രക്ഷാദൗത്യം ചരിത്രവിജയം; ബാബു മലയുടെ മുകളിലെത്തി

കാത്തിരിപ്പിനും പ്രാര്‍ഥനകൾക്കും
രക്ഷാപ്രവര്‍ത്തകരുടെ നീണ്ട പരിശ്രമങ്ങള്‍ക്കുമൊടുവിൽ ബാബു മലമടക്കിലെ പൊത്തില്‍ നിന്നും മലയുടെ മുകളിലെത്തി. ഇന്ത്യന്‍ ആര്‍മിയുടെ സുരക്ഷിതമായ കരങ്ങളിലൂടെയാണ് ബാബു ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ബാബുവിനെ തന്റെ ശരീരത്തോട് സുരക്ഷാ റോപ്പുപയോഗിച്ച് ബന്ധിച്ച് മലമുകളിലെ സുരക്ഷിത സ്ഥാനത്തെത്തിക്കുകയായിരുന്നു ബാല എന്ന സൈനികന്‍. ബാബുവിന്റെ കാലിലേത് നിസാര പരിക്കാണെന്നാണ് വിലയിരുത്തല്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യന്‍ ആര്‍മിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരിമിക്കുകയായിരുന്നു. ആയിരം അടി ഉയരമുള്ള മലയുടെ 600 അടിയോളം ഉയരമുള്ള പൊത്തില്‍ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്തുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമാണ്. ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങള്‍, രാത്രിയില്‍ തീരെ വെളിച്ചമില്ലാത്ത അവസ്ഥ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഓരോ വളവുകളിലും മടക്കുകളിലും ദൗത്യത്തിന് നേരിടാന്‍ പ്രതിസന്ധികളേറെയായിരുന്നു. വെള്ളമോ ഭക്ഷണമോ നല്‍കാന്‍ യന്ത്രങ്ങള്‍ക്ക് പോലും എത്തിപ്പെടാന്‍ സാധിക്കാത്ത വിധത്തില്‍ ഏറെ പ്രയാസകരമായിരുന്നു ദൗത്യം. രക്ഷാപ്രവര്‍ത്തനത്തിന്റെ മണിക്കൂറുകളില്‍ ബാബു പ്രകടിപ്പിച്ച ഇച്ഛാശക്തിയും സമാനതകളില്ലാത്തതായിരുന്നു. വെള്ളമോ ഭക്ഷണമോ ഇല്ലാതെ രണ്ട് ദിവസത്തിലേറെയാണ് ബാബു മലയിടുക്കിലിരുന്നത്. പൊത്തില്‍ അകപ്പട്ടുപോയപ്പോഴും മനോധൈര്യം കൈവിടാതെ താന്‍ അപകടത്തിലാണെന്ന് ലോകത്തെ അറിയിക്കാന്‍ ബാബുവിന് കഴിഞ്ഞു എന്നതാണ് നിര്‍ണായകമായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: