മാതൃഭൂമി ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം ആഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞതായി സൂചന

കണ്ണൂര്‍ താഴെചൊവ്വ തെഴുക്കിലെ പീടികയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് മാതൃഭൂമി ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനെയും ഭാര്യ സരിതകുമാരിയെയും കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം ആഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തിലെ മുഴുവന്‍ പ്രതികളെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതായി അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി പി.പി. സദാനന്ദനാണ് സൂചന നല്‍കിയത്. വിനോദ് ചന്ദ്രന്റെ വീട്ടില്‍ നിന്ന് 60 പവനും 20000 രൂപയും രണ്ടരലക്ഷം രൂപ വിലവരുന്ന ഡയമണ്ടും മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുമുള്‍പ്പെടെയാണ് കൊള്ളയടിച്ചത്. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചാണ് കേസന്വേഷണം പുരോഗമിക്കുന്നത്.

ഇതിനിടെ എറണാകുളം ജില്ലയില്‍ നടന്ന രണ്ട് കൊള്ളകള്‍ക്ക് സമാനമായ കൊള്ളയാണ് കണ്ണൂരില്‍ നടന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഒരുസംഘം എറണാകുളത്തെത്തി 2017 ല്‍ വീട്ടുകാരെ കെട്ടിയിട്ട് നടന്ന കവര്‍ച്ചയുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഈ കേസില്‍ ആറ് ബംഗ്ലാദേശികള്‍ പിടിയിലായിരുന്നു. പതിനൊന്നംഗ സംഘമാണ് അന്ന് വീട് ആക്രമിക്കുന്നതിന് എത്തിയത്. പതിനഞ്ചിലേറെ വരുന്ന ബംഗ്ലാദേശി കൊള്ളസംഘത്തില്‍പ്പെട്ടവരായിരുന്നു ഇവര്‍. പിടിയിലാകാതെ രക്ഷപ്പെട്ട കൊള്ളക്കാരുടെ വിശദാംശങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഡല്‍ഹിയിലും സമാനമായ കേസുകളുണ്ട്. അതിനാല്‍ ഒരു സംഘം ഡല്‍ഹിയിലേക്കും തിരിച്ചിട്ടുണ്ട്. അതേസമയം കൊള്ള നടന്ന ദിവസം സിറ്റി പോലീസിന്റെ ക്യാമറയില്‍ പതിഞ്ഞ നീല ഇന്‍ഡിക്ക കാര്‍ കൊള്ളക്കാരുടേതല്ലെന്ന് അന്വേഷണ സഘം സൂചന നല്‍കുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: