കരിപ്പൂര്‍ ദുരന്തം: പൈലറ്റുമാര്‍ അടക്കം 19 മരണം

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും, അഞ്ച് സ്ത്രീകളും അടക്കമുള്ളവര്‍ മരിച്ചവരില്‍ പെടും. പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഒരു ഗര്‍ഭിണിയടക്കം 5 പേര്‍ കോഴിക്കോട് മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലടക്കം വൃദ്ധര്‍ക്കും യുവാക്കള്‍ക്കുമടക്കം നിരവധിപ്പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. അതേസമയം, ചിലര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. 

കോഴിക്കോട് ജില്ലയിലെ ആശുപത്രികളില്‍ മരിച്ചത് 13 പേരാണ്.

മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇങ്ങനെ:

1. ജാനകി, 54, ബാലുശ്ശേരി
2. അഫ്സല്‍ മുഹമ്മദ്, 10 വയസ്സ്
3. സാഹിറ ബാനു, കോഴിക്കോട് സ്വദേശി
4. സാഹിറയുടെ ഒന്നരവയസ്സുള്ള കുഞ്ഞ് അസം മുഹമ്മദ്, കോഴിക്കോട് സ്വദേശി
5. സുധീര്‍ വാര്യത്ത് (45), വളാഞ്ചേരി കുളമംഗലം സ്വദേശി
6. ഷഹീര്‍ സെയ്ദ്, 38 വയസ്സ്, തിരൂര്‍ സ്വദേശി
7. മുഹമ്മദ് റിയാസ്, 23, പാലക്കാട്
8. രാജീവന്‍, കോഴിക്കോട്
9. ഷറഫുദ്ദീന്‍, കോഴിക്കോട് സ്വദേശി,
10. ശാന്ത, 59, തിരൂര്‍ നിറമരുതൂര്‍ സ്വദേശി
11. കെ വി ലൈലാബി, എടപ്പാള്‍
12. മനാല്‍ അഹമ്മദ് (മലപ്പുറം)
13. ഷെസ ഫാത്തിമ (2 വയസ്സ്)
14. ദീപക്
15. പൈലറ്റ് ഡി വി സാഥേ
16. കോ പൈലറ്റ് അഖിലേഷ് കുമാര്‍

മറ്റ് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിയാനുണ്ട്. 

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 13 ആശുപത്രികളിലായിട്ടാണ് ചികിത്സയിലുള്ളത്. 1കോഴിക്കോട് മെഡിക്കല്‍ കോളേജ്, കോഴിക്കോട് മിംസ്, കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി, ഇഖ്റ ആശുപത്രി, മൈത്ര ആശുപത്രി, കൊണ്ടോട്ടി മേഴ്സി ആശുപത്രി, ഫറോക്ക് ക്രസന്‍റ് ആശുപത്രി, മഞ്ചേരി മെഡിക്കല്‍ കോളേജ്, റിലീഫ് ആശുപത്രി കൊണ്ടോട്ടി, എംബി ആശുപത്രി, മലപ്പുറം, അല്‍മാസ് കോട്ടയ്ക്കല്‍, ബി എം പുളിക്കല്‍, ആസ്റ്റര്‍ പന്തീരങ്കാവ് എന്നീ ആശുപത്രികളിലായാണ് ആളുകള്‍ ചികിത്സയിലുള്ളത്. 

അപകടത്തെക്കുറിച്ച്‌ എയര്‍ ഇന്ത്യയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും നടത്തുന്ന അന്വേഷണം ഇന്ന് തുടങ്ങും.

കനത്ത മഴ അപകട കാരണം

കനത്ത മഴ കാഴ്ച മറച്ചതാണ് അപകട കാരണമെന്നാണ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ വ്യക്തമാക്കുന്നത്. ലാൻഡിങ്ങിനിടെ റൺവേ 10ലൂടെ തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇടതുവശത്തേക്കു തെന്നിമാറി താഴേക്കു പതിക്കുകയായിരുന്നു. വിമാനത്താവളത്തിനു പുറത്ത് കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കു പതിച്ച വിമാനം വീഴ്ചയുടെ ആഘാതത്തിലാണ് രണ്ടായി പിളർന്നത്.

അപകടത്തിൽ വിമാനത്തിന്റെ കോക്പിറ്റ് മുതൽ മുൻവാതിൽ വരെയുള്ള ഭാഗം തകർന്നു. മുൻവാതിലിന്റെ ഭാഗത്തുവച്ചാണ് വിമാനം രണ്ടായി പിളർന്നത്. അപകടത്തിനു പിന്നാലെ നാട്ടുകാരുടെ കൂടി സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ജില്ലാ കലക്ടറും സ്ഥലം എംഎൽഎയും ഉൾപ്പെടെയുള്ളവർ അപകടം നടന്ന ഉടൻ സ്ഥലത്തെത്തി.

ടേബിൾ ടോപ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാനാകാതെ പോയതാണ് അപകട കാരണം. മംഗലാപുരം വിമാനത്താവളത്തിനു സമാനമായി ടേബിൾ ടോപ് രീതിയിലാണ് കരിപ്പൂരിലെയും നിർമാണം. അതിനാൽത്തന്നെ പലയിടത്തും താഴ്ചയേറിയ ഭാഗങ്ങളുണ്ട്. മംഗലാപുരത്തും സമാന രീതിയില്‍ ആഴത്തിലേക്കു വീണാണു വിമാനം തകർന്ന് അപകടമുണ്ടായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: