തലശേരി ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയ; ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ
തലശേരി: അന്താരാഷ്ട്ര മാർക്കറ്റിൽ കിലോഗ്രാമിന് കോടികൾ വിലവരുന്ന ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ. വടകര ആവിക്കൽ വളപ്പിൽ നജീബ് (29) നെയാണ് ടൗൺ സിഐ കെ.ഇ. പ്രേമചന്ദ്രൻ, പ്രിൻസിപ്പൽ എസ്ഐ അനിൽ, എസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ വിനോദ്, വിജേഷ്, രാജീവൻ എന്നിവരടങ്ങിയ സംഘം അറസറ്റ് ചെയ്തത്. ഇയാളിൽ നിന്ന് ആറ്ഗ്രാം ബ്രൗൺഷുഗറാണ് പിടികൂടിയത്.
ഇതിനുമാത്രം അര ലക്ഷത്തിലധികം രൂപ വിലവരും. തലശേരി നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് കനത്ത ജാഗ്രത പുലർത്തി വരികയായിരുന്നു. ഇന്നു രാവിലെ ജൂബിലി റോഡിലെത്തിയ യുവാവിനെ മഫ്ടിയിലുള്ള പോലീസ് സംഘങ്ങൾ ഉൾപ്പെടെയുള്ളവർ നിരീക്ഷിച്ചുവരികയായിരുന്നു. സംശയം തോന്നി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ സംശയത്തിന് ഇടനൽകാത്ത രീതിയിലായിരുന്നു യുവാവ് പെരുമാറിയത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് വസ്ത്രത്തിലും ശരീരത്തിലും അതീവ രഹസ്യമായി സൂക്ഷിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയാണ് യുവാവെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ലഹരിക്ക് ഉപയോഗിക്കുന്ന വേദന സംഹാരി ഗുളികകളുമായി മൂന്നു യുവാക്കൾ പിടിയിൽ
തലശേരി: ലഹരിക്കു വേണ്ടി ഉപയോഗിക്കുന്ന വേദനാ സംഹാരി ഗുളികകളുമായി മൂന്നു യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ചിറക്കര സ്വദേശികളായ യുവാക്കളാണ് പിടിയിലായിട്ടുള്ളത്. കാൻസർ രോഗികൾ ഉപയോഗിക്കുന്ന വേദനാസംഹാരി ഗുളികകളുടെ 24 ഗുളികകൾ അടങ്ങിയ ആറ് സ്ട്രിപ്പുകളാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. ടൗൺ എസ്ഐ അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ ചോദ്യം ചെയ്തു വരികയാണ്.