ക്ഷീരസംഗമവും, അനുമോദന സദസ്സും സംഘടിപ്പിച്ചു

കണ്ണൂർ ജില്ലയിലെ ഏറ്റവും ഗുണമേന്മയുള്ള പാൽ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള അവാർഡ് നേടിയ തൊടീക്കളം ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ക്ഷീരസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. ചടങ്ങ് ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഒരു നാടിന്റെ വികസനം അളക്കുന്നത് ക്ഷീരമേഖല ഉൾപ്പെടെയുള്ള കാർഷിക മേഖലയിൽ ആ ഗ്രാമം എത്രത്തോളം സ്വയം പര്യാപ്തമാകുന്നു എന്ന് വിലയിരുത്തിയാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘം പ്രസിഡണ്ട് എം.വി.സതീശൻ അധ്യക്ഷനായി. മിൽമ കണ്ണൂർ യൂണിറ്റ് ഹെഡ് മാത്യു വർഗ്ഗീസ്, മിൽമ സീനിയർ സൂപ്പർവൈസർ ഷൽന, വെറ്റിനറി സർജൻ ഡോ: അഖില, മുൻ പ്രസിഡണ്ടുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ മികച്ച വനിത കർഷകയായി തെരഞ്ഞെടുത്ത സി. നിഷ, സംഘത്തിൽ ഏറ്റവും കൂടുതൽ പാൽ അളക്കുന്ന ദിനേശൻ പൊനോൻ എന്നിവരെ ബ്ലോക്ക് പഞ്ചായത്തംഗം പി.വി.സുരേന്ദ്രൻ ഉപഹാരം നൽകി ആദരിച്ചു. കൂത്തുപറമ്പ – പേരാവൂർ ബ്ലോക്കുകളിൽഏറ്റവും കൂടുതൽ മിൽമ ഉല്പന്നങ്ങൾ വില്പന നടത്തുന്ന സംഘത്തിനുള്ള അവാർഡും തൊടീക്കളം ക്ഷീരസംഘം നേടിയിരുന്നു. സെക്രട്ടറി കെ.മിനി സ്വാഗതവും ഡയരക്ടർ വരുൺ കുമാർ നന്ദിയും പറഞ്ഞു.