വെള്ളം കയറി; പാമ്പുരുത്തി ദ്വീപ് നിവാസികളെ പൂർണ്ണമായും ഒഴിപ്പിച്ചു

കൊളച്ചേരി :- നിർത്താതെ പെയ്യുന്ന മഴയിൽ വളപട്ടണം പുഴ കരകവിഞ്ഞതോടെ പാമ്പുരുത്തി ദ്വീപ് പൂർണ്ണമായും വെള്ളത്തിൽ മുങ്ങി . പക്ഷെ മുൻകരുതൽ പ്രവർത്തനങ്ങൾ ചിട്ടയായി മുന്നേറിയതോടെ വൈകിട്ടോടെ

പാമ്പുരുത്തിയിലെ മുഴുവൻ കുടുംബങ്ങളെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചു. 250 ഓളെ കുടുംബങ്ങളാണ് ദ്വീപിൽ അധിവസിക്കുന്നത്. ഇവരെ മുഴുവനും അവരുടെ മറ്റു കുടുംബ വീടുകളിലേക്കും കമ്പിൽ സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമായാണ് മാറ്റി പാർപ്പിച്ചത്.

രാവിലെ മുതൽ തന്നെ പഞ്ചായത്ത് അധികൃതരും ,ജനപ്രതിനിധികളും, റവന്യു അധികാരികളും, രാഷ്ട്രീയ- മത – സാസ്കാരിക സംഘടനാ പ്രവർത്തകരും അപകട സ്ഥിതി മുന്നിൽ കണ്ട് യുദ്ധകാലടിസ്ഥാനത്തിൽ പ്രവൃത്തിക്കുകയായിരുന്നു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ എന്നിവർ ക്യാമ്പ് സജ്ജീകരിക്കുന്നതിനും മറ്റും മുന്നിൽ നിന്ന് നേതൃത്വം നൽകി.

മഴയ്ക്ക് ശമനമാവാത്ത സ്ഥിതിക്ക് പള്ളിപറമ്പ് മേഖലയിലെയും മറ്റും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായിരിക്കുകയാണ്.കായച്ചിറയിലും പള്ളിപ്പറമ്പ് കണ്ണോത്തെ താഴെയിലും നിരത്ത് പൂർണമായി. വെള്ളത്തിൽ മുങ്ങി യതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. ഇന്ന് വൈകിട്ടു മുതൽ ബസ് ഓട്ടവും നിലച്ചു. വെള്ളം കയറിയതിനാൽ സ്റ്റെപ്പ് റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിർത്തി വച്ചിരിക്കുകയാണ്. വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചിരിക്കുകയാണ് പലയിടത്തും. അതേസമയം ഒരു ദുരന്തങ്ങൾ ഒഴിവാക്കാനായി ജനങ്ങൾ ജാഗ്രതാ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: