ബിജെപി പ്രവര്‍ത്തകനായ സുരേഷ്ബാബുവിനെ കൊലപ്പെടുത്തിയ അഞ്ച് പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവും 80,000 രൂപ വീതം പിഴയും

തലശ്ശേരി: ബിജെപി പ്രവര്‍ത്തകന്‍ കോടിയേരി ഈങ്ങയില്‍പീടികയിലെ പാഞ്ചജന്യത്തില്‍ സുരേഷ് ബാബുവിനെ(42) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ച് സി.പി.എം പ്രവര്‍ത്തകരെ വിവിധ വകുപ്പുകള്‍ പ്രകാരം ജീവപര്യന്തം കഠിന തടവിനും 80,000 രൂപ വീതം പിഴയടക്കാനും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (രണ്ട്) ജഡ്ജ് ആര്‍.എല്‍ ബൈജു ശിക്ഷിച്ചു. കേസിലെ മുഴുവന്‍ പ്രതികളും കുറ്റക്കാരാണെന്ന് രാവിലെ കോടതി കണ്ടെത്തിയിരുന്നു. ഉച്ച തിരിഞ്ഞ് മൂന്നര മണിക്കാണ് ശിക്ഷ പ്രഖ്യാപിച്ചത്. പ്രതികള്‍ പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം.

2008 മാര്‍ച്ച് ഏഴിന് രാവിലെ പത്തര മണിക്കാണ് കേസിനാസ്പദമായ സംഭവം. ആയുധങ്ങളുമായി സുരേഷ്ബാബുവിന്റെ വീട്ടിലെത്തിയ സി.പി.എം അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രൊസിക്യൂഷന്‍ കേസ്. വീട്ടിലുണ്ടായിരുന്ന ഇളയമ്മയുടെയും മറ്റും മുമ്പില്‍ വെച്ചാണ് അക്രമി സംഘം സുരേഷ്ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. സി.പി.എം പ്രവര്‍ത്തകരും കോടിയേരി മൂഴിക്കര സ്വദേശികളുമായ കാട്ടില്‍പ്പറമ്പത്ത് മാക്കാടന്‍ കുനിയില്‍ അഭിനേഷ് എന്ന അഭി, കാണിവയല്‍ വീട്ടില്‍ വി.പി സിജീഷ് എന്ന നാണപ്പന്‍ ഷിജീഷ്, വേലാണ്ടി കണാരിയുടെ മകന്‍ വേലാണ്ടി ഷിബു, കാണിവയല്‍ വി.പി സജീഷ്, വട്ടക്കണ്ടി കാട്ടീന്റവിടെ വി.റിഗേഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത.്് കേസിലെ പ്രതികള്‍.കേസിലെ ആറാം പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.വെട്ടേറ്റ് സുരേഷ് ബാബുവിന്റെ കഴുത്ത് വേര്‍പ്പെട്ട നിലയിലായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോ. ഉമേഷ് വിചാരണ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.കൊല്ലപ്പെട്ട സുരേഷ്ബാബുവിന്റെ ശരീരത്തില്‍ 29 മുറിവുകളുണ്ടായിരുന്നു. വാഴയില്‍ കേളോത്ത് ഹരിദാസിന്റെ പരാതി പ്രകാരമായിരുന്നു പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്.

ആര്‍.എസ്.എസ് നേതാവ് എം.പി സുമേഷിനെ തലശ്ശേരി നഗരത്തില്‍ വെച്ച് പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നടന്ന കൊലപാതക പരമ്പരയിലാണ് സുരേഷ്ബാബു കൊല്ലപ്പെട്ടത.് രണ്ട് ദിവസങ്ങളിലായി ഏഴ് പേര്‍ തലശ്ശേരി മേഖലയില്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നാല് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരും മൂന്ന് സി.പി.എം പ്രവര്‍ത്തകരുമാണ് രണ്ട് ദിവസത്തെ അക്രമ സംഭവങ്ങളില്‍ കൊല്ലപ്പെട്ടിരുന്നത്. കേസില്‍ ആകെ 27 സാകഷികളെ വിസ്തരിച്ചു. 35 രേഖകള്‍ കോടതി മാര്‍ക്ക് ചെയ്തു. 11 തൊണ്ടി മുതലുകളും കോടതി മുമ്പാകെ ഹാജരാക്കി.

കൊല്ലപ്പെട്ട സുരേഷ്ബാബുവിന്റെ ഇളയമ്മ കാര്‍ത്ത്യായനി,വിജില ഉള്‍പ്പെടെയുള്ള ദൃക്സാക്ഷികളെയും ഡോ.ഉന്മേഷ്, പോലീസ് ഓഫീസര്‍മാരായ വി.പി സുരേന്ദ്രന്‍, എം.വി സുകുമാരന്‍, പി.ദിലീഷ്, ഷാജി, സുഗുണന്‍ തുടങ്ങി 54 പേരാണ് പ്രൊസിക്യൂഷന്‍ സാക്ഷികള്‍. പ്രൊസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസട്രിക് പ്ലീഡര്‍ അഡ്വ. കെ.പി ബിനീഷ, അഡ്വ.പി പ്രേമരാജന്‍ എന്നിവരും പ്രതികള്‍ക്ക് വേണ്ടി അഡ്വ.സി.കെ ശ്രീധരനുമാണ് ഹാജരായത.് ശിക്ഷാ വിധി കേള്‍ക്കാന്‍ സി.പി.എം നേതാക്കളും പ്രവര്‍ത്തകരും പ്രതികളുടെ ബന്ധുക്കളുമുള്‍പ്പെടെ വന്‍ ജനാവലി കോടതി വളപ്പില്‍ തടിച്ച് കൂടിയിരുന്നു. സുരേഷ്ബാബു വധക്കേസ് ശിക്ഷാ വിധി പ്രഖ്യാപിച്ച കോടതിയില്‍ സി.പി.എം പ്രവര്‍ത്തകനായ യാക്കൂബ് വധക്കേസ് വിചാരണ നടന്ന് വരുന്നതിനാല്‍ കേസിലെ പ്രതികളായ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ളവരും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കോടതിക്കകത്തും പുറത്തും വന്‍ പോലീസ് സന്നാഹവും ഏര്‍പ്പെടുത്തിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: