വെള്ളിക്കടകളിൽ മോഷണം: അന്തഃസംസ്ഥാന മോഷ്ടാവ് പിടിയിൽ
ചങ്ങനാശ്ശേരി: മാർക്കറ്റ് റോഡിലുള്ള ജൂവലറികളിൽനിന്ന് രണ്ടുലക്ഷത്തോളം രൂപയുടെ വെള്ളി ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.
കണ്ണൂർ ആലക്കോട് നെല്ലിക്കുന്ന് തെക്കേമുറിയിൽ തങ്കച്ചൻ(54) ആണ് പിടിയിലായത്. കഴിഞ്ഞദിവസം പെരുന്നയിലെ ജൂവലറി കുത്തിത്തുറക്കാൻ ശ്രമിക്കുകയും നിയോ മെഡിക്കൽ സ്റ്റോറിന്റെ പൂട്ടുപൊളിച്ച് 15,500 രൂപ മോഷ്ടിക്കുകയുംചെയ്തിരുന്നു.
23 കേസുകളിൽ പ്രതിയായ ഇയാൾ അന്തഃസംസ്ഥാന മോഷ്ടാവാണെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 13-നാണ് ചങ്ങനാശ്ശേരി നഗരത്തിലെ ആലുക്കൽ, ഐശ്വര്യ എന്നീ രണ്ടുവെള്ളിക്കടകൾ കുത്തിപൊളിച്ച് വെള്ളി ആഭരണങ്ങൾ മോഷ്ടിച്ചത്.
ഇരിട്ടി, കോട്ടക്കൽ, ഹോസ്ദുർഗ്, ശ്രീകണ്ഠപുരം, കൽപ്പറ്റ എന്നീ പോലീസ് സ്റ്റേഷനിൽ തങ്കച്ചന്റെ പേരിൽ കേസുകളുണ്ട്.
ചങ്ങനോശ്ശേരി പോലീസ് സ്റ്റേഷനിൽതന്നെ മൂന്ന് കേസുകളുണ്ട്.