ജില്ലാ ആശുപത്രിയിൽ രക്തപരിശോധന നിലച്ചു
കണ്ണൂർ: ജില്ലാ ആശുപത്രി ലാബിലെ ബയോകെമിസ്ട്രി അനലൈസർ തകരാറിലായതിനെ തുടർന്നു രക്തപരിശോധന നിലച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് യന്ത്രം തകരാറിലായത്. ഇതേത്തുടർന്നു രോഗികൾ രക്ത പരിശോധനയക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വന്നു.
ജില്ലാ ആശുപത്രി പോലെ തിരക്കനുഭവപ്പെടുന്നിടങ്ങളിലെ ലാബുകളിൽ സാധാരണ ഗതിയിൽ ഒന്നിൽ കൂടുതൽ ബയോകെമിസ്ട്രി അനലൈസർ സ്ഥാപിക്കാറുണ്ട്. എന്നാൽ കണ്ണൂരിൽ ഒരു മെഷീൻ മാത്രമാണുള്ളത്. നിരന്തരമായ ഉപയോഗം മൂലമുണ്ടായ തകരാറാണ് യന്ത്രത്തിനു സംഭവിച്ചതെന്നാണ് വിദഗ്ധർ പറയുന്നത്. യന്ത്രം പ്രവർത്തനക്ഷമമാക്കാൻ രണ്ടു ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് കരുതുന്നത്. മെഷീൻ എത്രയും പെട്ടെന്ന് പ്രവർത്തനക്ഷമമാക്കാനുള്ള നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അറിയിച്ചു. കൂടാതെ പുതിയൊരു ബയോകെമിസ്ട്രി അനലൈസർ കൂടി സ്ഥാപിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ടെന്നും സുമേഷ് പറഞ്ഞു.