സാമൂഹിക പ്രവർത്തകനായ കണ്ണൂർ സ്വദേശി ജിദ്ദയിൽ വാഹനാപകടത്തിൽ മരിച്ചു.

9 / 100

കണ്ണൂർ :സാമൂഹിക  പ്രവർത്തകനായ കണ്ണൂർ സ്വദേശി ജിദ്ദയിൽ വാഹനാപകടത്തിൽ മരിച്ചു. താണ സ്വദേശി അലക്കലകത്ത് മൂസ (63) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് മക്രോണ സ്ട്രീറ്റിൽ ഇദ്ദേഹം ജോലി ചെയ്യുന്ന ജിദ്ദ നാഷനൽ ആശുപത്രിക്ക് മുമ്പിൽ റോഡ് മുറിച്ചുകടക്കവെ സ്വദേശിയുടെ വാഹനം വന്നിടിക്കുകയായിരുന്നു.

ഉടൻ ജിദ്ദ സുലൈമാൻ ഫഖീഹ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു. 35 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ദീർഘകാലം സൗദി കേബിൾ കമ്പനിയിൽ ജീവനക്കാരനായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തോളമായി ജിദ്ദ നാഷനൽ ആശുപത്രിയിൽ സപ്പോർട്ട് സർവീസ് മാനേജറായി ജോലിചെയ്യുകയായിരുന്നു.

തനിമ സാംസ്കാരിക വേദി ജിദ്ദ സൗത്ത് കൂടിയാലോചന സമിതി അംഗം, മാനവീയം രക്ഷാധികാരി, കണ്ണൂർ ജില്ലാ വെൽഫെയർ അസോസിയേഷൻ സ്ഥാപക പ്രസിഡണ്ട്, അക്ഷരം വായനാവേദി അംഗം എന്നീ നിലകളിൽ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു.

ജമാഅത്തെ ഇസ്‌ലാമി അംഗം (റുഖ്‌ൻ) ആണ്. പിതാവ്: പരേതനായ അലക്കലകത്ത് ഹംസ, മാതാവ്: റാബിയ, ഭാര്യ: റുക്‌സാന (തനിമ ജിദ്ദ സൗത്ത് വനിതാ വിഭാഗം പ്രസിഡണ്ട്), മക്കൾ: റയ്യാൻ മൂസ (ജുബൈൽ), ഡോ. നൗഷിൻ, അബ്ദുൽ മുഈസ് (മെഡിക്കൽ വിദ്യാർത്ഥി), റുഹൈം മൂസ. നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: