ഈശോയ്‌ക്കൊരു വീട് പദ്ധതി – പത്താമത് വീടിന്റെ താക്കോൽ കൈമാറി

ഇരിട്ടി : എടൂർ സെന്റ് മേരിസ് ഫൊറോനാപള്ളി ഇടവകാ സമൂഹം മാർ സെബാസ്റ്റിയൻ വള്ളോപ്പള്ളി ഭവന നിർമാണ പദ്ധതി പ്രകാരമുള്ള 10 -ാമത് സ്‌നേഹവീടിന്റെ താക്കോലും കുടുംബത്തിന് കൈമാറി. തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള ബിഷപ് വള്ളോപ്പള്ളി സ്മാരക സമ്പൂർണ ഭവനപദ്ധതിയോട് ചേർന്ന് എടൂർ ഇടവക പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായാണ് ഈശോയ്ക്ക് ഒരു വീട് എന്നു പേരിട്ട ജീവകാരുണ്യ പ്രവർത്തനം തുടരുന്നത് .
2021 ലെ പ്ലാറ്റിനം ജൂബിലിക്ക് മുന്നോടിയായി ഇടവകയിലെ എല്ലാവർക്കും വാസയോഗ്യമായ ഭവനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. നേരത്തെ സർവെ നടത്തി കണ്ടെത്തിയതു പ്രകാരമാണ് മുൻഗണന നിശ്ചയിച്ച് വീടുകൾ പണിതു വരുന്നത്. 60 ലക്ഷം രൂപയോളം ഭവന പദ്ധതിയിലേക്കായി ചെലവഴിച്ചു. ഇടവക നേരിട്ട് 6 വീട് പണിതപ്പോൾ ഇടവകയില ഭക്ത സംഘടനയായ വിൻസന്റ് ഡിപോൾ സൊസൈറ്റി 4 വീടുകളും നിർമിച്ചു. ഇടവകയിലെ 1300 വീടുകളിലും ഭവനപദ്ധതിയുടെ പേരിൽ നിക്ഷേപ പെട്ടികൾ വെച്ചും നേരിട്ടും സംഭാവന സ്വീകരിച്ചാണ് ധനസമാഹരണം.
അതിരൂപതാ അസംബ്ലി തീരുമാന പ്രകാരം തലശ്ശേരി അതിരൂപതയിൽ 2028 ആകുമ്പോഴേക്കും 1000 വീടുകൾ നിർധനർക്ക് പണിതു കൊടുക്കാൻ ലക്ഷ്യമിട്ടുള്ള സമ്പൂർണ ഭവന പദ്ധതി ഘട്ടം ഘട്ടമായി നടപ്പിലാക്കി വരുകയാണെന്നും എടൂരിൽ 2 വീടുകളുടെ കൂടി നിർമാണം തുടങ്ങിയതായും വെഞ്ചരിപ്പും താക്കോൽദാനവും നടത്തി
ഫൊറോനാ വികാരി ഫാ. ആന്റണി മുതുകുന്നേൽ പറഞ്ഞു. അസി. വികാരി ഫാ. ബിബിൻ തെക്കേടത്ത്, ഇടവകാ കോ – ഓർഡിനേറ്റർ പോൾ പടിഞ്ഞാറേക്കൂറ്റ്, ഭവന പദ്ധതി കമ്മിറ്റി അംഗം പി.വി.ജോസഫ് പാരിക്കാപ്പള്ളി, ട്രസ്റ്റിമാരായ തോമസ് കുളത്തിങ്കൽ, റെജി കൊടുമ്പുറം, പാരീഷ് സെക്രട്ടറി ജയ്‌സൺ പുല്ലങ്കണ്ണാപ്പള്ളി, ദേവാലയ ശുശ്രൂഷി അനീഷ് തെക്കേമുറി എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: