സംസ്ഥാനത്തെ ആദ്യ വനിതാ വെഹിക്കിൾ ഇൻസ്പെക്ടർ; സരിഗ ജ്യോതി സാക്ഷാത്കരിച്ചത് അച്ഛന്റെ സ്വപ്നം.

ഡ്രൈവറായ അച്ഛന്റെ ഏറ്റവും വലിയ സ്വപ്നം സഫലമാക്കുവാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനിയായ സരിഗ

ജ്യോതി. മോട്ടർ വാഹന വകുപ്പിലേക്കുള്ള പൊതുപരീക്ഷയിലൂടെ നേരിട്ടു നിയമനം ലഭിച്ച ആദ്യത്തെ വനിതയെന്ന ബഹുമതിക്കൊപ്പം അച്ഛന്റെ ആഗ്രഹവും നിറവേറ്റി നൽകിയപ്പോൾ സരിഗ കൊയ്ത നേട്ടത്തിന് ഇരട്ടി മധുരമാണ്. അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എന്ന പദവിയിലേക്കാണ് സരിഗ തെരഞ്ഞെടുക്കപ്പെട്ടത്.
ഡ്രൈവറായ അച്ഛൻ ജ്യോതികുമാറാണ് ഇത്തരമൊരു വലിയ നേട്ടം സ്വന്തമാക്കുവാൻ സരിഗയ്ക്ക് പ്രചോദനമായത്. 176 അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ബാച്ചിലെ ഏക വനിതയാണ് സരിഗ.
പ്ലസ്ടു വിദ്യാഭ്യാസത്തിനു ശേഷം ആറ്റിങ്ങൽ ഗവണ്മെന്റ് പോളിടെക്നിക്കിൽ ഓട്ടോമൊബൈൽ എൻജിനീയറിംഗ് ഡിപ്ലോമയ്ക്കു ചേർന്ന സരിഗ ഇരുപതാം വയസിൽ കാർ, ടൂവീലർ, ഓട്ടോറിക്ഷ എന്നിവയുടെ ലൈസൻസ് സ്വന്തമാക്കി. ഹെവി ഡ്രൈവിംഗ് ലൈസൻസും സ്വന്തമാക്കിയ സരിഗയുടെ കരങ്ങളിൽ ക്രെയിനും മണ്ണുമാന്തി യന്ത്രങ്ങളും സുരക്ഷിതമാണ്.
പെരുമണ് എൻജിനീയറിംഗ് കോളജിൽ ബിടെക്ക് അവസാന സെമസ്റ്റർ പഠന കാലയളവിലാണ് സരിഗ അസിസ്റ്റന്റ് മോട്ടർവെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷയെഴുതിയത്. പരീക്ഷയെഴുതിയവരെ പിന്നിലാക്കി ഉന്നത വിജയം കൊയ്ത സരിഗ ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിലെത്തി ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: