സ്വത്ത് തട്ടിപ്പുകേസ്: ജാനകിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഒൻപതിനു ഹൈക്കോടതിയിൽ
തളിപ്പറമ്പ്: ദുരൂഹസാഹചര്യത്തില്‍ മരിച്ച സഹകരണവകുപ്പ് മുന്‍ ജോയിന്റ് രജിസ്ട്രാര്‍ ബാലകൃഷ്ണന്റേയും കുടുംബത്തിന്റേയും സ്ഥലം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ ജാനകിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തിങ്കളാഴ്ച ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തും. പയ്യന്നൂര്‍ ബാറിലെ അഭിഭാഷക തായിനേരിയിലെ കിഴക്കേക്കര വണ്ണാടില്‍ ഷൈലജയുടെ ജേഷ്ഠസഹോദരി ജാനകിയും ബാലകൃഷ്ണനും വിവാഹിതരായെന്ന വ്യാജരേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്തതായി പയ്യന്നൂര്‍ പോലിസ് കേസെടുത്തിരുന്നു.
1980 ഏപ്രില്‍ 27ന് ബാലകൃഷ്ണനെ പയ്യന്നൂര്‍ കോറോത്തെ കിഴക്കേക്കര വണ്ണാടില്‍ ജാനകി വിവാഹം ചെയ്തുവെന്നു വ്യാജരേഖയുണ്ടാക്കി പെന്‍ഷനും നിക്ഷേപവും സ്വത്തുക്കളും തട്ടിയെടുത്തുവെന്നാണു കേസ്. ഓഗസ്റ്റ് രണ്ടിന് അറസ്റ്റിലായ ജാനകിയെ പ്രായാധിക്യം പരിഗണിച്ചു പയ്യന്നൂര്‍ മജിസ്രേട്ട് എ. അല്ഷാരി ജാമ്യംനല്‍കി വിട്ടയച്ചിരുന്നു. ജീവനു ഭീഷണി നേരിടുന്നതിനാല്‍ സര്‍ക്കാര്‍ ഹോമില്‍ പാര്‍പ്പിക്കുകയോ വേണമെന്ന ആവശ്യം തള്ളിയാണ് ഇവര്‍ക്കു ജാമ്യം നല്‍കിയത്.
മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെയാണ് ആക്ഷന്‍ കമ്മിറ്റി ചെയര്മാന് പത്മന് കോഴൂര്‍ ഹൈക്കോടതിയിലെത്തിയത്. ജീവനു ഭീഷണി നേരിടുന്ന ജാനകിയ്ക്കു ജാമ്യം നിഷേധിക്കുകയോ പോലീസ് നിരിക്ഷണത്തില്‍ സര്‍ക്കാര്‍ ഹോമില്‍ പാര്‍പ്പിക്കുകയോ വേണമെന്നാണു ഹർജിയിലെ ആവശ്യം. ബാലകൃഷ്ണന്റേയും അച്ഛന് ഡോ. പി കുഞ്ഞമ്പു നായരുടെയും 250 കോടി രൂപയുടെ സ്വത്തുക്കള്‍ ജാനകിയുടെ മരണശേഷം ഷൈലജയുടെ പേരിലാകുന്നന്നവിധം ഒസ്യത്ത് രജിസ്ട്രര്‍ ചെയ്തത സാഹചര്യത്തില്‍ പ്രസ്തുത ആവശ്യം കൂടുതല്‍ പ്രസക്തമായതായും ഹർജിക്കാരന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പരിയാരം വില്ലേജില്‍ അമ്മാനപ്പാറ അംശം സര്ജന് കെട്ടന്നറിയപ്പെടുന്ന റി.സ 1/1എയിലെ 12 ഏക്കര്‍ സ്ഥലം വ്യാജരേഖകളുപയോഗിച്ചു ജാനകിയില്നിന്നു ഷൈലജ സ്വന്തംപേരില്‍ എഴുതി വാങ്ങിച്ചതും ഇതിനുദാഹരണമായി ഹരജിക്കാരന് ചൂണ്ടിക്കാട്ടുന്നു. ജാമ്യം റദ്ദാക്കണമെന്ന വാദത്തെ പോലിസും അനുകൂലിക്കുന്നു. അന്വേഷണസംഘത്തലവനായ സിഐ എം. പി ആസാദ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്സിലെ ഗവണ്മെന്റ് പ്ലീഡര്‍ സുമന് ചക്രവര്‍ത്തിയുമായി ഇന്നു ചര്‍ച്ച നടത്തും. കേസിന്റെ വിശദാംശങ്ങളും സിഐ ആസാദ് സുമന് ചക്രവര്‍ത്തിക്കു കൈമാറും.