പയ്യന്നൂര്‍ പൊതുമരാമത്ത് വിശ്രമകേന്ദ്രത്തിന് പുതിയ കെട്ടിടം; ഉദ്ഘാടനം ഇന്ന്

പയ്യന്നൂരിലെ പൊതുമരാമത്ത് വിശ്രമകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഇന്ന് (ജനുവരി ഒമ്പത്) ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് പൊതുമരാമത്ത്, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.
പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള പൊതുമരാമത്ത് വകുപ്പിന്റെ ഒന്നരയേക്കര്‍ സ്ഥലത്ത് രണ്ട് കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. പഴയ വിശ്രമ മന്ദിരത്തെ അതേപടി നിലനിര്‍ത്തിയാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം. ഇരുനിലകളിലായി രണ്ട് വിഐപി മുറികള്‍ ഉള്‍പ്പെടെ പത്ത് മുറികളാണുള്ളത്. താഴത്തെ നിലയില്‍ അടുക്കളയും കാന്റീനും മുകള്‍ നിലയില്‍ കോണ്‍ഫറന്‍സ് ഹാളും ഒരുക്കിയിട്ടുണ്ട്.
ഏഴിമല നാവിക അക്കാദമി സ്ഥാപിച്ചതോടെ നിലവിലെ വിശ്രമ കേന്ദ്രത്തിലെ സൗകര്യങ്ങള്‍ അപര്യാപ്തമായതാണ് പുതിയ കെട്ടിട നിര്‍മ്മാണത്തിലേക്ക് നയിച്ചത്. നേവല്‍ അക്കാദമിക്ക് പുറമെ സമീപ പ്രദേശങ്ങളിലായി പെരിങ്ങോം സി ആര്‍ പി എഫ് ക്യാമ്പ്, പെരിങ്ങോം ഗവ. കോളേജ് എന്നിവയും പ്രവര്‍ത്തിക്കുന്നു. ഇവിടങ്ങളിലേക്ക് എത്തുന്നവര്‍ക്കും വിശ്രമ മന്ദിരത്തിന്റെ സൗകര്യങ്ങള്‍ പ്രയോജനപ്പെടും. നഗരത്തിരക്കുകളില്‍ നിന്നും മാറി, ആധുനിക സൗകര്യങ്ങളോടെയും കുറഞ്ഞ ചെലവില്‍ താമസ സൗകര്യമൊരുക്കുന്ന വിശ്രമകേന്ദ്രം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെട്ടിട പരിസരത്ത് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കുന്ന ചടങ്ങില്‍ സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും. എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയാകും. തളിപ്പറമ്പ് കെട്ടിട ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ സി സവിത റിപ്പോര്‍ട്ട് അവതരിപ്പിക്കും. നഗരസഭാ കൗണ്‍സിലര്‍മാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധരാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: