സൈബര്‍ ക്രൈം:’അപരാജിത’യുടെ പ്രാധാന്യമേറുന്നു- വനിത കമ്മീഷന്‍

സൈബര്‍ കേസുകള്‍ വളരെയധികം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കേരള പൊലീസിന്റെ നേതൃത്വത്തിലുള്ള ‘അപരാജിത’ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പ്രാധാന്യം ഏറുകയാണെന്ന് വനിത കമ്മീഷന്‍ അംഗം ഇ എം രാധ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. സൈബര്‍ കുറ്റ കൃത്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് അപരാജിത വഴി എത്തുന്നത്. ഇത് വളരെ ഗൗരവത്തോടെയാണ് കമ്മീഷന്‍ കാണുന്നത്. ഇത്തരം കേസുകളെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടവയാണെന്നും ഇ എം രാധ പറഞ്ഞു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ ഓണ്‍ലൈന്‍ അതിക്രമങ്ങളില്‍ പെട്ടെന്ന് പരിഹാരം കാണുന്നതിന് കേരള പൊലീസ് നടപ്പാക്കുന്ന അപരാജിത ഓണ്‍ലൈന്‍ സംവിധാനം വഴി ആര്‍ക്കും പരാതി നല്‍കാന്‍ കഴിയുമെന്നും അദാലത്തില്‍ എത്തിയ രണ്ടു കേസുകള്‍ അപരാജിത വഴി രജിസ്റ്റര്‍ ചെയ്തതാണെന്നും അവര്‍ പറഞ്ഞു. അപരാജിത വഴി കേസുള്‍ രജിസ്റ്റര്‍ ചെയ്താല്‍ എളുപ്പത്തില്‍ പരിഹാരം കാണാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. അദാലത്തില്‍ ആകെ 77 കേസുകളാണ് കമ്മീഷനു മുമ്പാകെ എത്തിയത്. ഇതില്‍ 13 എണ്ണം തീര്‍പ്പായി. 62 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. രണ്ടു കേസില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
അദാലത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബി ബുഷ്‌റത്ത്, ലീഗല്‍ പാനല്‍ അംഗങ്ങളായ അഡ്വ. വിമലകുമാരി, അഡ്വ. പത്മജ പത്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: