മാക്കൂട്ടം ചുരം പാതയിൽ ബസ്സുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾക്ക് ഉപാധികളോടെ യാതാനുമതി

ഇരിട്ടി : ഉരുൾപൊട്ടൽ മൂലം റോഡ് തകർന്ന ഇരിട്ടി – മാക്കൂട്ടം – പെരുമ്പാടി ചുരം പാത ബസ്സുകൾ അടക്കമുള്ള യാത്രാ വാഹങ്ങൾക്കായി ഉപാധികളോടെ കർണ്ണാടക സർക്കാർ തുറന്നു കൊടുത്തു. ഇതിനെത്തുടർന്ന് തിങ്കളാഴ്ച മുതൽ കേരളാ -കർണ്ണാടകാ കെ എസ് ആർ ടി സി ബസ്സുകൾ ഉൾപ്പെടെയുള്ളവ ഇതുവഴി ഓടിത്തുടങ്ങി. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് യാത്രാനുമതി. ആറ് ടയറിൽ കൂടുതലുള്ള ടോറസ് പോലുള്ള ഭാരവാഹനങ്ങൾക്ക് യാത്രാവിലക്ക് നിലനിൽക്കും. നാൽപ്പത് കിലോമീറ്ററിൽ കൂടതൽ വേഗതയിൽ സഞ്ചരിക്കുന്നതിനും വിലക്കുണ്ട്.

കഴിഞ്ഞ ജൂണിൽ കനത്ത മഴയിൽ ബ്രഹ്മഗിരി മലനിരകളിൽ ഉണ്ടായ ഉരുൾപൊട്ടലിനെ ത്തുടർന്നാണ് പതിനാറ് കിലോമീറ്ററ്റോളം വരുന്ന ഈ കാനന പാത തകർന്നത്. നാലോളം ഇടത്ത് റോഡ് പാടേ ഇടിഞ്ഞുവീണതും , മലവെള്ളം കുത്തിയൊഴുകി മാക്കൂട്ടം ചെക്ക് പോസ്റ്റിനോട് ചേർന്ന പാലത്തിന് ബലക്ഷയം നേരിട്ടതും ഗതാഗതം പൂർണ്ണമായും നിർത്തിവെക്കുന്നതിന് ഇടയാക്കി. മണൽച്ചാക്കുകളും മറ്റും നിരത്തി പാലവും റോഡും ബലപ്പെടുത്തിയ ശേഷം ഒരു മാസം കഴിഞ്ഞു ചെറിയ യാത്രാവാഹനങ്ങൾക്കുള്ള വിലക്ക് ഉപാധികളോടെ നീക്കി. കണ്ണൂർ ജില്ലയിൽ നിന്നും ബംഗളൂരു , മൈസൂരു തുടങ്ങിയ പട്ടണങ്ങളിൽ എത്തിച്ചേരാനുള്ള എളുപ്പ വഴി അടഞ്ഞതോടെ മേഖലയിലെ യാത്രക്കാർ ദുരിതത്തിലായി. നൂറു കിലോമീറ്ററിലധികം ചുറ്റി പാൽചുരം, പെരിയ ചുരങ്ങളിലൂടെ ഇവർക്ക് സഞ്ചരിക്കേണ്ടി വന്നു. ഏതാനും ആഴ്ച മുൻപ് കർണ്ണാടക സർക്കാർ വീരാജ്പേട്ട മുതൽ കേരളാ അതിർത്തിയായ കൂട്ടുപുഴ വരെ കർണ്ണാടക മിനി ആർ ടി സി ബസ്സുകൾ സർവീസ് നടത്തിയത് ജനങ്ങൾക്ക് ആശ്വാസം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വലിയ ബസ്സുകൾ അടക്കമുള്ള വാഹങ്ങൾക്ക് സർവീസ് നടത്താൻ അനുമതി നൽകിയിരിക്കുന്നത്. താത്കാലിക മായി മണൽച്ചാക്കുകളും മറ്റും നിരത്തി പുനർ നിർമ്മിച്ച പാതയിൽ പല ഘട്ടങ്ങളിലായി ഭാരം താങ്ങാനുള്ള ശേഷി പരിശോധിച്ച ശേഷമാണ് കുടക് അസി. കമ്മീഷണർ നിയന്ത്രണത്തിൽ ഇളവ് വരുത്തിയിരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: