ഇരിട്ടി ടൗണിലെ പൊളിച്ചുമാറ്റിയ കെട്ടിടത്തിനുള്ളിൽ നിന്നും സർവ്വേക്കല്ല് കണ്ടെത്തി – റോഡ് വികസനം അടുത്താഴ്ചമുതൽ തുടങ്ങാൻ തീരുമാനം

ഇരിട്ടി : ഇരിട്ടി ടൗണിലെ പൊളിച്ചുമാറ്റിയ കെട്ടിടത്തിനുള്ളിൽ നിന്നും സർവ്വേക്കല്ല് കണ്ടെത്തി. സർവേ സംഘം അടയാളപ്പെടുത്തിയ സ്ഥലത്തുതന്നെയാണ് സർവ്വേക്കല്ലു കണ്ടെത്തിയത്. അതേസമയം കയ്യേറ്റങ്ങൾ പൊളിച്ചുമാറ്റിയ ഭാഗങ്ങളിലെ റോഡ് പ്രവർത്തി അടുത്തയാഴ്ച മുതൽ ആരംഭിക്കുമെന്ന് തഹസിൽദാർ പറഞ്ഞു. .

ഇരിട്ടി ടൗണിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് മേലേ സ്റ്റാൻഡ് മുതൽ പയഞ്ചേരി വരെയുള്ള അന്തർ സംസ്ഥാന പാതയിലെ റോഡരികിൽ കയ്യേറ്റങ്ങൾ ഉള്ളതായി റവന്യൂ സർവേ സംഘം കണ്ടെത്തിയിരുന്നു. റോഡിൽ നിന്നും ഒരു മീറ്റർ മുതൽ മൂന്നു മീറ്റർ വരെയുള്ള ദൂരത്തിൽ സർക്കാർ സ്ഥലം കയ്യേറി കെട്ടിടങ്ങൾ ഉൾപ്പെടെ നിർമിച്ചിട്ടുണ്ടെന്നും നേരത്തെ സർവേ സംഘം കണ്ടെത്തുകയും ഇവ അളന്ന് മാർക്കുചെയ്തു നൽകുകയും ചെയ്തിരുന്നു. സർവേ സംഘം അളന്നു മാർക്ക് ചെയ്ത ഭാഗത്തു തന്നെയാണ് ഇരിട്ടി പഴയ ബസ് സ്റ്റാൻഡിലെ ഓട്ടോ സ്റ്റാൻഡിന് സമീപത്തെ ഒരു കടയുടെ ഉള്ളിൽ സർവ്വേക്കല്ലു കണ്ടെത്തിയത്.

സർവ്വേ സംഘത്തിന്റെ അളവിൽ മാറ്റങ്ങൾ ഉണ്ടെന്ന് ചില വ്യാപാരികൾ ആരോപണമുന്നയിച്ചിരുന്നു. പൊളിച്ചുമാറ്റിയ ഭാഗത്തു ഇപ്പോൾ പഴയ സർവ്വേക്കല്ലു കണ്ടെത്തിയതോടെ കച്ചവടക്കാരുടെ ആരോപണം പൊള്ളയാണെന്ന് തെളിഞ്ഞു . കയ്യേറ്റം ഒഴിയുന്ന കച്ചവടക്കാർക്ക് വേണമെങ്കിൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ നൽകാമെന്നും കയ്യേറ്റം ഒഴിഞ്ഞ സ്ഥലങ്ങളിൽ അടുത്തയാഴ്ച തന്നെ പ്രവർത്തികൾ ആരംഭിക്കുമെന്നും ഇരിട്ടി തഹസിൽദാർ കെ കെ ദിവാകരൻ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: