റവന്യു മന്ത്രിക്ക് സ്വീകരണം നൽകി

അമ്പലക്കണ്ടി നിവാസികൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചതിൽ സന്തോഷം: റവന്യു മന്ത്രി

ദശാബ്ദങ്ങളായുള്ള കാത്തിരിപ്പിന് ശേഷം ഭൂമിയുടെ ഉടമസ്ഥാവകാശം ആറളം വില്ലേജിലെ അമ്പലക്കണ്ടി നിവാസികൾക്ക് ലഭിച്ച സന്തോഷത്തിൽ പങ്കുചേരുന്നതായി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. അമ്പലക്കണ്ടി നിവാസികൾക്ക് പട്ടയം അനുവദിച്ചതിന്റെ ആഹ്ലാദം പങ്കുവെക്കാനായി സംഘടിപ്പിച്ച സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് വേണ്ടിയുള്ള ആറളം അമ്പലക്കണ്ടിയിലെ പാവപ്പെട്ട കർഷകരുടെയും സാധാരണക്കാരുടെയും ദശാബ്ദങ്ങളായുള്ള ആഗ്രഹമാണ് ട്രൈബ്യൂണലിന്റെ ഉത്തരവിലൂടെ നടപ്പിലായതെന്ന് മന്ത്രി പറഞ്ഞു. ജനുവരി പത്തിന് കൂത്തുപറമ്പ് ലാൻഡ് ട്രൈബ്യൂണലിന്റെ വിധിയെ തുടർന്നാണ് ജനുവരി 31നും ഫെബ്രുവരി ഒന്നിനും ഇടയിലായി 261 പേർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചത്. അവസാനിച്ചു പോയ ജൻമിത്വമാണെങ്കിലും ജൻമിത്വത്തിന്റെ പുതിയ രൂപങ്ങൾ പ്രത്യക്ഷപ്പെട്ടുകൊണ്ട് നടത്തുന്ന പ്രവർത്തനത്തിന്റെ ഫലമായുണ്ടായ തടസ്സങ്ങൾ നേരിട്ടാണ് അമ്പലക്കണ്ടിവാസികൾ ഈ കാലമത്രയും പോയത്. ഒരിക്കലും പരിഹരിക്കാനാവാത്ത വിധം മാനന്തവാടി ലാൻഡ് ബോർഡിന്റെ പരിധിയിൽ കെട്ടിക്കിടക്കുകയായിരുന്ന ഈ ഭൂമി പ്രശ്‌നം ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കൂത്തുപറമ്പ് ലാൻഡ് ട്രിബ്യൂണലിലേക്ക് മാറ്റാൻ ഉത്തരവിട്ടു. ഏതാണ്ട് അമ്പതാണ്ട് പിന്നിട്ട പ്രശ്‌നമാണ് ഇപ്പോൾ പരിഹരിക്കപ്പെടുന്നത്. കഴിഞ്ഞ ജൂലൈ 15ന് ട്രൈബ്യൂണലിന്റെ വിധിയെത്തുടർന്ന് പട്ടയം വിതരണം ചെയ്യാൻ തീരുമാനിച്ചതായിരുന്നു. തൊട്ടു തലേ ദിവസത്തെ ഹൈകോടതി ഉത്തരവിനെ തുടർന്ന് പട്ടയമേള മാറ്റിവെക്കേണ്ടി വന്നു. തുടർന്ന് ജൻമി എന്ന് അവകാശപ്പെടുന്ന, ഭൂമിയുടെ ഉടമസ്ഥനെന്ന് അവകാശപ്പെടുന്ന ആളിനെ കേട്ട് ഉദ്യോഗസ്ഥർ നിയമപരമായ എടുത്ത തീരുമാനമാണ് കഴിഞ്ഞ മാസം ഉണ്ടായത്. ഇതേതുടർന്ന് ജനുവരി 31നും ഫെബ്രുവരി ഒന്നിനുമിടയിൽ അർഹരായ മുഴുവൻ പേർക്കും പട്ടയം കൊടുക്കണമെന്ന നിർദേശം നൽകുകയുണ്ടായെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ സമഗ്രമായ ഭൂപരിഷ്‌കരണം നടപ്പിലാക്കിയതിനെ തുടർന്നാണ് ലാൻഡ് ബോർഡുകളും ലാൻഡ് ട്രിബ്യൂണലുകളും ഭൂമി വിതരണ സംവിധാനങ്ങളും ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. ഈ നടപടികളെ തുടർന്ന് 83 ലക്ഷം പേർ ഭൂമിയുടെ ഉടമകളായ ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. രണ്ടോ മൂന്നോ ലക്ഷം പേർക്ക് ഇപ്പോഴും നമ്മുടെ സംസ്ഥാനത്ത് ഭൂമിയില്ല. അവർക്ക് ഭൂമിയും വീടും നൽകാനുളള സമഗ്രമായ പദ്ധതിയും സർക്കാർ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പട്ടയവിതരണത്തിനായി പ്രയത്‌നിച്ച ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.

അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. പി.കെ ശ്രീമതി ടീച്ചർ എം.പി വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് മുഖ്യാതിഥിയായി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി റോസമ്മ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി നടപ്പറമ്പിൽ, ജില്ലാ പഞ്ചായത്തംഗം അഡ്വ. മാർഗരറ്റ് ജോസ്, ആറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വേലായുധൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തംഗം ലീലാമ്മ തുണ്ടത്തിൽ, വാർഡ് മെംബർമാരായ പി. റോസ, ജിമ്മി അന്തിനാട്ട്, ജോഷി പാലമറ്റം, അരവിന്ദൻ അക്കാനശ്ശേരി എന്നിവർ സംസാരിച്ചു. പ്രളയ കാലത്ത് മിച്ച പ്രവർത്തനം നടത്തിയതിനുള്ള പുരസ്‌കാരം ഇരിട്ടി തഹസിൽദാർ ദിവാകരന് മന്ത്രി സമ്മാനിച്ചു. ജില്ലാ കലക്ടർ മീർ മുഹമ്മദലി സ്വാഗതവും ഡെപ്യൂട്ടി കലക്ടർ സി.എം ഗോപിനാഥൻ നന്ദിയും പറഞ്ഞു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: