മുഴക്കുന്നിൽ യു ഡി എഫിന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പു സമരം നടത്തി

ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ യു.ഡി.എഫിന്റെ പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ കാക്കയങ്ങാട്ടെ മുഴക്കുന്ന് പോലീസ് സ്റ്റേഷന് മുന്നിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രതിഷേധം. പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാതതിൽ പ്രതിഷേധിച്ച് സ്ഥാനാർത്ഥികൾ സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പ്രശ്നം ചർച്ച ചെയ്യാൻ നേരത്തെ രണ്ട് തവണ പോലീസ് സ്റ്റേഷനിൽ സർവ്വ കക്ഷി യോഗം ചേർന്നിട്ടും പ്രചരണ ബോർഡുകൾ നശിപ്പിക്കുന്നത് തുടരുകയാണ്. യു.ഡി.എഫും ബി.ജെ.പിയും നിരവധി തവണ പരാതി നൽകിയിരുന്നു. കഴിഞ്ഞ രാത്രിയും മേഖലയിലെ യു.ഡി.എഫ് ബോർഡുകൾ വ്യാപകമായി എടുത്തുമാറ്റുകയും നശിപ്പിക്കുകയും ചെയ്തതോടെയാണ് സ്ഥാനാർത്ഥികൾ സ്റ്റേഷന് മുന്നിൽ പ്രതിഷേധം തീർത്തത്.ജില്ല , ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളും ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികളും മണിക്കൂറുകളോളം സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. സണ്ണിജോസഫ് എം.എൽ.എ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മേഖലയിൽ സി.സി ക്യാമറകൾ സ്ഥാപിച്ചിട്ടും ബോർഡുകൾ നശിപ്പിക്കുന്നവരെ കണ്ടെത്താൻ പോലീസ് കഴിയുന്നില്ല. പിണറായി സർക്കാറിന്റെ ഭരണത്തിൽ സെക്രട്ടറിയേറ്റ് മുതൽ സി.സി ക്യാമറകളുടെ അവസ്ഥ ഇങ്ങനെയാണെന്ന് എം.എൽ.എ പറഞ്ഞു. ഡി.സി.സി സെക്രട്ടറി ബൈജുവർഗീസ്, യു.ഡി.എഫ് ചെയർമാൻ ഒ.ഹംസ, വി.രാജു, ജൂബിലി ചാക്കോ, നസീർ നെല്ലൂർ, സജിത മോഹനൻ, വി.പ്രകാശൻ, കെ.കെ സജീവൻ കെ.വി റഷീദ് എന്നിവർ സംസാരിച്ചു.
കാക്കയങ്ങാട് മേഖലയിലെ നെല്ലൂര്, വട്ടപ്പൊയിൽ, പാറക്കണ്ടം വാർഡുകളിലും മുഴക്കുന്ന് മേഖലയിലെ 10,11,12 വാർഡുകളിലേയും ബോർഡുകളാണ് വ്യാപകമായി നശിപ്പിക്കുന്നത്.യു.ഡി.എഫ് പോലീസിൽ വീണ്ടും പരാതി നൽകി.
സി.സി ക്യാമറകൾ തെർമോകോൾ ഉപയോഗിച്ച് മറക്കുന്നു
മേഖലയിലെ പ്രധാന സ്ഥലങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ തെർമോകോൾ ഉപയോഗിച്ച് മറക്കിയാണ് ബോർഡുകൾ എടുത്തു മാറ്റുന്നതെന്ന് പോലീസ് പറഞ്ഞു. ചില സ്ഥലങ്ങളിൽ ക്യാമറകൾ തിരിച്ചുവെച്ചും മാറ്റുന്നുണ്ട്. മേഖലയിലെ മുഴുവൻ ക്യാമറകളും പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്താൻ നടപടി സ്വീകരിക്കുമെന്ന് മുഴക്കുന്ന് എസ്.ഐ പി.വി ബേബി പറഞ്ഞു.