കൊവിഡ് കാലത്ത് കുട്ടികള്‍ക്കായിജില്ലാ ഭരണകൂടത്തിന്റെ കളിമുറ്റം

കൊവിഡ് കാലത്ത് കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കളിമുറ്റം പദ്ധതിയുമായി ജില്ലാ ഭരണകൂടം. ശിശു വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ പദ്ധതികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതാണ് കളിമുറ്റം പദ്ധതി. കൊവിഡ് കാലത്ത് കുട്ടികളില്‍ ഉണ്ടാവുന്ന ഒറ്റപ്പെടലും മാനസിക പ്രശ്‌നങ്ങളും പരിഹരിച്ച് മാനസികാരോഗ്യം മെച്ചപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.
നാഷണല്‍ ഹെല്‍ത്ത് മിഷന്‍, കുടുംബശ്രീ മിഷന്‍, ലൈബ്രറി കൗണ്‍സില്‍, സര്‍വ്വ ശിക്ഷാ അഭിയാന്‍, ഐസിഡിഎസ് തുടങ്ങിയവരുമായി സഹകരിച്ചാണ് കളിമുറ്റം പദ്ധതി ആവിഷ്‌കരിച്ചത്.
കുടുംബശ്രീയുടെ ബാലസഭയിലൂടെയാണ് പദ്ധതി നടപ്പാക്കുക. ജില്ലയിലെ 2658 ബാലസഭകളിലായി 42087 കുട്ടികളാണ് പ്രവര്‍ത്തിക്കുന്നത്. പ്രാദേശികമായി തെരഞ്ഞെടുക്കുന്ന റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ ബാലസഭയില്‍ കുട്ടികളുമായി ഇടപഴകി മാനസികമായി ഒറ്റപ്പെടുന്ന കുട്ടികളെ കണ്ടെത്തുകയും ജില്ലാ മാനസികാരോഗ്യവിദഗ്ദ്ധരുടെ സഹായം ഉറപ്പാക്കുകയും ചെയ്യും. പാഠ്യ പദ്ധതിയുമാതി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, വ്യക്തിത്വ വികസനം വളര്‍ത്തുക, സാമൂഹ്യ സേവന മനോഭാവം, കലാ കായിക സംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, ലിംഗ അവബോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
അയല്‍ക്കൂട്ടം, വാര്‍ഡ്, പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍, ജില്ല എന്നിങ്ങനെ നാല് തലങ്ങളിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം. ജനുവരി 15 നകം ഇതുമായി ബദ്ധപ്പെട്ട കമ്മിറ്റികള്‍ രൂപീകരിക്കും. ജില്ലാ കലക്ടര്‍, അസിസ്റ്റന്റ് കളക്ടര്‍, ഡിപിഎം (ദേശീയ ആരോഗ്യ ദൗത്യം), ജില്ലാ കോ -ഓര്‍ഡിനേറ്റര്‍മാര്‍ (കുടുംബശ്രീ, എസ്എസ്എ), ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി എന്നിവരടങ്ങുന്നതാണ് ജില്ലാതല കോര്‍ കമ്മിറ്റി. വിവിധങ്ങളായ കലാ-കായിക സാംസ്‌കാരിക, മത്സര പരിപാടികളും കളിമുറ്റത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: