നെയ്യാറ്റിൻകര കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന്, ലുക്കൗട്ട് നോട്ടീസ് ഉടൻ.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാക്കുതർക്കത്തിനിടെ ഡിവൈഎസ്പി പിടിച്ചുതള്ളിയ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവം

ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതു സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കി. റൂറൽ എസ്പിയുടെ ശിപാർശ പ്രകാരമാണ് ഡിജിപിയുടെ നടപടി. പോലീസ് ഉദ്യോഗസ്ഥൻ പ്രതിയായ കേസിൽ അന്വേഷണത്തിന് പരിമിതികൾ ഉണ്ടെന്നും പ്രതി സംസ്ഥാനം വിട്ട സാഹര്യത്തിൽ അന്വേഷണം കൈമാറുന്നതാണ് ഉചിതമെന്നുമായിരുന്നു ശിപാർശ.
കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിന്റെ പാസ്പോർട്ട് കണ്ടുകെട്ടാൻ നിർദേശമുണ്ട്. ഇയാൾക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായാണു പാസ്പോർട്ട് കണ്ടുകെട്ടുന്നത്. സംഭവശേഷം ഒളിവിൽ പോയ ഹരികുമാറിനെ ഇതുവരെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. ഹരികുമാർ തമിഴ്നാട്ടിലെ മധുരയിലേക്ക് കടന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം മധുരയിലേക്ക് പോയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി വാക്കുതർക്കത്തിനിടെ ഡിവൈഎസ്പി പിടിച്ചുതള്ളിയ മണലൂർ സ്വദേശി സനൽകുമാർ മറ്റൊരു വാഹനമിടിച്ചു മരിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി ഒന്പതരയ്ക്കു കൊടങ്ങാവിള ജംഗ്ഷനിൽ വാഹനം പാർക്ക് ചെയ്തതിനെച്ചൊല്ലി ഡിവൈഎസ്പി ഹരികുമാറും സനൽകുമാറും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ ഹരികുമാർ സനലിനെ പിടിച്ചുതള്ളി. പിറകിലേക്ക് ആഞ്ഞ സനലിനെ അതുവഴിയെത്തിയ കാർ ഇടിച്ചുവീഴ്ത്തി. സനലിനെ ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാറിനെതിരേ കൊലപാതകക്കുറ്റത്തിനു പോലീസ് കേസെടുത്തു. ഒളിവിൽപോയ ഡിവൈഎസ്പി ഹരികുമാറിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു. വാഹനമിടിച്ച് നിലത്തുവീണ സനലിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ഡിവൈഎസ്പി തയാറായില്ലെന്ന് ആക്ഷേപമുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: