം യാത്ര ഏറെ ദുരിതമായതും നാട്ടുകാരില്‍ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.