ഭവന രഹിതര്‍ക്ക് സ്വപ്ന സാക്ഷാത്കാരം; പയ്യന്നൂര്‍ നഗരസഭയില്‍ നിര്‍മ്മിച്ച 145 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു

പിഎംഎവൈ – ലൈഫ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി പയ്യന്നൂര്‍ നഗരസഭയില്‍ നിര്‍മ്മിച്ച 145 വീടുകളുടെ താക്കോല്‍ദാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിച്ചു. പയ്യന്നൂര്‍ നഗരസഭ നിര്‍മ്മിച്ച് നല്‍കുന്ന 598 വീടുകളില്‍ പണി പൂര്‍ത്തിയാക്കിയ വീടുകളുടെ  താക്കോല്‍ദാനമാണ് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ വച്ച് നടത്തിയത്. 

അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് ഭവനം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. താമസ യോഗ്യമായ വീട് നിര്‍മ്മിക്കാന്‍ പിഎംഎവൈ യുടെ ഒന്നര ലക്ഷം രൂപ മതിയാകില്ല.  അതിനാലാണ് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ ഭവന പദ്ധതികളിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന വീടുകളില്‍ നിര്‍മാണം പാതിവഴിയിലായവയാണ് ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ചതെന്നും മന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന ബാക്കി വീടുകളുടെ പണി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

  ഗുണഭോക്താവായ കാനായി സ്വദേശി ടി പി സുബൈദയ്ക്ക് മന്ത്രി വീടിന്റെ താക്കോല്‍ നല്‍കിക്കൊണ്ടായിരുന്നു മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, വൈസ്  ചെയര്‍പേഴ്‌സണ്‍ കെ പി ജ്യോതി, സ്ഥിരം സമിതി അധ്യക്ഷരായ പി വി കുഞ്ഞപ്പന്‍, ഇന്ദു പുത്തലത്ത്, എം സഞ്ജീവന്‍, പി പി ലീല, വി ബാലന്‍, നഗരസഭ സെക്രട്ടറി കെ ആര്‍ അജി, ഇ ഭാസ്‌കരന്‍, പി പി ദാമോദരന്‍, എം കെ ഷമീമ, പി വി ദാസന്‍, വി നന്ദകുമാര്‍, ടി ഐ മധുസൂദനന്‍, ഡി കെ ഗോപിനാഥ്, എം രാമ കൃഷ്ണന്‍, കെ ടി സഹദുള്ള, ടി സി വി ബാലകൃഷ്ണന്‍, പി ജയന്‍, എ വി തമ്പാന്‍, സി കെ രമേശ്, ബി സജിത്ത് ലാല്‍, ഇക്ബാല്‍ പോപ്പ, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കെ കവിത എന്നിവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: