എം.വി ജയരാജന്‍ ആശുപത്രി വിട്ടു; ഒരുമാസം നിരീക്ഷണം

 പരിയാരം: കോവിഡ് ന്യുമോണിയ കാരണം അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്ന എം.വി ജയരാജന്‍ ആശുപത്രി വിട്ടു. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രി വിടുന്നത്. ഇന്ന് രാവിലെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം 11.30 ഓടെയാണ് അദ്ദേഹം മെഡിക്കല്‍ കോളജില്‍ നിന്നും വീട്ടിലേക്ക് പോയത്. 

വീട്ടിലേക്ക് മടങ്ങുന്ന ജയരാജന്‍ ഒരു മാസത്തെ നിരീക്ഷണത്തില്‍ തുടരും. കൊവിഡ് ഭേദമായെങ്കിലും രോഗ പ്രതിരോധ ശേഷി വീണ്ടെടുക്കാന്‍ സമയം വേണ്ടി വരുമെന്നതിനാല്‍ ഐസൊലേഷന്‍ തുടരണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സുഖ വിവരങ്ങള്‍ നിരന്തരമായി അന്വേഷിച്ച എല്ലാവര്‍ക്കും ജയരാജന്‍ നന്ദി പറഞ്ഞു. മെഡിക്കല്‍ കോളജില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗമുക്തനായി ആരോഗ്യം ഏറെക്കുറേ പൂര്‍ണ്ണമായും വീണ്ടെടുത്തതായി ഇന്ന് വൈകിട്ട് നടന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി.

ജനുവരി 20നാണ് അദ്ദേഹത്തെ അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡ് ന്യുമോണിയ കാരണം ശ്വാസകോശത്തിലെ രണ്ട് അറകളേയും 75 ശതമാനത്തോളം രോഗം ബാധിച്ചിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഒപ്പം വലിയ പ്രതിസന്ധി സൃഷ്ടിച്ചതാണ്. രക്തത്തില്‍ ഓക്‌സിജന്റെ അളവ് നന്നേ കുറഞ്ഞതിനാല്‍ ശ്വാസോച്ഛ്വാസം പോലും സി-പപ്പ് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ക്രമീകരിച്ചത്. എന്തും സംഭവിക്കാമെന്ന ആ ഗുരുതര ഘട്ടത്തില്‍ നിന്നും അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു നടന്നതില്‍, ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ മികവും ചികിത്സയോട് പൂര്‍ണ്ണമായും സഹകരിച്ചതും അദ്ദേഹത്തിന്റെ ഇച്ഛാശക്തിയും പ്രധാന ഘടകമാണ്. മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പുമന്ത്രിയും പകര്‍ന്ന ധൈര്യവും പ്രത്യേകമായിത്തന്നെ എടുത്തു പറയേണ്ടതുണ്ട്.

ഐ.സി.യുവില്‍ നിന്ന് വീല്‍ചെയറിലാണ് ജയരാജനെ ആംബുലന്‍സില്‍ കയറ്റിയത്. ടി.വി.രാജേഷ് എം.എല്‍.എ, പ്രിന്‍സിപ്പാള്‍ ഡോ. കെ.എം.കുര്യാക്കോസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.സുദീപ്,  ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഡി.കെ.മനോജ്, ഡോ. വിമല്‍ റോഹന്‍, ആര്‍.എം.ഒ ഡോ. എസ്.എം.സരീന്‍, ഡോ. കെ.സി.രഞ്ജിത്ത്കുമാര്‍, ഡോ. എസ്.എം.അഷറഫ്, ഡോ. വി.കെ.പ്രമോദ് എന്നിവരും മറ്റ് ആശുപത്രി ജീവനക്കാരും എം.വി.ജയരാജനെ യാത്രയയക്കാന്‍ എത്തിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: