ജവഹർ സ്റ്റേഡിയത്തെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കരുത് : എം വി ജയരാജൻ

കണ്ണൂരിന്റെ പ്രധാന കളിയിടമായ ജവഹർ സ്റ്റേഡിയത്തെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കുന്ന നടപടി കണ്ണൂർ കോർപ്പറേഷൻ അവസാനിപ്പിക്കണമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആവശ്യപ്പെട്ടു. സ്റ്റേഡിയം സംരക്ഷണത്തിനായി സമിതി രൂപീകരിക്കും. സിപിഐ എം പാർടി കോൺഗ്രസിന് ഉപയോഗിച്ചപ്പോൾ മൈതാനം കേട് വരുത്തിയെന്ന ദുരാരോപണം ഉന്നയിച്ച് ഈടാക്കിയ പിഴത്തുക ഉപയോഗിച്ചെങ്കിലും സ്റ്റേഡിയം ശുചീകരിക്കണം. സ്റ്റേഡിയത്തിലെ മാലിന്യ നിക്ഷേപത്തെക്കുറിച്ച് പരക്കെ പരാതി ഉയർന്ന പശ്ചാത്തലത്തിൽ സ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു ജയരാജൻ.
ഫുട്‌ബോൾ, ക്രിക്കറ്റ് കളിക്കാരും അത്‌ലീറ്റുകളും പ്രാക്ടീസ് നടത്തുന്ന മൈതാനമാണിത്. പൊലീസ്, സൈനിക റിക്രൂട്ട്‌മെൻറ് പരിശീലനവും നടന്നിരുന്നു. പരിശീലനത്തിന് വേണ്ടി ഉപകരണങ്ങൾ സ്ഥാപിച്ച സ്ഥലം ഉപയോഗിക്കാൻ പറ്റുന്നില്ല. കോർപറേഷൻ മാലിന്യം ശേഖരിക്കുന്നതിനുള്ള ഒരു ഡസനോളം വണ്ടികൾ പാർക്ക് ചെയ്യുന്നത് ഇവിടെയാണ്. വണ്ടി നിറയെ തലേദിവസം ശേഖരിച്ച മാലിന്യങ്ങളുമുണ്ട്. മാലിന്യ സംസ്‌കരണ പ്ലാൻറിന് വേണ്ടിയുള്ള യന്ത്രസാമഗ്രികൾ സ്റ്റേഡിയം ഗ്രൗണ്ടിലാണ് കൂട്ടി വെച്ചിരിക്കുന്നത്. ട്രാക്കിലടക്കം ആൽ മരങ്ങൾ വളർന്നിട്ടുണ്ട്. സിപിഐ എം പാർടി കോൺഗ്രസിൻറെ സമയത്ത് കാടുപിടിച്ച സ്റ്റേഡിയം പൂർണമായി വൃത്തിയാക്കിയിരുന്നു. പവലിയനും ഗ്യാലറിയും ശുചിമുറിയും ഉപയോഗയോഗ്യമാക്കി. ഇവയെല്ലാം വെള്ളപൂശി ശുചിയാക്കി. ഇപ്പോൾ ഇതെല്ലാം ഉപയോഗ ശൂന്യമായി. മാലിന്യം നിക്ഷേപിച്ചതിനാൽ പ്രഭാത സവാരിക്കാർ മൂക്കുപൊത്തിയാണ് ഇതിലൂടെ നടക്കുന്നത്. മാലിന്യം നിക്ഷേപിച്ച് കാടുമുടിയ സ്റ്റേഡിയം പാമ്പുകളും ഇഴജന്തുക്കളും കൈയടക്കി. ഇത് കായിക താരങ്ങളോടും കായിക പ്രേമികളോടുമുള്ള യുദ്ധപ്രഖ്യാപനമാണ്. ഫുട്‌ബോൾ ഇതിഹാസം മാറഡോണ പന്ത് തട്ടിയ രാജ്യത്തെ രണ്ടാമത്തെ മൈതാനമാണിത്. ദേശീയ ലീഗ് ഫുട്‌ബോൾ, ഫെഡറേഷൻ കപ്പ്, ശ്രീനാരായണ ഫുട്‌ബോൾ, നായനാർ ഫുട്‌ബോൾ തുടങ്ങിയവയ്ക്ക് വേദിയായ സ്റ്റേഡിയമാണിത്. നിരവധി തവണ സംസ്ഥാന സ്‌കൂൾ കായികോത്സവം ഇവിടെ നടന്നതാണ്. ആ സ്റ്റേഡിയത്തിനാണ് ഈ ഗതികേട് വന്നത്.
എൽഡിഎഫ് സർക്കാർ 13 കോടി രൂപ സ്റ്റേഡിയം നവീകരണത്തിനായി അനുവദിച്ചിരുന്നു. കോൺഗ്രസ് നേതാക്കളുടെ പിടിപ്പുകേട് കൊണ്ടാണ് ആ പണം നഷ്ടമായത്. ടെൻഡർ നടപടിയും ആരംഭിച്ചതാണ്. അന്ന് സ്റ്റേഡിയം നവീകരണത്തിന് മുന്നോട്ടു വെച്ച വ്യവസ്ഥകൾ കോൺഗ്രസ് നേതാക്കൾ എതിർത്തു. മറ്റ് നഗരസഭകളിലെല്ലാം കിഫ് ബി മുഖേന സ്റ്റേഡിയം നവീകരണ പദ്ധതി നടപ്പിലാക്കുമ്പോഴാണ് ജവഹർ സ്റ്റേഡിയത്തിൻറെ ശോചനീയവസ്ഥ തുടരുന്നത്.
സ്റ്റേഡിയത്തിൽ പരിശീലനം നടത്തി കൊണ്ടിരുന്ന കായിക താരങ്ങളും പരിശീലകരും സ്റ്റേഡിയത്തിൻറെ ശോചനീയാവസ്ഥയെക്കുറിച്ച് എം വി ജയരാജനോട് പരാതി ഉന്നയിച്ചു. എല്ലാവിഭാഗക്കാരെയും പങ്കെടുപ്പിച്ച് 11ന് വൈകിട്ട് നാലിന് കണ്ണൂർ സ്‌പോട്‌സ് കൗൺസിൽ ഹാളിൽ ജവഹർ സ്റ്റേഡിയം സംരക്ഷണ സമിതി രൂപീകരിക്കുമെന്നും ജയരാജൻ അറിയിച്ചു. സിപിഐ(എം) സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ എൻ ചന്ദ്രനും സ്റ്റേഡിയം സന്ദർശിക്കാൻ ഒപ്പമുണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: