ഇന്ധനവില; അതിര്‍ത്തി കടന്ന് ‘എണ്ണയടി’, കേരളത്തിന്‍റെ നികുതിവരുമാനം കുറയ്ക്കും

കേരളത്തിൽ ദിവസം ശരാശരി 1.2 കോടി ലിറ്റർ ഇന്ധനം വിൽക്കുന്നുണ്ട്. 60 ശതമാനത്തോളം ഡീസലും 40 ശതമാനത്തോളം പെട്രോളും. പെട്രോൾ ഇനത്തിൽ ദിവസം 47 കോടി രൂപയുടെയും ഡീസൽ ഇനത്തിൽ 63 കോടി രൂപയുടെയും വ്യാപാരമാണ് നടക്കുന്നത്.

കേരളത്തിൽ വിൽക്കുന്ന ഡീസലിൽ 45 ശതമാനം ഉപയോഗവും അയൽസംസ്ഥാനങ്ങളിലെ വണ്ടികളാണ്. കേരളം മൂല്യവർധിത നികുതി (വാറ്റ്) കുറയ്ക്കാത്ത സാഹചര്യത്തിൽ അയൽസംസ്ഥാന വണ്ടികൾ കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയിലേക്ക് നീങ്ങി. കേരളത്തിൽ വിൽപ്പന കുറയുന്നത് നികുതി വരുമാനവും കുറയ്ക്കും.

തിരുവനന്തപുരത്ത് തമിഴ്നാട് അതിർത്തിയായ പാറശ്ശാലയിൽ പെട്രോൾ ദിവസവിൽപ്പന ശരാശരി 1200 ലിറ്ററായിരുന്നത് 700 ലിറ്ററായി. വിലവ്യത്യാസം കുറവായതിനാൽ ഡീസൽവിൽപ്പനയിൽ പ്രകടമായ മാറ്റമില്ല. ഇവിടെ തമിഴ്‌നാട് ഭാഗത്ത് പടന്താലുംമൂടിൽ പെട്രോൾ ശരാശരി ദിവസവിൽപ്പന 1200-1300 ലിറ്ററായിരുന്നത് ഇപ്പോൾ 1800 ആയി.

മാഹിയിലെ വിലക്കുറവ് കാരണം വടകര, ടൗണിലെയും പരിസരങ്ങളിലെയും പമ്പുകളിൽ 10 മുതൽ 50 വരെ ശതമാനം വ്യാപാരം കുറഞ്ഞു. ജ്യോതി പമ്പിൽ ദിവസം 6000 ലിറ്റർ പെട്രോൾ വിറ്റിരുന്നത് 3500 ആയി. ഡീസൽ 5000 ലിറ്റർ വിറ്റ സ്ഥാനത്ത് ഇപ്പോൾ 2500 ലിറ്റർ. ദേശീയപാത വഴി പോകുന്ന വാഹനങ്ങൾ വളരെ കുറച്ചുമാത്രം ഇന്ധനമടിക്കും. ടാങ്ക് ഫുള്ളാക്കുന്നത് മാഹിയിലെ പമ്പുകളിൽനിന്ന്. മാഹിയിൽ ദിവസം ഏകദേശം 110 കിലോ ലിറ്റർ പെട്രോളും 215 കിലോലിറ്റർ ഡീസലും വിറ്റിരുന്നു. അതിൽ 60-70 ശതമാനം വർധനയുണ്ടായി. തലശ്ശേരി, കൂത്തുപറമ്പ് മേഖലകളിലെ പന്ത്രണ്ടോളം പമ്പുകളെയും സാരമായി ബാധിച്ചു. ഈ പമ്പുകളിൽ ദിവസം 2000-2500 ലിറ്റർ എണ്ണവിൽപ്പന കുറഞ്ഞു. കണ്ണൂർ ജില്ലയിൽ ആകെ ദിവസം 25,000-30,000 ലിറ്ററിന്റെ കുറവുണ്ട്.

വയനാട് തോൽപ്പെട്ടിയിൽ ഡീസൽ വിൽപ്പന മുമ്പുണ്ടായിരുന്നതിനെ ക്കാൾ 1000 ലിറ്ററും പെട്രോൾ 500 ലിറ്ററും കുറഞ്ഞു. 50 ശതമാനത്തിന്റെ കുറവ്. കർണാടകത്തിലെ കുട്ടയിൽ മാത്രം ഡീസൽ വിൽപ്പനയിൽ 10 ശതമാനത്തിന്റെ വർധന. 300 ലിറ്റർ ഡീസൽ അധികവിൽപ്പന.

പമ്പിലെത്തുന്ന വാഹനങ്ങളുടെ എണ്ണത്തിൽ മാറ്റമില്ല. എത്തുന്ന വാഹനങ്ങൾ കൂടുതൽ മൂലങ്കാവിൽ ഡീസൽവിൽപ്പന 1200 മുതൽ 1300 വരെ ലിറ്റർ കുറഞ്ഞു. 50 ശതമാനത്തിന്റെ കുറവ്. ഗുണ്ടൽപേട്ടിൽ ഡീസൽവിൽപ്പന 30 ശതമാനം കൂടി, പെട്രോൾ 10 ശതമാനവും.

കാസർകോട്ട് തലപ്പാടി, പെർള, മുള്ളേരിയ, അഡൂർ, ബന്തടുക്ക എന്നിവിടങ്ങളിലായി സംസ്ഥാന അതിർത്തിയോടുചേർന്ന് ഒമ്പത് പെട്രോൾ പമ്പുകളിൽ വ്യാപാരം മൂന്നിലൊന്നായി. തലപ്പാടിയിൽ കേരള അതിർത്തിയിലെ ഭാരത് പെട്രോളിയം പമ്പിലെ വില്പനയിൽ പെട്രോൾ 2000 ലിറ്ററും ഡീസൽ 2500 ലിറ്ററും കുറഞ്ഞു. തലപ്പാടിയിൽ കർണാടകത്തിന്റെ ആദ്യ പെട്രോൾ പമ്പായ ഐ.ഒ.സി. പമ്പിൽ പെട്രോൾവില്പന 2300 ലിറ്റർ കൂടി. ഡീസൽ 6000 ലിറ്ററും.

പാലക്കാട് അതിർത്തിയിൽ തമിഴ്നാട്ടിലെ ഗോപാലപുരത്ത് 3000 ലിറ്റർ പെട്രോൾ വിറ്റിരുന്നത് ഇപ്പോൾ 4500 ലിറ്ററായി. ഡീസൽ 4000 ലിറ്റർ വിറ്റിരുന്നത് 5400 ആയി. കേരള ഗോപാലപുരം മൂങ്കിൽമടയിൽ പെട്രോൾ 2000 ലിറ്റർ വിറ്റിരുന്നിടത്ത് ഇപ്പോൾ 1000 ലിറ്റർ വിൽക്കുന്നില്ല. ഡീസൽ 3500 ലിറ്റർ വിറ്റിരുന്നത് 1300 ലിറ്റർ പോലുമില്ല.

കൊല്ലം തെന്മലയിൽ പ്രതിദിനം 6000 ലിറ്റർ ഡീസൽ വിറ്റിരുന്നിടത്ത് ഇപ്പോൾ 3500-4000 ലിറ്റർ മാത്രം. പെട്രോളിന് കൂടുതലും പ്രാദേശിക ആവശ്യക്കാരായതിനാൽ വിൽപ്പനയെ സാരമായി ബാധിച്ചിട്ടില്ല.

ഇടുക്കി മറയൂരിൽ മുൻപ് ദിവസവും 2000 ലിറ്റർ വരെ പെട്രോളും 3800 ലിറ്റർവരെ ഡീസലും ചെലവായിരുന്നു. ഇത് ഇപ്പോൾ 1200, 2600 എന്ന കണക്കിലായി. തമിഴ്നാട്ടിലെ പമ്പുകളെയാണ് ഇപ്പോൾ കൂടുതൽ ആശ്രയിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: