കണ്ണൂർ ജില്ലയില്‍ മഴക്കെടുതി തുടരുന്നു; 5000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു

ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് 1200ലേറെ കുടുംബങ്ങളില്‍ നിന്നായി 5000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. നിരവധി വീടുകളില്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. നാല് പേര്‍ക്ക് പരിക്കേറ്റു.
തളിപ്പറമ്പ് താലൂക്കിലെ ചെങ്ങളായി, ഇരിക്കൂര്‍, കുറുമാത്തൂര്‍ ഭാഗങ്ങളെയാണ് മഴക്കെടുതി രൂക്ഷമായി ബാധിച്ചത്. ഇവിടെ മാത്രം 3900ലേറെ പേരെ ബന്ധുവീടുകളിലേക്കും മറ്റും മാറ്റിപ്പാര്‍പ്പിച്ചു. 
വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നും  കയറാനുള്ള സാധ്യത മുന്‍നിര്‍ത്തിയും തലശ്ശേരി താലൂക്കിലെ 14 വില്ലേജുകളിലായി 179 കുടുംബങ്ങളിലെ 346 പേരെ മാറ്റി പാര്‍പ്പിച്ചു.
കണ്ണൂര്‍ താലൂക്കില്‍ 134 കുടുംബങ്ങളില്‍ നിന്നായി 335 ആള്‍ക്കാരെ മാറ്റി താമസിപ്പിച്ചു. കക്കാട്പുഴ കരകവിഞ്ഞ് ഒഴുകിയതിനാല്‍ പുഴാതി വില്ലേജിലെ രണ്ട് വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. ചേലോറ വില്ലേജിലെ 26 വീടുകളും എളയാവൂര്‍ വില്ലേജിലെ 50 വീടുകളിലുമുള്ളവരെയും സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ആറ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
ഇരിട്ടി താലൂക്കിലെ രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. കേളകം, കോളാരി വില്ലേജിലെ വീടുകളാണ് തകര്‍ന്നത്. വീടുകളിലെ എട്ട് പേരെ ബന്ധുവീടുകളിലേക്ക് സുരക്ഷിതമായി മാറ്റി. 13 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. അപകട സാധ്യത മുന്‍നിര്‍ത്തി താലൂക്കിലെ 88 കുടുംബങ്ങളിലെ 251 പേരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.  
തളിപ്പറമ്പ് താലൂക്കില്‍ 709 കുടുംബങ്ങളില്‍ നിന്നായി 3900ലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചു. 12 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. കുറുമാത്തൂര്‍ വില്ലേജില്‍ മാത്രം 100 കുടുംബങ്ങളിലായി 610 പേരെയാണ് ബന്ധുവീടുകളിലേക്ക് മാറ്റിയത്. താലൂക്കിലെ ചീത്തപ്പാറ വനമേഖലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായി.
പയ്യന്നൂര്‍ താലൂക്ക് പരിധിയില്‍ വയക്കര വില്ലേജില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് 19 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു.
ജില്ലയിലെ പ്രധാന നദികളില്‍ എല്ലാം ജലനിരപ്പ് അപാകടകരമാംവിധം ഉയര്‍ന്നതിനാല്‍ വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. വളപട്ടണം, മയ്യില്‍, ശ്രീകണ്ഠപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: